ഗുവാഹതി- പൊതു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ബി.ജെ.പിക്ക് ഒരു ഘടക കക്ഷിയെക്കൂടി നഷ്ടപ്പെടുന്നു. അസമിൽ വിവാദമായ പൗരത്വ ബില്ലിനെ ചൊല്ലി അസം ഗണപരിഷത് ബി.ജെ.പി ബന്ധം അവസാനിപ്പിച്ചു. ഇതുകൊണ്ട് സർബാനന്ദ സോനോവാളിന്റെ സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിന് തൽക്കാലം ഭീഷണിയൊന്നുമില്ലെങ്കിലും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായേക്കും.
വിവാദമായ പൗരത്വ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ച ചെയ്യാനിരിക്കെയാണ് എ.ജി.പി വേർപിരിയുന്നതെന്നാണ് സൂചന. സംസ്ഥാനത്ത് 50 ലക്ഷത്തോളം പേരെ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരിക്കെയാണ് ബിൽ ലോക്‌സഭയിലെത്തുന്നത്. പ്രധാനമായും ബംഗ്ലാദേശിൽ നിന്ന് എത്തിയ കുടിയേറ്റക്കാർക്കാണ് പൗരത്വം നൽകാത്തതെന്നാണ് സർക്കാരിന്റെയും ബി.ജെ.പിയുടെയും അസം ഗണപരിഷത്തിന്റെയും വാദം. എന്നാൽ ഇതിൽ ഹിന്ദുക്കൾക്ക് പൗരത്വം നൽകണമെന്ന് ബി.ജെ.പി ആവശ്യപ്പെടുമ്പോൾ ആർക്കും പൗരത്വം നൽകരുതെന്നാണ് എ.ജി.പി നിലപാട്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കുന്ന കാര്യം എ.ജി.പി പ്രസിഡന്റ് അതുൽ ബോറ പ്രഖ്യാപിച്ചത്. ബില്ലിനോടുള്ള അസം ജനതയുടെ എതിർപ്പ് ആഭ്യന്തര മന്ത്രിയെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ചർച്ചക്കു ശേഷം ബോറ പറഞ്ഞു.
അയൽരാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കളായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നവിധം ബില്ലിൽ ഭേദഗതി വരുത്തുന്നതുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നപക്ഷം സഖ്യം വിടുമെന്ന് എ.ജി.പിയുടെ മുതിർന്ന നേതാവും മുൻ അസം മുഖ്യമന്ത്രിയുമായ പ്രഫുല്ല മൊഹന്ത നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
2016ലെ അസംബ്ലി തെരഞ്ഞെടുപ്പിനുമുമ്പാണ് ബി.ജെ.പി-എ.ജി.പി സഖ്യം നിലവിൽ വന്നത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 61ഉം എ.ജി.പിക്ക് 14ഉം സീറ്റ് കിട്ടി. മറ്റൊരു ഘടക കക്ഷിയായ ബോഡോ പീപ്പിൾസ് ഫ്രണ്ടിന് പതിനാലും. 126 അംഗ നിയമസഭയിൽ 87 എം.എൽ.എമാരുള്ള സഖ്യത്തിൽനിന്ന് എ.ജി.പി പോയാലും 73 പേർ അവശേഷിക്കുന്നതിനാൽ സർക്കാരിന് ഭീഷണിയൊന്നുമില്ല.
1955ലെ ദേശീയ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്ന ബിൽ 2016 ലാണ് അവതരിപ്പിക്കപ്പെട്ടത്.
ഇതനുസരിച്ച് അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ മതക്കാർ ഇന്ത്യയിലെത്തി ആറ് വർഷം സ്ഥിരമായി താമസിച്ചിട്ടുണ്ടെങ്കിൽ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ 1971നു ശേഷം ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദുക്കൾക്ക് പൗരത്വം നൽകാൻ മാത്രമാണ് ഈ ഭേദഗതിയെന്നാണ് പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തുന്നത്. ഇത് 1985ലെ അസം കരാറിന് വിരുദ്ധമാണെന്നും ആരോപണമുണ്ട്.