തിരുവനന്തപുരം - ഈ വർഷത്തെ പ്രവാസി ഭാരതീയ ദിവസ് ജനുവരി 21 മുതൽ 23 വരെ ഉത്തർ പ്രദേശിലെ വരാണസിയിൽ നടക്കും. പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ കൂടിച്ചേരൽ ഉത്തർപ്രദേശിന്റെ വിശ്വപ്രസിദ്ധ സാംസ്‌കാരികോൽസവമായ കുംഭമേളയുമായി സമന്വയിപ്പിച്ചാണ് പതിനഞ്ചാമത് പി.ബി.ഡി സംഘടിപ്പിക്കുന്നതെന്നും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുകയാണെന്നും സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രി ഡോ.നീൽകണ്ഠ് തിവാരി പത്രസമ്മേളനത്തിൽ അറിയിച്ചു.
പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരുടെ പങ്ക് എന്നതായിരിക്കും ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസിന്റെ മുഖ്യ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോഡി 22 ന് പി.ബി.ഡി ഉദ്ഘാടനം ചെയ്യും. 23ന് സമാപന സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും.
ജനുവരി 21ന് രാവിലെ യുവ പ്രവാസി ഭാരതീയ ദിവസും തുടർന്ന് ഉത്തർപ്രദേശ് പ്രവാസി ഭാരതീയ ദിവസും നടക്കും. നോർവെ പാർലമെന്റംഗം ഹിമാൻഷു ഗുലാത്തി, ന്യൂസിലാൻഡ് പാർലമെന്റംഗം കൻവാൽജിത് സിംഗ് ബക്ഷി എന്നിവർ വിശിഷ്ടാതിഥികളാകും.
ഉദ്ഘാടന സമ്മേളനത്തിൽ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്‌നൗത്ത മുഖ്യാതിഥിയായിരിക്കും. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രി വി.കെ. സിംഗ്, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. സമാപന ചടങ്ങിൽ പ്രവാസി ഭാരതീയ പുരസ്‌കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്യും. പുരസ്‌കാര നിർണയ സമിതിയിൽ മലയാളി വ്യവസായി എം.എ.യൂസഫലിയും അംഗമാണ്.