മാനന്തവാടി- സ്വര്‍ണാഭരണ വ്യാപാരിയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു 25 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. കണ്ണൂര്‍ താവക്കര ഷാലേം വീട്ടില്‍ ഷമേജ് ദേവദാസ് (44), കണ്ണൂര്‍ മാവഞ്ചേരി എച്ചൂര്‍ മേച്ചേരി ശ്രീപുരം വീട്ടില്‍ രഞ്ജിത്ത് (34), കേണിച്ചിറ ചൂതുപാറ അമ്പേശേരിയില്‍ നിധിന്‍ പീയൂസ് (23) എന്നിവരെയാണ് തിരുനെല്ലി എസ്.ഐ. ബിജു ആന്റണിയും സംഘവും അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേസില്‍ നേരത്തേ പിടിയിലായ എറണാകുളം കോതമംഗലം വട്ടപറമ്പില്‍ വി.ആര്‍. രഞ്ജിത്ത് (29), ബാലുശേരി ചമ്മില്‍ ദില്‍ജില്‍ (26), കുന്ദമംഗലം അരുണോലിച്ചാലില്‍ ഷിബിത്ത് (28), തൃശൂര്‍ വരന്തരപ്പള്ളി കരയമ്പാടം മംഗളന്‍ വീട്ടില്‍ എം. വിനീത് രവി (26), വരന്തരപ്പള്ളി പള്ളന്‍ വീട്ടില്‍ ബാബു(42)എന്നിവര്‍ റിമാന്‍ഡിലാണ്. കേസില്‍ വേറെയും പ്രതികള്‍ പിടിയിലാകാനുണ്ട്.
2018 ഡിസംബര്‍ 17 നായിരുന്നു കേസിനു ആസ്പദമായ സംഭവം. ബംഗളൂരുവില്‍ ആഭരണങ്ങള്‍ വിറ്റു മടങ്ങുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയും വടകരയില്‍ താമസക്കാരനുമായ വ്യാപാരിയുടെ സ്വിഫ്റ്റ് കാറാണ് മറ്റു വാഹനങ്ങളിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി തട്ടിയെടുത്ത് പണവും ഫോണുകളും കവര്‍ന്നത്. വ്യാപാരിയുടെ കാര്‍ സംഭവ ദിവസം രാവിലെ മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുന്നാനക്കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷം രൂപയും കണ്ടെടുത്തു. ചില്ലുകള്‍ ഉടയ്ക്കുകയും സീറ്റുകള്‍ കുത്തിക്കീറുകയും ചെയ്ത നിലയിലായിരുന്നു കാര്‍. വ്യാപാരി പിന്നീട് നല്‍കിയ പരാതിയിലാണ് തിരുനെല്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.