ദ ആക്‌സിഡന്റെല്‍ പ്രൈം മിനിസ്റ്റര്‍ സിനിമക്കെതിരെ പൊതുതാല്‍പര്യ ഹരജി

ന്യുദല്‍ഹി- ദ ആക്‌സിഡന്റെല്‍ പ്രൈം മിനിസ്റ്റര്‍ സിനിമക്കെതിരെ വീണ്ടും പരാതി. ദല്‍ഹി ഹൈക്കോടതിയിലാണ് ഫേഷന്‍ ഡിസൈനറായ പൂജ മഹാജന്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്. സിനിമ പ്രധാനമന്ത്രിയുടെ ഓഫീസിന്‍ പേരിനും പ്രശസ്തിക്കും ക്ഷതം വരുത്തിയെന്നാണ് ഹരജിയിലെ ആരോപണം.

 സിനിമ പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനും മുമ്പ് മന്‍മോഹന്‍ സിംഗില്‍ നിന്ന് അനുവാദം വാങ്ങിയില്ല എന്ന് ഹരജി ആരോപിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിനോടും കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനോടും ഗൂഗിള്‍, യുട്യൂബ് എന്നിവയോടും സിനിമയുടെ പ്രദര്‍ശനവും പ്രചരണവും നിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹരജി ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ, ചിത്രവുമായി  ബന്ധപ്പെട്ട്‌ നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി എന്നാരോപിച്ച് സുധീര്‍ കുമാര്‍ ഓജ എന്ന വക്കീല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. മുസാഫര്‍പൂറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്യപ്പെട്ടത്.

ജനുവരി 11ന് റിലീസാകാനിരിക്കെയാണ് ചിത്രം വീണ്ടും വിവാദമാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹത്തിലെ പരമോന്നത പദവിയിലിരിക്കുന്ന പലരേയും മോശമായി ചിത്രീകരിക്കുന്ന തരത്തിലാണെന്ന് പരാതിയില്‍ പറയുന്നു.

 ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ്, ബിഎസ്പി അധ്യക്ഷ മായാവതി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്, മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി എന്നീ രാഷ്ട്രീയ നേതാക്കളെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതി ആരോപിച്ചിരുന്നു.  രാഷ്ട്രീയ സ്പര്‍ധ വളര്‍ത്തി സമാധാന  അന്തരീക്ഷം തകര്‍ക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നു കാണിച്ച് ഐ പി സി 295, 153, 153 എ, 293, 504, 120 ബി എന്നീ സെക്ഷനുകള്‍ പ്രകാരമാണ് പരാതികള്‍ ഉന്നയിച്ചത്.  

Latest News