ഹർത്താൽ വിരുദ്ധർക്ക് എത്ര ലൈക്ക്?

വിരുദ്ധർ എന്ന വാക്ക് മലയാള ഭാഷയിൽ അങ്ങേയറ്റം നെഗറ്റീവായി മാറിയിരിക്കുന്നു. വിരുദ്ധത നല്ല കാര്യമല്ലെന്ന നിലയിൽ വ്യാഖ്യാനിക്കാൻ മലയാളി ശീലിച്ചിരിക്കുന്നു. വികസന വിരുദ്ധർ, സർക്കാർ വിരുദ്ധർ, വർഗീയ വിരുദ്ധർ, കമ്യൂണിസ്റ്റ് വിരുദ്ധർ, സാമൂഹ്യവിരുദ്ധർ, ലീഗ് വിരുദ്ധർ തുടങ്ങി ഇന്ന് പ്രചാരത്തിലിരിക്കുന്ന പല വാക്കുകളും വിരുദ്ധതയെ പ്രതിലോമപരമായാണ് സമീപിക്കുന്നത്. ഒരു നല്ല കാര്യത്തോടൊപ്പം ഒരിക്കലും വിരുദ്ധത ഇന്ന് കൂട്ടിവായിക്കപ്പെടുന്നില്ല. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർക്കെതിരായ വിരുദ്ധത ഇന്ത്യക്കാരെ സംബന്ധിച്ച് നല്ല അർഥം നൽകുന്നതായിരുന്നു. പിൽക്കാലത്തൊന്നും വിരുദ്ധതതയും വിരുദ്ധരും സമൂഹത്തിന് മുന്നിൽ നല്ലതായിട്ടില്ല. കേരളത്തിൽ ഏറെ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഹർത്താലിനെതിരെ ഒരു വിരുദ്ധ ശബ്ദം പുറപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. ഈ ഹർത്താൽ വിരുദ്ധരെ കേരളം ഏത് രീതിയിൽ നോക്കിക്കാണുമെന്നാണ് വിലയിരുത്തേണ്ടത്.
രാഷ്ട്രീയ രംഗത്തും കേരള സമൂഹത്തിൽ പൊതുവെയും പുതിയൊരു സംസ്‌കാരം വളർത്തിയെടുക്കാനുള്ള ചുവടുവെപ്പാണ് മലബാറിലെ വ്യാപാരി സമൂഹം മുന്നോട്ടു വെച്ചത്. ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിനെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ എത്രമാത്രം സത്യസന്ധതയോടെ സമീപിക്കുമെന്നാണ് ഇനി അറിയേണ്ട്. അങ്ങേയറ്റം രാഷ്ട്രീയാന്ധത ബാധിച്ച കേരളത്തിൽ രാഷ്ട്രീയക്കാരുടെ നിലപാടുകൾ തന്നെയാകും ഹർത്താൽ വിരുദ്ധ നീക്കത്തെ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും.
ജനകീയാവകാശങ്ങൾ നേടിയെടുക്കുന്നതിന് സമാധാനപരമായ മാർഗത്തിലൂടെ നടത്തുന്ന സമര മുറ എന്ന നിലയിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണ് ഹർത്താൽ എന്ന ആശയത്തിന് ഇന്ത്യയിൽ പ്രചാരം നൽകിയത്. അദ്ദേഹത്തിന്റെ കാലശേഷം ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെല്ലാം കൈവിട്ടപ്പോഴും കേരളം അദ്ദേഹത്തിന്റെ ആശയത്തെ വിടാതെ പിന്തുടരുന്നുണ്ട്. ഗാന്ധിജിയുടെ ആശയത്തിൽ വെള്ളം ചേർത്താണ് മലയാളികൾ അത് നടപ്പാക്കിയതെന്ന് മാത്രം. സമാധാനപരമായ എന്ന ഭാഗം മാറ്റി അക്രമപരമായ എന്നാക്കിയാണ് ഹർത്താലിനെ മലയാളികൾ നടപ്പാക്കിയത്. നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന ബന്ദ് കോടതി നിരോധിച്ചപ്പോൾ ഹർത്താലിനെ ബന്ദാക്കി മാറ്റി ആഘോഷിക്കുന്നതാണ് ഇക്കാലത്തെ മലയാളി സംസ്‌കാരം. 
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിലും കേരളം കടന്നു പോയ പ്രളയ ദുരന്തത്തിലും വ്യാപാര മേഖല തകർന്നടിഞ്ഞു കിടന്നപ്പോഴാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിനെതിരെ പ്രതികരിച്ചു തുടങ്ങിയത്. 2019 പുതുവർഷം പിറന്നു വീണതു തന്നെ ഹർത്താലുകളിലേക്കാണ്. ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ പേരിൽ ബി.ജെ.പിയും ആർ.എസ്.എസും നടത്തുന്ന നിഴൽ സമരങ്ങളുടെ പേരിൽ 2018 ന്റെ അവസാന കാലവും ഹർത്താലുകളുടെ പെരുമഴയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് പ്രഖ്യാപിക്കുന്ന ഹർത്താലുകൾ ജനജീവിതത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. ദീർഘയാത്ര നടത്തുന്നവർ വഴിയിൽ കുടുങ്ങുന്നു. ഭക്ഷണം പോലും കിട്ടാതെ നരകിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടർച്ചയായി അടച്ചിടേണ്ടി വരുന്നത് പഠന പ്രക്രിയകളെ ബാധിക്കുന്നു. ആശുപത്രികളിൽ സമയത്ത് എത്താനാകാതെ രോഗികൾ അത്യാസന്ന നിലയിലാകുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഹർത്താലുകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പ്രകടമാണ്.
വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഓരോ ഹർത്താലുകളും ഉണ്ടാക്കുന്നത്. കെട്ടിടങ്ങളുടെ വാടക, ജീവനക്കാരുടെ ശമ്പളം, മറ്റു സ്ഥിരം ചെലവുകൾ എന്നിവ വർധിച്ചുകൊണ്ടിരിക്കുന്നതിനിടെ തുടർച്ചയായി വ്യാപാരം മുടങ്ങുന്നത് ബിസിനസ് രംഗത്ത് കനത്ത തിരിച്ചടിയുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടണമെന്ന ആഗ്രഹത്തോടെയാണ് ഹർത്താലുകൾക്കെതിരെ വ്യാപാരികൾ രംഗത്തെത്തിയത്. ഇതിന് തുടർച്ചയായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സ്‌കൂൾ മാനേജ്‌മെന്റുകളും രംഗത്തെത്തിയിട്ടുണ്ട്. 
വ്യാപാരികളുടെ ഹർത്താൽ വിരുദ്ധ നീക്കം വിജയിക്കാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെയും സർക്കാറിന്റെയും പിന്തുണ അനിവാര്യമാണ്. ഏകോപന സമിതിയുടെ ആവശ്യത്തോട് കേരളത്തിലെ പ്രധാന മുന്നണികൾ ഒറ്റനോട്ടത്തിൽ അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. എങ്കിലും അനാവശ്യമായ ഹർത്താലുകളെ പിന്തുണക്കേണ്ടതില്ലെന്ന നിലപാടാണ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുള്ളത്. ആവശ്യവും അനാവശ്യവും ആരാണ് തീരുമാനിക്കുന്നതെന്ന് ചോദ്യം ഇവിടെ ഉയർന്നു വരുന്നുണ്ട്. ഒരു പാർട്ടിയുടെ ആവശ്യം മറ്റൊന്നിന്റെ അനാവശ്യമാണ്. അതുകൊണ്ടു തന്നെ ഹർത്താൽ വിരുദ്ധ നീക്കത്തിന് പൂർണമായ പിന്തുണ കേരളത്തെ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ലഭിക്കില്ല എന്ന് വ്യക്തമാണ്. മാത്രമല്ല, കഴിഞ്ഞ ദിവസം ബി.ജെ.പി പിന്തുണയോടെ ശബരിമല കർമസമിതി നടത്തിയതും കേരളത്തിലുടനീളം വ്യാപകമായ അക്രമങ്ങൾ നടന്നതുമായ ഹർത്താലിനിടെ കോഴിക്കോട് മിഠായി തെരുവിലെ കടകൾ നശിപ്പിക്കപ്പെട്ടു. ഇടതുപക്ഷം നയിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടെ വ്യാപാരികൾ ഹർത്താൽ ദിനത്തിൽ കടകൾ തുറന്നത്. എന്നാൽ പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരു സംരക്ഷണവും കടകൾക്ക് ലഭിക്കാതായതോടെ അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. കോടികളുടെ നഷ്ടമാണ് ഇതുമൂലം വ്യാപാരികൾക്കുണ്ടായത്.
കേരളത്തിലെ മുന്നണികൾ ഹർത്താൽ വിരുദ്ധ നീക്കത്തിന് പൂർണ പിന്തുണ നൽകില്ലെന്നാണ് അനുമാനിക്കേണ്ടത്.  സംസ്ഥാനത്തെ പ്രധാന മുന്നണികൾക്ക് നേതൃത്വം നൽകുന്ന പാർട്ടികളാണ് ഏറ്റവും കൂടുതൽ ഹർത്താലുകൾ നടത്തുന്നവർ. ഇടതുപക്ഷത്ത് സി.പി.എമ്മാണ് ഹർത്താലിന് ആഹ്വാനം ചെയ്യാറുള്ള പ്രധാനപാർട്ടി. യു.ഡി.എഫിലാകട്ടെ കോൺഗ്രസിന് വേണ്ടിയും ലീഗിനു വേണ്ടിയുമൊക്കെ ഹർത്താലുകൾ നടക്കുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലാണ് അടുത്ത കാലത്ത് ഏറ്റവുമധികം ഹർത്താലുകൾ നടന്നത്. മാത്രമല്ല, രാഷ്ട്രീയ അക്രമങ്ങളുടെ പേരിലാണ് സംസ്ഥാനത്തെ ഹർത്താലുകളിലേറെയും നടക്കുന്നത്. ഈ അക്രമങ്ങളിലെല്ലാം ഉൾപ്പെടുന്നത് പ്രധാന പാർട്ടികളുടെ പ്രവർത്തകരുമാണ്. ഹർത്താലുകളെ ശക്തി തെളിയിക്കാനുള്ള സമര മാർഗമായി മാറ്റിയെടുത്തതും കേരളത്തിലെ പ്രധാന പാർട്ടികളാണ്. ജനങ്ങളെ ഭയപ്പെടുത്തി ഹർത്താൽ വിജയിപ്പിക്കുക എന്ന ശൈലിയിലേക്ക് രാഷ്ട്രീയ പാർട്ടികൾ ഈ സമര രീതിയെ മാറ്റി. കേരളത്തിൽ നടന്ന അരാഷ്ട്രീയ സ്വഭാവമുള്ള വാട്‌സ്ആപ് ഹർത്താലിനോട് സർക്കാർ സ്വീകരിച്ച നിലപാടും ഇവിടെ പ്രസക്തമാണ്. വാട്‌സ് ആപ്പ് ഹർത്താലിന് നേതൃത്വം നൽകിയത് സംഘ്പരിവാർ ബന്ധമുള്ള ചിലരാണ് എന്നതിനാൽ, അത് സമൂഹത്തിൽ വർഗീയമായ ചേരിതിരിവുകൾക്ക് കാരണമാകുമെന്ന രീതിയിൽ വിമർശിക്കപ്പെടേണ്ടതാണ്. 
എന്നാൽ രാഷ്ട്രീയ ബന്ധമില്ലാത്ത ഒരു സമൂഹം സോഷ്യൽ മീഡിയിലൂടെ വളർന്നുവരുന്നതിന്റെ അപകടം കൂടി ആ ഹർത്താലിൽ സർക്കാറും രാഷ്ട്രീയ പാർട്ടികളും കണ്ടിരുന്നു. ഇനിയും അത്തരം കൂട്ടായ്മകൾ, അത് നല്ല ഉദ്ദേശ്യത്തിനായാലും തലപൊക്കരുതെന്ന രീതിയിലുള്ള നിയമ നടപടികളാണ് സർക്കാറും പോലീസും സ്വീകരിച്ചത്. അരാഷ്ട്രീയ വാദത്തെ വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന കേരളത്തിലെ രാഷ്ട്രീയ ശക്തികളുടെ മുന്നറിയിപ്പുകൾ കൂടിയായിരുന്നു ഈ നിയമ നടപടികൾ. 
ഹർത്താലുകളോടുള്ള ജനങ്ങളുടെ നിലപാട് പലപ്പോഴും രാഷ്ട്രീയപാർട്ടികൾക്ക് പ്രചോദനമാണ്. രാഷ്ട്രീയമുള്ളവനും ഇല്ലാത്തവനും ഹർത്താലുകളെ ആഘോഷമാക്കുന്നതാണ് നാം കാണുന്നത്. മലയാളിയുടെ തൊഴിൽ വിരുദ്ധ നിലപാടും മടിയുമെല്ലാം പ്രകടമാക്കുന്നതാണ് ഹർത്താൽ ദിനങ്ങൾ. ഹർത്താലിന്റെ തലേന്ന് കേരളത്തിലെ കോഴിക്കടകളിലും മൽസ്യ വിപണിയിലും മദ്യ വിൽപനശാലകളിലും നടക്കുന്ന വർധിച്ച കച്ചവടം മലയാളി ഹർത്താലിനെ ഏത് രീതിയിലാണ് കാണുന്നതെന്ന് കൂടി തെളിയിക്കുന്നു. ജോലിക്ക് പോകാതെ, പഠിക്കാൻ പോകാതെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഒരു സുവർണാവസരമായാണ് മലയാളികൾ ഹർത്താലിനെ കാണുന്നത്. ഈ നിസ്സംഗതയാണ് രാഷ്ട്രീയ പാർട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. ഹർത്താൽ പ്രഖ്യാപിച്ചാൽ മതി, മലയാളികൾ അത് വിജയിപ്പിച്ചു കൊടുത്തു കൊള്ളും എന്ന ഉറപ്പ് രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. എതിർത്തു പറയുന്നവരെ അക്രമത്തിലൂടെയും ഭീഷണിയിലൂടെയും പിന്തിരിപ്പിക്കുകയെന്ന പ്രതിലോമപരമായ നിലപാടുകളും രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നു.
ഹർത്താലിന്റെ പേരിൽ നശിപ്പിക്കപ്പെടുന്ന പൊതുമുതലിന് ഒരു രാഷ്ട്രീയ പാർട്ടിയും നഷ്ടപരിഹാരം നൽകാറില്ല. നാട് നന്നാക്കാനിറങ്ങുന്ന സർക്കാറുകളും മന്ത്രിമാരുമൊന്നും ഈ നഷ്ടപരിഹാരം ഈടാക്കണമെന്ന് ആത്മാർത്ഥമായി ആവശ്യപ്പെടാറില്ല. അതിനായി നിയമ നിർമാണത്തിന് തയാറാകാറില്ല. പൊതുമുതൽ ഓരോ പൗരന്റെയും നികുതിപ്പണം കൊണ്ടുണ്ടാക്കുന്നതാണ്. അത് ചില പാർട്ടികൾ നടത്തുന്ന അക്രമത്തിൽ നശിപ്പിക്കപ്പെടേണ്ടതല്ല. 
വ്യാപാരികളുടെ ഹർത്താൽ വിരുദ്ധ നിലപാടിനോട് കേരളത്തിലെ പൊതുസമൂഹത്തിന്റെ സമീപനവും ആശാവശമല്ല. ഹർത്താലിൽ വ്യാപാരികൾ കട തുറക്കുകയോ അടക്കുകയോ ചെയ്യട്ടെ എന്ന നിസ്സംഗ നിലപാടാണ് മലയാളികൾക്കുള്ളത്. അത്തരമൊരു നീക്കത്തെ വലിയൊരു സാമൂഹിക മാറ്റമായി കാണാനുള്ള മാനസികാവസ്ഥ ഇനിയും മലയാളികൾ വളർത്തിയെടുത്തിട്ടില്ല. എന്തിനും ഏതിനും ലൈക്കടിക്കുന്ന സോഷ്യൽ മീഡിയയിലും ഹർത്താൽ വിരുദ്ധ നീക്കത്തിന് സംഘടിത പിന്തുണ ഉയർന്നു കാണുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെയും പൊതുസമൂഹത്തിന്റെയും പൂർണ പിന്തുണ ഈ നീക്കത്തിന് ആവശ്യമാണ്. അല്ലെങ്കിൽ വ്യാപാരികൾ സ്വന്തം ഇഷ്ടത്തിന് തുറക്കുന്ന കട ഹർത്താലുകാർ അടിച്ചു പൊളിക്കുകയും അതിന്റെ നഷ്ടം വ്യാപാരി തന്നെ സഹിക്കേണ്ടി വരികയും ചെയ്യും. വ്യാപാര മേഖലയിൽ നിന്ന് ഉയർന്ന ഹർത്താൽ വിരുദ്ധ സന്ദേശത്തിന് ഇതര മേഖലകൾ കൂടി പിന്തുണ നൽകേണ്ടതുണ്ട്. നല്ല കാര്യത്തിന് വേണ്ടിയുള്ള ചിന്തയാണിതെന്ന് കേരള സമൂഹം തിരിച്ചറിയണം.
 

Latest News