Sorry, you need to enable JavaScript to visit this website.

ബിഷപ്പിനെതിരായ സമരത്തെ പിന്തുണച്ച  ലൂസി കളപ്പുരയ്ക്ക് നോട്ടീസ്‌

കൊച്ചി- കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന  പരാതിയിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റർ ലൂസി കളപ്പുരയക്ക് സന്ന്യാസിനി സഭയുടെ കാരണം കാണിക്കൽ നോട്ടീസ്.
സഭയുടെ സുപ്പീരിയർ ജനറലായ സിസ്റ്റർ ആൻ ജോസഫ് മുമ്പാകെ നാളെ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് സിസ്റ്റർ ലൂസിക്ക് നൽകിയിരിക്കുന്ന കത്ത്. 
വയനാട് മാനന്തവാടി കാരയ്ക്കാമല എഫ്സി കോൺവെന്റ് വിമലാ ഹോമിലാണ് സിസ്റ്റർ ലൂസി സേവനം ചെയ്യുന്നത്. നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്പീരിയർ ജനറലിന്റെ കത്ത് ആരംഭിക്കുന്നത്. സന്ന്യാസിനി സഭയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കുമെതിരായ ജീവിതമാണ് സിസ്റ്റർ ലൂസി നയിക്കുന്നതെന്നും   ഇതിന്റെ അടിസ്ഥാനത്തിൽ താങ്കൾക്ക് പ്രോവിൻഷ്യൽ സുപ്പീരിയറുടെ പക്കൽനിന്നും നിരവധി താക്കീതുകൾ ലഭിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു. 
സന്ന്യാസിനി സഭാ നേതൃത്വത്തിന്റെ അനുമതിയില്ലാതെ  സ്നേഹ മഴയിൽ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. 50,000 രൂപയാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ വിനിയോഗിച്ചത്. സന്ന്യാസിനി സഭാ നേതൃത്വത്തിന്റെ അനുവാദമില്ലാതെ ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുത്തു. ഇതു കൂടാതെ സ്വന്തം പേരിൽ മാരുതി കാർ വാങ്ങി. ഇതെല്ലാം അച്ചടക്ക ലംഘനമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇതുകൂടാതെ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ  സേവ് ഔർ സിസ്റ്റേഴ്സ് സമര സമിതിയുടെ നേതൃത്വത്തിൽ  നടന്ന സമരത്തിൽ സന്ന്യാസിനി സഭാ സുപ്പീരിയറിന്റെ അനുമതിയില്ലാതെ പങ്കെടുത്തു.  
സുപ്പീരിയറുടെ അനുവാദമില്ലാതെ ഇതര വിഭാഗങ്ങളുടെ പത്രങ്ങളിലും വാരികകളിലും ലേഖനങ്ങൾ എഴുതുകയും അഭിമുഖങ്ങൾ നൽകുകയും ചെയ്തു.  ലേഖനങ്ങൾ,ചാനൽ ചർച്ചകൾ,ഫേസ് ബുക്ക് എന്നിവ  വഴിയും കത്തോലിക്ക സഭാ നേതൃത്വത്തെ ഇകഴ്ത്തിക്കാണിച്ചുവെന്നും  കത്തിൽ വ്യക്തമാക്കുന്നു. 
ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ്  കോൺഗ്രിഷേനെയും  അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. സോഷ്യൽ മീഡിയയിലൂടെ താങ്കൾ നടത്തിയ പ്രകടനം  സന്ന്യാസിനി  എന്ന നിലയിൽ അങ്ങേയറ്റം അപകീർത്തികരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 
നേരിട്ടു കാണണമെന്ന് താൻ നേരത്തെ ഫോണിൽ ആവശ്യപ്പെട്ടിട്ടും താങ്കൾ അതിനു  തയാറായില്ല. തുടർന്ന് താൻ കത്തിലൂടെ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ ജനുവരി ഒമ്പതിന്  രാവിലെ 11 ന് ആലുവ അശോകപുരത്തുള്ള ഫ്രാൻസിസ്‌ക്കൻ സന്ന്യാസിനി സഭയുടെ ജനറലേറ്റിൽ എത്തി തന്നെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്നും വീഴ്ച വരുത്തിയാൽ കനാനോനിക നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും സുപ്പീരിയർ ജനറൽ നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

 

Latest News