മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്‍ ലോക്‌സഭ പാസാക്കി

ന്യൂദല്‍ഹി- പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാനുള്ള നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോകസഭയില്‍ പാസാക്കി. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ ബില്‍ പാസായത്. ഈ ബില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മൗലികഘടനയ്‌ക്കെതിരാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പൗരത്വത്തേയും മതത്തേയും കൂട്ടിക്കലര്‍ത്തുന്നതാണ് ഈ ബില്ലെന്നും ഇവ രണ്ടും നിഷ്പക്ഷമായി നിലനില്‍ക്കേണ്ടതാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. 

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനം കാരണം 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാര്‍സി മത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിന് അവസരമൊരുക്കുന്നതാണ് ചൊവ്വാഴ്ച പാസാക്കപ്പെട്ട പൗരത്വ ബില്‍, 2016. നിലവില്‍ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള അടിസ്ഥാനമാക്കുന്ന 1955ലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുതാണ് പൗരത്വ ബില്‍.  ഈ ബില്‍, 1971-നു മുമ്പ് ബംഗ്ലദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ ഹിന്ദു കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ അവസരമൊരുക്കന്നതാണെന്നും ഇത് 1985-ലെ അസം കരാറിന്റെ ലംഘനമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. ആദിവാസി സമുദായങ്ങളും വിവിധ വംശങ്ങളും പുറത്തു നിന്നുള്ളവരെ അടുപ്പിക്കാത്ത വടക്കു കിഴക്കന്‍ മേഖലയില്‍ അനധികൃത കുടിയേറ്റക്കാര്‍ കാലങ്ങളായി വൈകാരികമായി വിഷയമാണ്. ഈ തര്‍ക്കത്തെ ചൊല്ലി അസമില്‍ ബിജെപിയുമായുള്ള സഖ്യം അസം ഗണ പരിഷത്ത് കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ ഈ ബില്ല് അസമിനെ മാത്രം ബാധിക്കുന്നതല്ല, ഇന്ത്യയില്‍ ഒട്ടാകെ ബാധകമാണെന്ന്. ഇത് വടക്കു കിഴക്കന്‍ മേഖലയുടേയും അസമിന്റേയും താല്‍പര്യം കണക്കിലെടുത്താണ്'- ലോക്‌സഭയില്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.
 

Latest News