കോഴിക്കോട് - കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കാളീശ്വര മഹാരാജിനെ മാറ്റി. പുതിയ കമ്മീഷണർ സഞ്ജയ് കുമാർ ഗുരുഡിൻ ആണ്. പോലീസ് ആസ്ഥാനത്ത് ഡി.ഐ.ജി ആയി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. സംഘ് പരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ആർ.എസ്. എസുകാർ മിഠായിതെരുവിൽ അഴിഞ്ഞാടാൻ കാരണമായത് കമ്മീഷണറുടെ വീഴ്ചയായി പറയപ്പെട്ടിരുന്നു. കമ്മീഷണർക്കെതിരെ ഒരു പോലീസുകാരൻ തന്നെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശിനെയും മാറ്റി. പകരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുണ്ടായിരുന്ന ഡി.ഐ.ജി (ഇന്റലിജൻസ്) എസ്. സുരേന്ദ്രനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ പി. പ്രകാശിനെ ആംഡ് പോലീസ് ബറ്റാലിയൻ ഡി.ഐ.ജിയായി നിയമിച്ചു.
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഈസ്റ്റേൺ റേഞ്ച് എസ്.പി ജെയിംസ് ജോസഫിനെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ടോമി കെ.എമ്മിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു.