കാസര്‍കോട്- റോഡരികില്‍ കണ്ടെത്തിയ ഐസ്‌ക്രീം ബോംബ് ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയച്ചു. അണങ്കൂര്‍ റോഡരികില്‍ നിന്നാണ് സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന പൊതി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പൊതി കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ഐസ്‌ക്രീം ബോളിനുള്ളില്‍ വെടിമരുന്ന് നിറച്ച നിലയിലായിരുന്നു. പൂക്കുറ്റി കത്തിച്ച ശേഷം അതിന്റെ വെടിമരുന്ന് നിറച്ച ശേഷം തള്ളുകയായിരുന്നു. ആളുകളെ ഭയപ്പെടുത്താന്‍ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.
മൂന്നു ദിവസമായി ഈ വസ്തു പ്രദേശത്ത് കണ്ടിരുന്നു. എന്നാല്‍ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ ചിലര്‍ ഇതിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുവാണെന്ന സംശയം ഉയര്‍ന്നത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ എസ് ഐ പി അജിത് കുമാര്‍, അഡീ. എസ് ഐ ബാബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പൊതി കസ്റ്റഡിയില്‍ എടുത്തു. ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. സ്ഫോടക വസ്തു തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതെന്നും പോലീസ് പറഞ്ഞു.






