Sorry, you need to enable JavaScript to visit this website.

തൊഴിൽ പരസ്യങ്ങൾ: കമ്പനികൾ നിയമം ലംഘിക്കുന്നു

റിയാദ് - ചില സൗദി കമ്പനികൾ തൊഴിൽ പരസ്യങ്ങളിൽ നിയമങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ദേശീയ മനുഷ്യാവകാശ സംഘടന സെക്രട്ടറി ജനറൽ ഖാലിദ് അൽഫാഖിരി പറ
ഞ്ഞു. ചില തൊഴിലുകളിൽ നിയമിക്കാൻ തേടുന്ന ഉദ്യോഗാർഥികൾക്ക് പ്രത്യേക വ്യവസ്ഥകളും മാനദണ്ഡങ്ങളും ബാധകമാക്കിയാണ് കമ്പനികൾ നിയമം ലംഘിക്കുന്നത്. 
അപേക്ഷകരായ വനിതകൾ മുഖാവരണം ധരിക്കുന്നവർ ആയിരിക്കരുത്, വെളുത്ത നിറക്കാരായിരിക്കണം എന്നിവ പോലുള്ള നിയമ വിരുദ്ധ വ്യവസ്ഥകളാണ് കമ്പനികൾ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നത്. ഇത് രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ഖാലിദ് അൽഫാഖിരി പറഞ്ഞു. 
ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് തൊഴിൽ അവസരങ്ങൾ തേടി അപേക്ഷിക്കുന്ന യുവതികൾ മുഖാവരണം ധരിക്കുന്നവരായിരിക്കരുതെന്നും തൊലി നിറം വെളുപ്പായിരിക്കണമെന്നുമുള്ള വ്യവസ്ഥകൾ വെക്കുന്നത്. മുമ്പ് പരിചയ സമ്പത്തും ഭാഷാ പരിജ്ഞാനവും അടക്കമുള്ള വ്യവസ്ഥകളാണ് കമ്പനികൾ ബാധകമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഹിജാബുമായും ചർമത്തിന്റെ നിറവുമായും ശരീരത്തിന്റെ ഉയരവുമായും ബന്ധപ്പെട്ട വ്യവസ്ഥകൾ കമ്പനികൾ മുന്നോട്ടു വെക്കുന്നതായി വിവർത്തകയായി ജോലി ചെയ്യുന്ന സൗദി യുവതി ത്വർഫ അൽഹീലാൻ പറഞ്ഞു. 
ഇവന്റ് മാനേജ്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടു കമ്പനികളിൽ താൻ ജോലിക്ക് ശ്രമിച്ചിരുന്നെന്ന് സൗദി യുവതി അൻഫാൽ അൽഖഥ്‌റാൻ പറഞ്ഞു. മുഖാവരണം ധരിക്കുന്ന കാരണം പറഞ്ഞ് രണ്ടു കമ്പനികളും തനിക്ക് തൊഴിൽ നിഷേധിച്ചതായി അൻഫാൽ പറഞ്ഞു. തൊഴിൽ അവസരങ്ങളിൽ ഒരുവിധ വിവേചനങ്ങളും പാടില്ലെന്ന് തൊഴിൽ നിയമം അനുശാസിക്കുന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാർക്കിടയിൽ അവകാശ സമത്വം നിയമം ഉറപ്പു വരുത്തുന്നു. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു മേൽ സമ്മർദം ചെലുത്തുന്ന ഒരുവിധ വ്യവസ്ഥകളും പ്രവർത്തനങ്ങളും നിയമം അനുവദിക്കുന്നില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 

Latest News