കോട്ടയം- സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥക്ക് കളമൊരുക്കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ ആരോപിച്ചു. ആചാരലംഘനത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്തതാണ് സംഘര്‍ഷങ്ങളുടെ അടിസ്ഥാനം. ആചാര ലംഘനത്തെ തുടര്‍ന്ന് ആചാരക്രമം അനുസരിച്ചുള്ള ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. തന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുളള നീക്കത്തെ ചെറുക്കും. തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരനല്ല.
സംസ്ഥാന സര്‍ക്കാര്‍ അമിത താല്‍പര്യമെടുത്ത് തീവ്ര ഇടതു സംഘടനയില്‍പ്പെട്ടവരെ ശബരിമലയിലേക്ക് ഒളിച്ചു കടത്തിയതാണ് സംസ്ഥാനത്ത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് ആചാരലംഘകര്‍ക്ക് സര്‍ക്കാര്‍ സഹായവും സംരക്ഷണവും നല്‍കിയത്. ഹര്‍ത്താലിനെ തടയാനെന്ന പേരില്‍ ക്രമിനലുകളും മതഭീകരവാദികളും ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരും അഴിഞ്ഞാടിയപ്പോള്‍ പോലീസ് നോക്കുകുത്തിയേപ്പോലെ പ്രവര്‍ത്തിച്ചുവെന്നും ഇവര്‍ ആരോപിച്ചു.
ശബരിമലയിലെ ആചാര ലംഘനത്തെ തുടര്‍ന്ന് ആചാരക്രമം പാലിച്ചുള്ള ശുദ്ധിക്രിയകള്‍ നടത്തിയ തന്ത്രിയെ ഒറ്റപ്പെടുത്താന്‍ ഹൈന്ദവ സമൂഹം അനുവദിക്കില്ല. മുഖ്യമന്ത്രിയും ചില മന്ത്രിമാരും സംഘടനാ നേതാക്കളും തന്ത്രിയെ ഭീഷണിപ്പെടുത്താനും അവഹേളിക്കാനും ശ്രമിക്കുകയാണ്. ആചാര ലംഘനത്തിനെതിരെ നിലപാട് സ്വീകരിച്ച മുഴുവന്‍ സംഘടനകളുടെയും പിന്തുണ തന്ത്രിക്കുണ്ടെന്നും ഇവര്‍ പറഞ്ഞു.
നവോത്ഥാനത്തിന് എന്ന പേരില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ആചാരലംഘനത്തിന് മറ തീര്‍ക്കുകയായിരുന്നു. നവോത്ഥാന സംരക്ഷണ സമിതിയില്‍ അംഗങ്ങളായ സമുദായങ്ങളെ മുഖ്യമന്ത്രി ചതിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠന്‍ മാസ്റ്റര്‍, ബ്രാഹ്്മിന്‍ ഫെഡറേഷന്‍ ദേശീയ സെക്രട്ടറി മണി എസ്, കെ.വി.എസ് വൈസ് പ്രസിഡന്റ് മുരളി തകിടിയേല്‍, സുബ്രഹമണ്യന്‍ മൂസത്, വി.എന്‍ അനില്‍കുമാര്‍, എം.സത്യശീലന്‍, കെ വി ശിവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.