ന്യൂദല്‍ഹി- രണ്ടു പ്രമുഖരുടെ വിഡ്ഢിത്ത പ്രസംഗങ്ങള്‍ മൂലം ജലന്തറില്‍ നടന്ന 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് വ്യാപകമായി പരിഹസിക്കപ്പെട്ട പശ്ചാത്തലത്തില്‍ പുതിയ നടപടികളുമായി സംഘാടകര്‍. ഇനി നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസുകളില്‍ അശാസ്ത്രീയ കെട്ടുകഥകള്‍ പ്രചരിപ്പിക്കപ്പെടാതിരിക്കാന്‍ പ്രഭാഷണങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കാനും പ്രസംഗിക്കുന്നവരുടെ തെരഞ്ഞെടുപ്പു രീതിയില്‍ മാറ്റം വരുത്താനുമാണ് തീരുമാനം. ഇതുസംബന്ധിച്ച നയം മാറ്റാന്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രഭാഷണം നടത്തുന്ന ശാസ്ത്രജ്ഞരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ കര്‍ശനമാക്കുകയും അവരുടെ പ്രഭാഷണങ്ങളുടെ ഉള്ളടക്കം മുന്‍കൂട്ടി സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്യും.
മഹാഭാരത കഥയിലെ കൗരവര്‍ ടെസറ്റ് ട്യൂബ് ശിശുക്കളായിരുന്നെന്നും വിഷ്ണു ദേവന്റെ പക്കല്‍ മിസൈല്‍ സാങ്കേതിക വിദ്യ ഉണ്ടായിരുന്നെന്നും ഐസക് ന്യൂട്ടനും ഐന്‍സ്റ്റീനും ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്നും അടക്കമുള്ള അടിസ്ഥാന രഹിതമായ വാദങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിനെ വിവാദത്തിലാക്കിയിരുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ ദേശീയ സമ്മേളനമായ സയന്‍സ് കോണ്‍ഗ്രസിന്റെ ജലന്തറില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഇത്. മഹാഭാരത് കാലത്തും മൂലകോശ ഗവേഷണം നടന്നിരുന്നുവെന്ന് പ്രസംഗിച്ചത് ശാസ്ത്രജ്ഞനും ആന്ധ്രാ യുണിവേഴ്‌സിറ്റി വിസിയുമായി ജി നാഗേശ്വര റാവു ആയിരുന്നു.
ഈ പ്രസ്താവനകളെ സയന്‍സ് കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും ഇനി ശരിയായ പ്രഭാഷകര്‍ മാത്രമെ സമ്മേളനത്തില്‍ പങ്കെടുക്കൂവെന്ന് ഉറപ്പു വരുത്തുമെന്നും ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രേമേന്ദു പി. മാത്തൂര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളൊഴിവാക്കാന്‍ പുതിയ നയം ഉണ്ടാക്കിയിട്ടുണ്ട്. ഇതു പ്രകാരം പ്രഭാഷകര്‍ ഒരു സംഗ്രഹം ആദ്യം സമര്‍പ്പിക്കുകയും വിഷയത്തില്‍ നിന്ന് തെന്നിമാറി സംസാരിക്കില്ലെന്ന് ഉറപ്പു നല്‍കേണ്ടതുണ്ടെന്നും മാത്തൂര്‍ പറഞ്ഞഉ.






