റിയാദ്- രണ്ടു വർഷം മുമ്പ് അപകടത്തിൽ പരിക്കേറ്റ് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനോ ഇവിടെ മറവ് ചെയ്യാനോ അനുവദിക്കാതെ ബന്ധുക്കൾ. തമിഴ്‌നാട് തിരുനെൽവേലി നങ്കുനേരി ചർച്ച് സ്ട്രീറ്റിലെ സീലൻ സെബാസ്റ്റ്യൻ ക്രിസ്ത്യൻ നാടാരു(52)ടെ മൃതദേഹമാണ് ബന്ധുക്കളുടെ കാരുണ്യം കാത്ത് ഷുമേസി ആശുപത്രി മോർച്ചറിയിൽ കഴിയുന്നത്. ആവശ്യപ്പെട്ട സർവീസ് മണിയും ശമ്പള കുടിശ്ശികയും മുഴുവൻ അയച്ചു കൊടുത്തിട്ടും അവർ വഴങ്ങുന്നില്ല.
ന്യൂ സനാഇയയിൽ പ്രസ് ജീവനക്കാരനായിരുന്ന സീലൻ 2017 മാർച്ച് 21ന് വീഴ്ചക്കിടെ തലക്ക് പരിക്കേറ്റ് രക്തം വാർന്നാണ് മരിച്ചത്. പോലീസെത്തി മൃതദേഹം ഷുമേസി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. 25 വർഷമായി നാട്ടിൽ പോകാതിരുന്ന സീലന് ഇതിനിടെ വിവാഹം കഴിക്കാനും അവസരം ലഭിച്ചിരുന്നില്ല. അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.
മരണം സംബന്ധിച്ച് ഖാലിദിയ പോലീസ് ഇന്ത്യൻ എംബസിയെ അറിയിക്കുകയും എംബസി കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ വിഷയത്തിലിടപെടാൻ അനുവദിക്കുകയും ചെയ്തു. സ്‌പോൺസറുമായി ബന്ധപ്പെട്ട് എല്ലാ നിയമ തടസ്സങ്ങളും പരിഹരിച്ച് സിദ്ദീഖ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടങ്ങി. സഹോദരിയുടെ മകന്റെ ഫോൺ നമ്പറായിരുന്നു സിദ്ദീഖിന് ലഭിച്ചിരുന്നത്. അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ സീലന്റെ സർവീസ് മണിയും ശമ്പള കുടിശ്ശികയും അയച്ചുതന്നാൽ ആവശ്യമായ രേഖകൾ എത്തിച്ചു തരാമെന്നേറ്റു. നാലു ലക്ഷത്തോളം രൂപ ഈയിനത്തിൽ എംബസി മുഖേന അയച്ചു കൊടുത്ത് മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകൾ ആവശ്യപ്പെട്ടപ്പോൾ ആദ്യമൊന്നും മറുപടിയുണ്ടായില്ല. പിന്നീട് മരണ കാരണം അറിയണമെന്നായി. ആശുപത്രിയിൽ നിന്നും പോലീസിൽ നിന്നുമുള്ള രേഖകൾ അയച്ചുകൊടുത്തപ്പോൾ മൃതദേഹം ഇങ്ങോട്ടയക്കേണ്ടതില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ എംബസിയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കൾ വഴിയും പ്രാദേശിക ഭരണകൂടം വഴിയും ബന്ധുക്കളെ ബന്ധപ്പെട്ടു കൊണ്ടിരുന്നു. സീലന്റെ അമ്മക്ക് മകന്റെ മൃതദേഹം കാണണമെന്നാഗ്രഹമുണ്ടെങ്കിലും സഹോദരിപുത്രൻ അതിന് തടസ്സം നിൽക്കുകയാണ്. വിഷയം തമിഴ്‌നാട്ടിലെ കെ.എം.സി.സി പ്രവർത്തകരെ അറിയിച്ചിട്ടുണ്ടെന്നും അവർ അമ്മയെ കണ്ട് വിവരങ്ങൾ ധരിപ്പിക്കുമെന്നും ഇവിടെ മറവ് ചെയ്യാനെങ്കിലും അനുവദിച്ചേക്കുമെന്നും സിദ്ദീഖ് പറഞ്ഞു. മൃതദേഹം നാട്ടിലയക്കുന്നതിന് മൂന്നു പ്രാവശ്യം എക്‌സിറ്റ് അടിച്ചെങ്കിലും രേഖകളെത്താത്തതിനാൽ കാൻസലാക്കേണ്ടിവന്നു. നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് സ്‌പോൺസർ അറിയിച്ചിട്ടുണ്ട്.






