ജാതിയിൽ പിന്നോക്കം നിൽക്കുന്ന സംവരണ സമുദായങ്ങൾ കുറേക്കൂടി ചരിത്രപരമായി പിന്നോക്കം തള്ളപ്പെടുന്നു. അധികാരത്തിൽ നിന്നുംപ്രാതിനിധ്യത്തിൽ നിന്നും അരികുവൽക്കരിക്കപ്പെടുന്നു. ഇതാണ് സവർണ
രാഷ്ട്രീയം. അന്ധമായ വർഗരാഷ്ട്രീയ-സാമ്പത്തിക ന്യൂനീകരണ വാദത്തിലൂടെ ഈ സാമൂഹിക അനീതിയെയാണ് സി.പി.എമ്മും കേരള സർക്കാറും പിന്തുണക്കുന്നതെന്ന് പറയാതെ വയ്യ.
ശബരിമലയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുടെ ഭാഗമായി അടുത്തു കാലത്ത് ഇടതുപക്ഷക്കാരിൽ പലരും ഉന്നയിച്ച അവകാശവാദമാണ് വർഗ രാഷ്ട്രീയമിതാ ലിംഗ രാഷ്ട്രീയമായും ദളിത് രാഷ്ട്രീയമായും കൈകോർക്കുന്നു എന്ന കാര്യം.
പുന്നലയെയും വെള്ളാപ്പള്ളിയെയും കൂട്ടുപിടിച്ച് വനിതാ മതിൽ സൃഷ്ടിച്ചതോടെയാണ് ഈ അവകാശവാദം ശക്തമായത്. സംസ്ഥാനത്തെ പല ദളിത് - ഫെമിനിസ്റ്റ് പ്രവർത്തകരും ഇക്കാര്യത്തിൽ സർക്കാറിനു പിന്തുണയും നൽകി.
എന്നാൽ ശബരിമല വിഷയം കുത്തിപ്പൊക്കി സംഘ്പരിവാർ രാഷ്ട്രീയനേട്ടം ഉണ്ടാക്കുമെന്ന ഭീതിയിൽ അതിനെ മറികടക്കാനുളള തന്ത്രം മാത്രമായിരുന്നു അതെന്ന് വിമർശിച്ചവരാണ് ശരിയെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഭരണഘടനാ വിരുദ്ധമായി മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തെ പിന്തുണച്ച് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നിരിക്കുന്നു. വർഗ രാഷ്ട്രീയം ഇവിടെ കോകോർക്കുന്നത് സവർണ രാഷ്ട്രീയവുമായാണ് എന്നതാണ് യാഥാർത്ഥ്യം.
വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കുറഞ്ഞവർക്ക് സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം നൽകാനാണ് കേന്ദ്ര നീക്കം. ഭരണഘടനയുടെ 15, 16 വകുപ്പുകൾ ഭേദഗതി ചെയ്ത് സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് നീക്കം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് പറയുന്നു. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകും. സാധാരണ ബുധനാഴ്ചകളിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിന് പകരം തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം ചേർന്നാണ് സാമ്പത്തിക സംവരണത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പകരം അടുത്ത ദിവസം പാർലമെന്റിൽ ബിൽ അവതരിപ്പിക്കും. ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കമെന്ന് വ്യക്തം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്നായി സാമ്പത്തിക സംവരണം ഉയർത്തിക്കാട്ടുമെന്നുറപ്പ്. രാജ്യസഭായിൽ ബിൽ പാസാകാനിടയില്ലാത്തതിനാൽ അധികാരത്തിൽ വന്നാൽ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന വാഗ്ദാനമായിരിക്കും ബി.ജെ.പി നൽകുക എന്നു കരുതാം. കേന്ദ്ര നീക്കത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സി.പി.എം നേതാക്കൾ സ്വാഗതം ചെയ്തിരിക്കുന്നു. തങ്ങളിതു പണ്ടേ പറഞ്ഞതല്ലേ എന്ന മട്ടിലാണവരുടെ ചോദ്യം. ശരിയാണ്. ആദ്യമായി സാമ്പത്തിക സംവരണത്തിനനുകൂലമായി നിലപാടെടുത്തത് 1957 ൽ മുഖ്യമന്ത്രിയായിരുന്ന ഇ.എം. എസ.് നമ്പൂതിരിപ്പാടായിരുന്നു. പിന്നീടിന്നു വരെ തുറന്നു പറയാൻ ഭയമുണ്ടായിരുന്നെങ്കിലും സി.പി.എമ്മിന്റെ നിലപാട് അതു തന്നെയായിരുന്നു. വർഗ രാഷ്ട്രീയ ചട്ടക്കൂടിനകത്ത് സംവരണം ഉൾക്കൊള്ളിക്കാനാവില്ല എന്നതു തന്നെയായിരുന്നു അവർ നേരിട്ട പ്രതിസന്ധി. അതിനാൽ തന്നെ ഒത്തുതീർപ്പെന്ന രീതിയിൽ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് എന്ന സിദ്ധാന്തവും അവർ മുന്നോട്ടു വെച്ചു. ഇപ്പോഴിതാ അതേ വാചകം തന്നെ സവർണ രാഷ്ട്രീയ വക്താക്കളായ ബി.ജെ.പി സർക്കാറും പറയുന്നു. കേരളത്തിലാകട്ടെ, പുതുതായി ആരംഭിക്കുന്ന കെ.എ.എസിൽ സംവരണത്തെ അട്ടിമറിക്കാനായി നീക്കമെന്നാണ് വാർത്ത. ദേവസ്വം ബോർഡിൽ ഈ സിദ്ധാന്തം നടപ്പാക്കാൻ ശ്രമിക്കുന്നു. സി.പി.എമ്മും തെരഞ്ഞെടുപ്പു വേളയിൽ സാമ്പത്തിക സംവരണ വാഗ്ദാനം മുന്നോട്ടു വെക്കാനിടയുണ്ട്. എന്തായിരിക്കും വെള്ളാപ്പള്ളിയുടെയും പുന്നലയുടെയും മറ്റും നിലപാടെന്നറിയാൻ കാത്തിരിക്കാം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കല്ലേ സംവരണം എന്ന ലളിതമായ യുക്തിയാണ് പലപ്പോഴും പ്രയോഗിക്കപ്പെടുന്നത്. സാമ്പത്തിക നീതിക്കല്ല സാമൂഹ്യ നീതിക്കാണ് സംവരണം എന്നതാണ് ഈ ചോദ്യത്തിലൂടെ അട്ടിമറിക്കപ്പെടുന്നത്. വിലക്കപ്പെട്ട സ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തെ സഹായിക്കൽ മാത്രമാണത്. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യവും ജീവിത സാമൂഹിക ക്രമവും ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭരണഘടനാ അവകാശമാണ് സത്യത്തിൽ സംവരണം. ജാതിയുടെ ശ്രേണീകൃതമായ അധികാര ബന്ധങ്ങളാൽ പുറന്തള്ളപ്പെട്ടുപോയ, ഇപ്പോഴും പുറന്തളളപ്പെടുന്ന വിഭാഗങ്ങൾക്ക് അധികാര-ഭരണ വ്യവസ്ഥിതിയിലും സാമൂഹിക അധികാരങ്ങളെ ഉറപ്പിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലളിലും പ്രാതിനിധ്യം ഉറപ്പിക്കുക എന്നതാണ് സംവരണത്തിന്റെ കാതലായ തത്വം. ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെയും നീതിയുക്തമായ സമൂഹ രൂപീകരണത്തെയുമാണ് സാമ്പത്തിക സംവരണത്തിലൂടെ അട്ടിമറിക്കുന്നത്.
ആർ.എസ്.എസും സംഘപരിവാറും പതിറ്റാണ്ടുകളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് ഭരണഘടന ഭേദഗതി നടത്തി സാമ്പത്തിക സംവരണം നടപ്പിലാക്കണം എന്നത്. ഈ ആവശ്യത്തെയാണ് സി. പി.എമ്മും ഇടതുപക്ഷ സർക്കാറും പിന്തുണക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ചരിത്രപരമായി ഇന്നോളം അധികാരവും സമ്പത്തും പ്രാതിനിധ്യവും അനർഹമായി (ജാതി വ്യവസ്ഥയുടെ ആനുകൂല്യം കൊണ്ട്) കൈവശം വെച്ചവർക്ക് നിലവിൽ തന്നെ അവരുടെ പ്രാതിനിധ്യം ഈ വ്യവസ്ഥയിൽ ശാശ്വതീകരിച്ച് നിലനിൽക്കേ, സാമ്പത്തികാടിസ്ഥാനത്തിലും സംവരണം ഏർപ്പെടുത്തി ഇരട്ടി അധികാരം നൽകുകയാണ്. മാത്രമല്ല, ഇപ്പുറത്ത് ജാതിയിൽ പിന്നോക്കം നിൽക്കുന്ന സംവരണ സമുദായങ്ങൾ കുറേക്കൂടി ചരിത്രപരമായി പിന്നോക്കം തള്ളപ്പെടുന്നു. അധികാരത്തിൽ നിന്നും പ്രാതിനിധ്യത്തിൽ നിന്നും അരികുവൽക്കരിക്കപ്പെടുന്നു. ഇതാണ് സവർണ രാഷ്ട്രീയം. അന്ധമായ വർഗരാഷ്ട്രീയ - സാമ്പത്തിക ന്യൂനീകരണ വാദത്തിലൂടെ ഈ സാമൂഹിക അനീതിയെയാണ് സി.പി.എമ്മും കേരള സർക്കാറും പിന്തുണക്കുന്നതെന്ന് പറയാതെ വയ്യ.






