Sorry, you need to enable JavaScript to visit this website.

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഓഹരി സൂചിക നഷ്ടത്തിൽ

പുതു വർഷാരംഭത്തിൽ വൻ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഓഹരി സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സെൻസെക്‌സ് പ്രതിരോധത്തിനും താങ്ങിനുമിടയിൽ കയറി ഇറങ്ങിയ ശേഷം 381 പോയിൻറ്റും നിഫ്റ്റി സൂചിക 133 പോയിൻറ്റും നഷ്ടത്തിലാണ്.   
മുൻ നിരയിലെ പത്തിൽ ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ പോയവാരം 38,153 കോടി രൂപയുടെ ഇടിവ്. റ്റി സി എസ്, ആർ ഐ എൽ, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഐ റ്റി സി, എച്ച് യു എൽ എന്നിവക്ക് തളർച്ച നേരിട്ടപ്പോൾ എസ് ബി ഐ, ഇൻഫോസീസ്, ക്വട്ടേക്ക് മഹീന്ദ്ര, ഐ സി ഐ സി ഐ ബാങ്ക് എന്നിവയുടെ വിപണി മൂല്യം ഉയർന്നു. 
നിഫ്റ്റി സൂചിക 10,800 ൽ നിന്ന് 10,915 വരെ ഉയർന്നു. ഈ അവസരത്തിൽ ഉടലെടുത്ത വിൽപ്പന തരംഗം നിഫ്റ്റിയെ 10,628 വരെ താഴ്ത്തി. വെളളിയാഴ്ച്ച മാർക്കറ്റ് ക്ലോസിങ് നടക്കുമ്പോൾ നിഫ്റ്റി 10,727 പോയിൻറ്റിലാണ്. 10,540 ൽ സപ്പോർട്ട് നിലനിർത്തി ഹ്രസ്വകാലയളവിൽ 11,342 പോയിൻറ്റിലേക്കാണ് സൂചിക ഇപ്പോൾ ഉറ്റ്‌നോക്കുന്നത്. ഈ വാരം താങ്ങ് 10,59810,469 പോയിൻറ്റിലാണ്. മുന്നേറ്റത്തിന് തുനിഞ്ഞാൽ 10,88511,043 ൽ പ്രതിരോധമുണ്ട്. പ്രതിദിന ചാർട്ടിൽ പാരാബോളിക്ക് എസ് എ ആർ  സെല്ലിങ് മൂഡിലാണ്. അതേ സമയം സൂപ്പർ ട്രെൻറ് ബുള്ളിഷ് സിഗ്‌നൽ നിലനിർത്തി.
വാരത്തിന്റെ തുടക്കത്തിൽ ബോംബെ സെൻസെക്‌സ് 36,200ന് മുകളിൽ ഇടം കണ്ടെത്തിയെങ്കിലും വാരമധ്യം പിന്നിട്ടതോടെ ചാഞ്ചാട്ടം ശക്തമായി. 
35,700 റേഞ്ചിലേയ്ക്ക് തിരിച്ച് വരവ് കാഴ്ച്ചവെച്ച സെൻസെക്‌സ് മാർക്കറ്റ് ക്ലോസിങിൽ 35,695 പോയിൻറ്റിലാണ്. ഡെയ്‌ലി ചാർട്ട് വിലയിരുത്തിയാൽ 35,070 ലെ സപ്പോർട്ട് നിലനിർത്താനായാൽ വരും മാസങ്ങളിൽ സൂചിക 37,600 റേഞ്ചിനെ ലക്ഷ്യമാക്കി നീങ്ങാം. 
കോർപ്പറേറ്റ് മേഖല ഈ വാരം ത്രൈമാസ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ട് തുടങ്ങും. ടിസിഎസ്, ഇൻഫോസിസ്, ഇൻഡസ് ഇൻബാങ്ക്, ബജാജ് തുടങ്ങിയ വമ്പൻമാരുടെ പ്രകടനങ്ങൾ സൂചികയിൽ ചാഞ്ചാട്ടം ഉളവാക്കാം. 
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപ നേരിയ തോതിലുള്ള തിരിച്ചുവരവ് കാഴ്ച്ചവെച്ചു. വാരാരംഭത്തിൽ 69.81 ൽ നിലകൊണ്ട രൂപ 69.51 ലേക്ക് കയറി. രൂപ ഈ വാരം 68.96 70.60 റേഞ്ചിൽ സഞ്ചരിക്കാം.  
യു എസ്, ചൈനീസ് ചർച്ചകൾ പുരോഗമിക്കുമെന്ന സൂചനകൾ ഷാങ്ഹായ്, ഹാൻസെങ് ഓഹരി സൂചികകളിൽ വാരാവസാനം ഉണർവ് ഉളവാക്കി. ഈ വാർത്ത ജാപ്പാനീസ് സൂചികയായ നിക്കിയെ അൽപ്പം തളർത്തുകയും ചെയ്തു. ചൈനയുടെ നീക്കം യുറോപ്യൻ ഓഹരി ഇൻഡക്‌സുകളിലും കുതിപ്പ് സൃഷ്ടിച്ചു. തൊഴിൽ മേഖലയിൽനിന്നുള്ള പുതിയ വിവരങ്ങളും ബീജിങുമായുള്ള ചർച്ചകളും അമേരിക്കൻ മാർക്കറ്റിനെ സജീവമാക്കി. 
  ഒപെക്ക് ജനുവരി മുതൽ ഉൽപാദനം കുറക്കുമെന്ന് നേരത്തെ വ്യക്തമാക്കിയത് എണ്ണ വില ഉയർത്തി. ബാരലിന് 45.04 ഡോളറിൽനിന്ന് എണ്ണ വില 48.23 ലേക്ക് ഉയർന്നു. 50.25 ഡോളറിൽ എണ്ണക്ക് തടസം നേരിടാം. 

 

Latest News