Sorry, you need to enable JavaScript to visit this website.

കോൺഗ്രസ്-നിർമല വാക്‌പോര്; സഭ നിർത്തിവെച്ചു, അഞ്ച് പേർക്ക് സസ്‌പെൻഷൻ

ന്യൂദൽഹി- സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്‌റനോട്ടിക്‌സിന് ഒരു ലക്ഷം കോടി രൂപയുടെ കരാർ നൽകിയെന്ന് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ച പ്രതിരോധമന്ത്രി നിർമല സീതാരാമനെതിരെ കോൺഗ്രസ് പാർലമെന്റിൽ അവകാശലംഘന നോട്ടീസ് നൽകി. വ്യാജ അവകാശവാദം ഉന്നയിച്ച മന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് നോട്ടീസ് നൽകിയത്. ഇതിന് മറുപടി പറയായൻ നിർമല സീതാരാമൻ മുതിർന്നെങ്കിൽ സഭ ബഹളത്തിൽ മുങ്ങി. തുടർന്നാണ് സഭ പന്ത്രണ്ടരവരെ നിർത്തിവെക്കുന്നതായി സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചത്. അഞ്ചു അംഗങ്ങളെ കൂടി സ്പീക്കർ ലോക്‌സഭയിൽനിന്ന് സസ്‌പെന്റ് ചെയ്തു. കെ.സി വേണുഗോപാലാണ് അവകാശലംഘത്തിന് നോട്ടീസ് നൽകിയത്. ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. എച്ച്.എ.എലിന് കരാർ നൽകിയെന്ന നിർമല സീതാരാമന്റെ അവകാശവാദത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ രംഗത്തെത്തിയിരുന്നു. ഹിന്ദുസ്ഥാൻ എയ്‌റനോട്ടിക്‌സിന് ഒരു ലക്ഷം കോടിയുടെ കരാർ നൽകിയെന്ന നിർമല സീതാരാമന്റെ പാർലമെന്റ് പ്രസ്താവനക്കെതിരെ രംഗത്തു വന്ന രാഹുൽ, കരാർ പുറത്തു വിടണമെന്നും അല്ലെങ്കിൽ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. 
ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ നിർമല സീതാരാമൻ രാജ്യത്തെ രാഹുൽ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുലിനെ പോലെ ഒരാൾ ഇങ്ങനെ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി.  2014 നും 2018 നും ഇടയിൽ എച്ച്.എ.എല്ലുമായി സർക്കാർ 26,571 കോടി രൂപയുടെ കരാർ ഉണ്ടാക്കിയെന്നും 73,000 കോടിയുടെ കരാറിന്റെ കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും നിർമല വ്യക്തമാക്കി. രാഹുൽ ഗാന്ധി സഭയുടെ നടുത്തളത്തിൽ ഇറങ്ങി മാപ്പു പറയുമോയെന്നും നിർമല ചോദിച്ചു. വെള്ളിയാഴ്ച ലോക്‌സഭയിൽ നടന്ന ചർച്ചയിലാണ് ഒരു ലക്ഷം കോടി രൂപയുടെ കരാർ എച്ച്.എ.എല്ലിന് നൽകിയെന്ന് നിർമല പറഞ്ഞത്. 
അനിൽ അംബാനിയുടെ കമ്പനിക്ക് ലാഭം കിട്ടാനായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കി എന്ന ആരോപണം കോൺഗ്രസ് തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രി മറുപടിയുമായി രംഗത്തെത്തിയത്. വിമാന നിർമാണ പ്രവർത്തനങ്ങളുടെ ചില കരാറുകൾ എച്ച്.എ.എല്ലിനാണ് നൽകിയത്. 
എ.ബി.സി.ഡിയിൽ നിന്നാണ് രാഹുൽ തുടങ്ങേണ്ടത്.  റിപ്പോർട്ടുകൾ മുഴുവൻ വായിച്ചു നോക്കാതെയാണ് സർക്കാറിനെതിരെ രാഹുൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് -നിർമല പറഞ്ഞു.  
പ്രതിരോധ മന്ത്രി കളളം പറയുകയാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. ഒന്നുകിൽ തെളിവുകൾ ഹാജരാക്കുക, അല്ലെങ്കിൽ രാജിവെക്കുക -ഇതായിരുന്നു പ്രതിരോധ മന്ത്രിയോടുളള രാഹുലിന്റെ വെല്ലുവിളി. 
കരാർ വിവാദം തുടങ്ങിയത് റഫാൽ ഇടപാടിൽ ഫ്രഞ്ച് കമ്പനി ദസോൾട്ട് അനിൽ അംബാനിയുടെ റിലയൻസിനെ പങ്കാളിയാക്കിയതോടെയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്.എ.എൽ) ചേർന്ന് വിമാനങ്ങൾ നിർമിക്കാനായിരുന്നു നേരത്തെ യു.പി.എ സർക്കാർ ഫ്രാൻസിലെ ദസോൾട്ട് കമ്പനിയുമായി കരാർ ഒപ്പുവെച്ചത്. ഏകദേശം 54,000 കോടി രൂപ വരുന്ന 10.2 ബില്യൺ ഡോളറിന്റേതായിരുന്നു കരാർ. 2014 മാർച്ചിൽ ദസോൾട്ടും എച്ച്.എ.എല്ലും വർക് ഷെയർ കരാറും ഒപ്പിട്ടിരുന്നു.
എൻ.ഡി.എ അധികാരത്തിലെത്തിയതോടെ പഴയ കരാറിന് പകരം 2016 സെപ്റ്റംബർ 23 ന് 59,000 കോടി രൂപയുടെ പുതിയ കരാർ ഒപ്പിട്ടു. ദിവസങ്ങൾക്കകം ദസോൾട്ട് ഏവിയേഷൻസും റിലയൻസ് എയ്‌റോസ്‌പേസും ചേർന്ന് സംയുക്ത സംരംഭത്തിനു തുടക്കം കുറിച്ചു. എച്ച്.എ.എല്ലിനെ ഒഴിവാക്കിയായിരുന്നു റിലയൻസിനെ കരാറിന്റെ ഭാഗമാക്കിയത് എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. കരാറിൽ അനിൽ അംബാനിയെ ഭാഗമാക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
 

Latest News