Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണം നടപ്പാക്കാനായില്ല; നിരവധി സ്ഥാപനങ്ങള്‍ അടച്ചു

റിയാദ് - സൗദിവൽക്കരണം നടപ്പാക്കുന്നതിന് കഴിയാത്തതിനാൽ ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിന് നിരവധി വ്യാപാര സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം അടച്ചിട്ടു. പര്യാപ്തമായ സാവകാശം അനുവദിച്ചിട്ടും സൗദിവൽക്കരണം നടപ്പാക്കാതെ അടച്ചിട്ടവ ബിനാമി സ്ഥാപനങ്ങളാണെന്ന് നിക്ഷേപകർ പറഞ്ഞു. മുമ്പ് സൗദിവൽക്കരണം നിർബന്ധമാക്കിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇതേപോലെ അടച്ചിരുന്നു. തിങ്കളാഴ്ച മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയ അഞ്ചു മേഖലകൾക്കുമാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് ഏറ്റവും ദീർഘമായ സാവകാശം അനുവദിച്ചതെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ കാർ മെയിന്റനൻസ് കമ്മിറ്റി അംഗം എൻജിനീയർ മുഹമ്മദ് ഉമർ കാബിലി പറഞ്ഞു. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ഒമ്പതു മാസത്തെ സാവകാശം ലഭിച്ചിരുന്നു. പരിശീലനം നൽകി പ്രാപ്തരാക്കി സൗദി യുവാക്കളെ ജോലിക്കു വെക്കുന്നതിന് ഈ സമയം പര്യാപ്തമായിരുന്നു. 


മലയാളം ന്യൂസ് വാർത്തകളും വിശകലനങ്ങളും വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക


സ്‌പെയർ പാർട്‌സ് കടകളിലെ ജോലികൾ സ്വീകരിക്കുന്നതിന് തയാറായി വളരെ കുറച്ച് സൗദി യുവാക്കൾ മാത്രമാണ് മുന്നോട്ടുവരുന്നത്. സ്‌പെയർ പാർട്‌സ് കടകളിലെ ജോലികളിൽ യുവാക്കൾക്ക് പരിശീലനം നൽകുന്ന ഇൻസ്റ്റിറ്റിയൂട്ടുകളും സ്ഥാപനങ്ങളും രാജ്യത്തില്ല. ഇത് ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് പ്രതിബന്ധമാണ്. സ്‌പെയർ പാർട്‌സ് മേഖലയിൽ ജോലി ചെയ്യുന്നതിന് ഇംഗ്ലീഷ്, കംപ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. 
സൗദിവൽക്കരണ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിൽ അസ്വാഭാവികതയില്ല. ജിദ്ദയിൽ മാത്രം 1,500 ലേറെ സ്‌പെയർ പാർട്‌സ് കടകളുണ്ട്. സാധാരണയിൽ സ്‌പെയർ പാർട്‌സ് കടകളിൽ ഉടമയും രണ്ടു ജീവനക്കാരും ജോലി ചെയ്യുന്നുണ്ടാകും. മുഴുവൻ കടകളിലും നിയമിക്കുന്നതിനു മാത്രം പര്യാപ്തമായത്ര സൗദി യുവാക്കളെ കിട്ടാനില്ല. സ്‌പെയർ പാർട്‌സ് ചില്ലറ വ്യാപാര മേഖലയിലെ ജോലി സൗദി യുവാക്കളെ സംബന്ധിച്ചേടത്തോളം ആകർഷകമാണ്. പ്രതിമാസം നാലായിരം റിയാലിൽ കൂടുതൽ വേതനവും നിശ്ചിത ടാർഗറ്റ് തികക്കുന്നവർക്ക് കമ്മീഷനും ലഭിക്കുമെന്ന് എൻജിനീയർ മുഹമ്മദ് ഉമർ കാബിലി പറഞ്ഞു. 


സൗദിവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ ബിനാമി സ്ഥാപനങ്ങൾക്ക് പ്രവർത്തനം തുടരുക ദുഷ്‌കരമാണെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ കെട്ടിട നിർമാണ വ്യാപാര കമ്മിറ്റി വൈസ് പ്രസിഡന്റ് മാഹിർ അൽഹർബി പറഞ്ഞു. കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന മേഖലയിൽ പുതുതായി പ്രവേശിക്കുന്നവർക്ക് നല്ല ക്ഷമ ആവശ്യമാണ്. മൂവായിരം റിയാൽ മുതൽ നാലായിരം റിയാൽ വരെ വേതനത്തിന് ഈ മേഖലയിലെ ജോലികൾ സ്വീകരിച്ച ചില സൗദി യുവാക്കൾ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഉന്നത പദവികളിൽ എത്തി ഇരുപതിനായിരം റിയാൽ വരെ വേതനം പറ്റുന്നുണ്ടെന്ന് മാഹിർ അൽഹർബി പറഞ്ഞു. 
ജിദ്ദയിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പകുതിയിലേറെയും തിങ്കളാഴ്ച അടച്ചിട്ടതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന മംദൂഹ് അൽമുതൈരി പറഞ്ഞു. ഉയർന്ന വേതനവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് സൗദി യുവാക്കളെ ആകർഷിക്കുന്നതിന് സ്ഥാപന ഉടമകൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. 
പുതുതായി അഞ്ചു മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നതുവഴി ചുരുങ്ങിയത് ഇരുപതിനായിരം സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതിലേറെ വിദേശികൾക്ക് ഈ മേഖലയിൽ തൊഴിൽ നഷ്ടപ്പെടും.  
പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം 2018 ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. 2018 സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളിലായി ഇത് നടപ്പാക്കുന്നതിന് തുടങ്ങി. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതലും വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ 2018 നവംബർ ഒമ്പതു മുതലും സൗദിവൽക്കരണം നിർബന്ധമാക്കിയിരുന്നു. 

Latest News