തൊഴില്‍ മേഖലകള്‍ ഓരോന്നായി റോബോട്ടുകള്‍ കൈയടുക്കുകയാണ്. ഫാസ്റ്റ് ഫുഡ് കുക്ക് മുതല്‍ ഹോട്ടലുകളിലെ റൂംബോയ് ആയി വരെ റോബോട്ടുകളെ കാണാം. പോലീസുകാരനായി ആദ്യത്തെ റോബോട്ടിനെ ലോകം സ്വാഗതം ചെയ്തത് ഈയിടെയാണ്.
ദുബായ് പോലീസ് കഴിഞ്ഞ ദിവസം റോബ്‌കോപ് എന്ന പേരില്‍ സ്വന്തം റോബോട്ട് പോലീസുകാരനെ അവതരിപ്പിച്ചു. നാലാമത് ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എക്‌സപോയില്‍ റോബ്‌കോപ് സന്ദര്‍ശകരെ സ്വീകരിച്ചു. ഏതാണ്ട് 70 ഇഞ്ച് ഉയരവും 220 പൗണ്ട് ഭാരവുമുള്ള റോബ്‌കോപ് ടൂറിസ്റ്റുകളുടേയും സന്ദര്‍ശകരുടേയും മനം കവര്‍ന്നു.
അഞ്ചടി അകലെനിന്ന് കൊണ്ടുതന്നെ ഒരാളുടെ ആംഗ്യങ്ങളും ബോഡി ലാംഗ്വേജും തിരിച്ചറിയാന്‍ റോബ്‌കോപ്പിനു സാധിക്കും. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇമോഷന്‍ ഡിറ്റക്ടറാണ് ഇതിനു സഹായിക്കുന്നത്. ഒരാള്‍ സന്തോഷവനാണോ അതോ ദുഃഖിതനോ ക്ഷുഭിതനോ ആണോ എന്നൊക്കെ തിരിച്ചറിയാന്‍ റോബോട്ട് പോലീസിനു കഴിയും. മുഖത്തെ ഭാവങ്ങള്‍ നോക്കി ദുഃഖിതനും ക്ഷുഭിതനമാണെങ്കില്‍ കൂട്ടുകാര്‍ ചെയ്യുന്നതു പോലെ നിങ്ങളെ ഒന്ന് ഉഷാറാക്കാന്‍ റോബ്‌കോപ്പും പരമാവധി ശ്രമിക്കും.കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കൃത്രിമ ബുദ്ധിയും ഇന്റര്‍നെറ്റിലെ മറ്റു സ്മാര്‍ട്ട് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തും. ഫേഷ്യല്‍ റെക്കഗ്്‌നിഷന്‍ സാങ്കേതിക വിദ്യയും ഇതിനു സാഹയകമാകും. സഞ്ചരിക്കേണ്ട സ്ഥലം നിര്‍ണയിച്ച് സ്വയം മുന്നോട്ടുപോകാന്‍ ഇതില്‍ നാവിഗേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളുകളുമായി ആറ് ഭാഷകളില്‍ സംസാരിക്കാന്‍ റോബ്‌കോപ്പിനു കഴിയും. പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. ഹസ്തദാനം ചെയ്യും, വേണമെങ്കില്‍ പട്ടാള സല്യൂട്ട് വരെ നല്‍കും. റോബ്‌കോപ്പിനകത്തുള്ള ടാബ്‌ലറ്റാണ് ആശയവിനിമയത്തനു സഹായിക്കുന്നത്. നഗരം സുരക്ഷിതമാക്കാനും കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പോലീസിനെ സഹായിക്കാനും സന്തോഷം ഉയര്‍ത്താനുമാണ് റോബ്‌കോപ്പിനെ ഉള്‍പ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് പോലീസിലെ സ്മാര്‍ട്ട് ഡിവസൈസ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു.






