വിശ്വാസത്തിന്റെ കരുത്തിൽ കേരള മുസ്‌ലിംകൾ

ഇസ്‌ലാമിനോടുള്ള സ്‌നേഹമാണ് ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും അവയിൽ പങ്കെടുക്കുന്നതിനും വിശ്വാസികളെ പ്രേരിപ്പിക്കുന്നത്. മറ്റു താൽപര്യങ്ങളൊന്നും ഇതിനു പിന്നിലില്ല. ഇത്തരത്തിലുള്ള ഒന്നായിരുന്നു മലപ്പുറം ജില്ലയിൽ മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച വൈസനീയം സമ്മേളനം.

'ഖൈറല്ല' എന്ന തലക്കെട്ടോടെ 2011 മധ്യത്തിൽ ഞാൻ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തെ കുറിച്ച് ലേഖനം എഴുതിയിരുന്നു. അറബ് വ്യാപാരികൾ പുരാതന കാലത്ത് കേരളത്തെ വിളിച്ച ഖൈറല്ല' എന്ന അറബി വാക്കിൽ നിന്നാണ് കേരള എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. മലനിരകളുടെ നാട് എന്ന് അർഥം വരുന്ന മലബാർ എന്ന പേരിലും ഉത്തര കേരളം അറിയപ്പെടുന്നുണ്ട്. 
കേരളത്തിൽ ഇസ്‌ലാമിന്റെയും അറബി ഭാഷയുടെയും ചരിത്രം മഹത്തരമാണ്. കേരള മുസ്‌ലിംകൾ ഇസ്‌ലാമിനും അറബി ഭാഷക്കും നൽകിയ സംഭാവനകൾ ചെറുതല്ല. ദക്ഷിണേഷ്യയിലെ മറ്റേതൊരു പ്രദേശത്തേക്കാളും മുമ്പായി കേരളത്തിൽ ഇസ്‌ലാമിന്റെ പ്രകാശം എത്തിയിട്ടുണ്ട്. ഇന്നും അറബി ഭാഷ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും കേരള സമൂഹം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇസ്‌ലാമിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നിരവധി പണ്ഡിതർക്കും സാഹിത്യകാരന്മാർക്കും കേരളം ജീവൻ നൽകിയിട്ടുണ്ട്. മതപഠനം, അറബി ഭാഷാ പഠനം എന്നീ മേഖലകളിൽ അറബേതര രാജ്യങ്ങൾക്കുള്ള ഏറ്റവും മികച്ച മാതൃകയാണ് ഇന്ത്യയിലെ തെക്കേ അറ്റത്തു കിടക്കുന്ന കൊച്ചു സംസ്ഥാനം. മതപഠനത്തിനും അറബി ഭാഷാ പഠനത്തിനും കേരളത്തിലെ മുസ്‌ലിംകൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. വ്യത്യസ്ത മതവിഭാഗക്കാർ സഹിഷ്ണുതയോടെയും സഹവർത്തിത്വത്തോടെയും കഴിയുന്നതും പ്രകൃതി മനോഹരമായ കേരളത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകതയാണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയിൽ 26 ശതമാനം മുസ്‌ലിംകളാണ്. ക്രിസ്ത്യാനികൾ 19 ശതമാനം വരും. അവശേഷിക്കുന്നവർ ഹിന്ദുക്കളാണ്. കേരളത്തിലെ ആകെ ജനസംഖ്യ മൂന്നര കോടിയാണ്. 
കേരളത്തിന്റെ നാനാഭാഗങ്ങളിൽ എമ്പാടും മുസ്‌ലിം സമ്മേളനങ്ങൾ നടക്കുന്നു. ഇത്തരം സമ്മേളനങ്ങളിലേക്ക് കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ആളുകൾ ഒഴുകിയെത്തുന്നു. പല സമ്മേളനങ്ങളിലും ജനലക്ഷങ്ങൾ പങ്കെടുക്കുന്നു. ഇസ്‌ലാമിനോടുള്ള സ്‌നേഹമാണ് ഇത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും അവയിൽ പങ്കെടുക്കുന്നതിനും വിശ്വാസികളെ പ്രേരിപ്പിക്കുന്നത്. മറ്റു താൽപര്യങ്ങളൊന്നും ഇതിനു പിന്നിലില്ല. ഇത്തരത്തിലുള്ള ഒരു സമ്മേളനമായിരുന്നു മലപ്പുറം ജില്ലയിൽ മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച വൈസനീയം സമ്മേളനം. മഅ്ദിൻ അക്കാദമി സ്ഥാപിതമായതിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ലോക ഇസ്‌ലാമിക് സമാധാന സമ്മേളനം എന്ന പേരിലാണ് വൈസനീയം സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ സംഘാടന മികവ് അഭിനന്ദനാർഹമാണ്. 
മത വിദ്യാഭ്യാസത്തെയും ആധുനിക വിദ്യാഭ്യാസത്തെയും സമന്വയിപ്പിക്കുന്നതിനും മറ്റു നിരവധി നേട്ടങ്ങൾ കൈവരിക്കുന്നതിനും മഅ്ദിൻ അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സ്ഥാപന നടത്തിപ്പുകാർ വലിയ ശ്രദ്ധ നൽകുന്നു. ഇതുവഴി കാരന്തൂർ മർകസ്സുസ്സഖാഫത്തുസ്സുന്നിയ്യ, ജാമിഅ നൂരിയ്യ, ഇഹ്‌യാഉസ്സുന്ന കോളേജ്, ജാമിഅ സഅദിയ്യ പോലുള്ള കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഉന്നത സ്ഥാനം കൈവരിക്കാൻ മഅ്ദിൻ അക്കാദമിക്ക് സാധിച്ചിട്ടുണ്ട്. സ്ഥാപകനായ ഇബ്രാഹിം ഖലീലുൽബുഖാരി തങ്ങളുടെ നേതൃത്വം സ്ഥാപനത്തിന്റെ വേഗത്തിലുള്ള വളർച്ചക്ക് സഹായകമായി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് കാരന്തൂർ മർകസ്സുസ്സഖാഫത്തുസ്സുന്നിയ്യ സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകുന്നത്. 
ഇത്തരം കോളേജുകളിൽ നിന്ന് പഠിച്ച് പുറത്തിറങ്ങുന്നവർ തങ്ങൾ പഠിച്ച കോളേജിന്റെ പേരുകളിലാണ് പലപ്പോഴും അറിയപ്പെടുന്നത്. ഇഹ്‌യാഉസ്സുന്ന കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്നവർ അഹ്‌സനി എന്ന പേരിലും കാരന്തൂർ മർകസ്സുസ്സഖാഫത്തുസ്സുന്നിയ്യയിൽ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവർ സഖാഫി എന്ന പേരിലും മറ്റും അറിയപ്പെടുന്നു. ഇതേപോലെ മറ്റു മുസ്‌ലിം സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവരും തങ്ങളുടെ സ്ഥാപനങ്ങളുടെ പേരുകൾ സൂചിപ്പിക്കുന്ന നാമാക്ഷരം സ്വന്തം പേരിനൊപ്പം ചേർക്കുന്നു. 
സാംസ്‌കാരിക കേരളം എന്ന പേരിൽ അറിയപ്പെടുന്ന സംസ്ഥാനത്തെ മുസ്‌ലിംകൾക്ക് ഏറെ പ്രത്യേകതകളുണ്ട്. തീവ്രവാദങ്ങളിൽ നിന്നും മാർഗഭ്രംശം സംഭവിച്ച ആശയങ്ങളിൽ നിന്നും കേരള മുസ്‌ലിംകളിൽ നല്ലൊരു ശതമാനവും വിട്ടുനിൽക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ആശയപരവും സൈദ്ധാന്തികവുമായ തർക്കവിതർക്കങ്ങൾക്കുപരി, ശിക്ഷണത്തിനും വിദ്യാഭ്യാസത്തിനുമാണ് കേരള മുസ്‌ലിംകൾ മുൻഗണന നൽകുന്നത്. പഴയകാല പണ്ഡിതരോടും നേതാക്കളോടും കാത്തുസൂക്ഷിക്കുന്ന ആദരവും ബഹുമാനവും കേരള മുസ്‌ലിംകളുടെ പ്രത്യേകതയാണ്. 
പൊതുവിൽ കേരള മുസ്‌ലിംകൾക്ക് സംസ്ഥാനത്ത് സൽപേരാണുള്ളത്. ഓജസ്സും ഉദാരതയും പരസഹായ അഭിവാഞ്ഛയും മാന്യമായ വേഷവിധാനവും സംസാരവും സഹവർത്തിത്വവും കേരളത്തിലെ മുസ്‌ലിംകളെ വേറിട്ടവരാക്കി മാറ്റുന്നു. 

(അൽവതൻ ദിനപത്രത്തിലെ കോളമിസ്റ്റാണ് ലേഖകൻ)
 

Latest News