ബിജെപി നേതാവ് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണപ്പൊതിയില്‍ മദ്യക്കുപ്പികളും

ഹര്‍ദോയ്- ഉത്തര്‍ പ്രദേശിലെ ഹര്‍ദോയില്‍ ഒരു ക്ഷേത്രത്തില്‍ ബിജെപി നേതാവ് നരേഷ് അഗര്‍വാള്‍ പാസി സമുദായക്കാര്‍ക്കു വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്ത ഭക്ഷണപ്പൊതിയില്‍ മദ്യക്കുപ്പികളും. പൊതിയിലുണ്ടായിരുന്ന പൂരി സബ്‌സിക്കൊപ്പം മദ്യക്കുപ്പികള്‍ കണ്ടവര്‍ ഞെട്ടി. ഈയിടെ സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയ നരേഷ് അഗര്‍വാളും മകനും എല്‍എല്‍എയുമായ നിതിന്‍ അഗര്‍വാളുമാണ് ശരവണ്‍ ദേവി ക്ഷേത്രത്തില്‍ സമുദായ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഭക്ഷണപ്പൊതികള്‍ ഗ്രാമത്തലവന്‍മാര്‍ക്ക് കൈമാറുമെന്നും അവര്‍ കൂടെയുള്ളവര്‍ക്ക് അത് വിതരണം ചെയ്യുമെന്നും നരേഷ് അഗര്‍വാള്‍ വിളിച്ചുപറയുന്നതും പരിപാടിയുടെ വിഡിയോ ദൃശ്യങ്ങളിലുണ്ട്. പരിപാടിക്കെത്തിയ കുട്ടികള്‍ക്കും ഈ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.

വിഡിയോ ദൃശ്യങ്ങളും മദ്യക്കുപ്പികളുടെ ചിത്രങ്ങളും പുറത്ത് വന്നതോടെ പരിപാടി വിവാദമായിരിക്കുകയാണ്. ഹര്‍ദോയ് ബിജെപി എംപി അന്‍ശുല്‍ വര്‍മ നരേഷ് അഗര്‍വാളിനെതിരെ പരസ്യമായി രംഗത്തെത്തി. മദ്യം വിതരണം ചെയ്ത സംഭവം പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ പരിപാടി സംഘടിപ്പിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമടക്കം മദ്യ വിതരണം ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അന്‍ശുല്‍ വര്‍മ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

പേനയും നോട്ടുബുക്കുകളും നല്‍കേണ്ട കുട്ടികള്‍ക്കു വരെ മദ്യക്കുപ്പികളാണ് നല്‍കിയതെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വലിയ അളവില്‍ മദ്യം വിതരണം ചെയ്തതിനെതിരെ എക്‌സൈസ് വകുപ്പ് എന്തു കൊണ്ട് നടപടി എടുത്തില്ല? ഈ അബദ്ധം തിരുത്താന്‍ ബിജെപി പുനരാലോചന നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News