തൃശൂർ - പ്രിന്റിംഗ് ആവശ്യത്തിനായി വടക്കാഞ്ചേരിയിലെ ശ്രീഹരി പ്രസിലേക്കു എത്തുന്നവർ ഫോൺ നമ്പർ എഴുതാൻ സ്ഥാപനത്തിനു മുന്നിലുള്ള ബോർഡിൽ നോക്കിയാൽ അന്തം വിട്ടു നിൽക്കും.
ബോർഡിൽ ഫോൺ നമ്പർ എന്നെഴുതിയതിനു ശേഷം എഴുതിയിരിക്കുന്നത് വായിക്കാൻ പാടുപെടും. ഇത് ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നതെന്ന് പുതു തലമുറയ്ക്ക് മനസ്സിലാകില്ല. തമിഴാണോ തെലുങ്കാണോ കന്നടയാണോ എന്ന് സംശയിച്ചു നിൽക്കും.
ഒടുവിൽ പ്രിന്റിംഗ് പ്രസ് ഉടമയോടു തന്നെ നേരിട്ട് ചോദിക്കുമ്പോഴാണ് ഫോൺ നമ്പർ എഴുതിയ ഭാഷ നമ്മുടെ മലയാളമാണെന്ന് ഉത്തരം കിട്ടുക. പഴയ മലയാള അക്കങ്ങളാണ് പ്രസിന്റെ ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വടക്കാഞ്ചേരി വിജി വിഹാറിൽ എൺപത്തിരണ്ടുകാരനായ കുമാരൻ എന്ന കുമാരേട്ടനാണ് ബോർഡിൽ ശ്രേഷ്ഠ ഭാഷയായ മലയാളെത്ത ഇത്തരത്തിൽ ആദരിച്ചിരിക്കുന്നത്. മലയാളികളായിട്ടുപോലും പലർക്കും ഈ പഴയ മലയാള അക്കങ്ങൾ അറിയില്ല. കഴിഞ്ഞ 42 വർഷമായി വടക്കാഞ്ചേരിയിൽ ശ്രീഹരി പ്രിന്റിംഗ് പ്രസ് നടത്തുകയാണ് കുമാരേട്ടൻ. ചെന്നൈ എ.വി.എം സ്റ്റുഡിയോയിൽ പതിനെട്ടു വർഷം പബ്ലിസിറ്റി വിഭാഗത്തിൽ ജീവനക്കാരനായിരുന്നു കുമാരൻ. തമിഴ്‌നാട്ടിലെ കടകളിലും മറ്റും സ്ഥാപിക്കുന്ന ബോർഡുകളിൽ അവരുടെ ഭാഷയിലാണ് കടയുടെ പേരും ഫോൺ നമ്പറും എഴുതുന്നതെന്ന് കുമാരൻ അന്നേ ശ്രദ്ധിച്ചിരുന്നു. എന്നെങ്കിലും നാട്ടിലൊരു സ്ഥാപനം തുടങ്ങുമ്പോൾ ഇതുപോലെ മലയാള ഭാഷയിലും അക്കത്തിലും പേരും ഫോൺ നമ്പറും എഴുതണമെന്ന് അന്നേ മനസ്സിലുറപ്പിച്ചിരുന്നുവെന്ന് കുമാരേട്ടൻ ഓർക്കുന്നു. ഇൻഡോ അറബി അക്കങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ശുദ്ധ മലയാളത്തെ മറന്ന പുതുതലമുറയെ നമ്മുടെ പഴയ അക്കങ്ങൾ ഓർമിപ്പിക്കാൻ കൂടിയാണ് ഇത്തരത്തിൽ എഴുതിയതെന്ന് അദ്ദേഹം പറയുന്നു.
ബോർഡിൽ ഇത്തരത്തിൽ എഴുതുന്നതിന് മുൻപ് പല നോട്ടീസുകളിലും പരസ്യങ്ങളിലും തന്റെ പ്രസിന്റെ പേരും വിശദാംശങ്ങളും അച്ചടിക്കുമ്പോൾ ഫോൺ നമ്പർ മലയാളത്തിൽ നൽകിയിരുന്നു. വായിച്ചെടുക്കാൻ പറ്റാതെ പലരും നേരിട്ടെത്തി കാര്യം തിരക്കി. ഫോൺ നമ്പർ ചോദിക്കുമ്പോൾ പുറത്തെ ബോർഡിലുണ്ടെന്നാണ് കുമാരേട്ടൻ പതിവായി പറയുക. ബോർഡ് വായിച്ച് ചിന്തിച്ച് നിൽക്കുന്നവരോട് ഇത് മലയാളമാണ് എന്ന് കുമാരേട്ടൻ പറയുമ്പോൾ അവരുടെ കണ്ണുകളിൽ വിസ്മയം. ഈ ബോർഡിനു മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നവരേറെ. കുമാരേട്ടനെയും കൂട്ടി സെൽഫിയെടുക്കുന്നവരുമുണ്ട്. ചെറുപ്പക്കാരനായ അധ്യാപകൻ പ്രസിലെത്തി തന്റെ സ്‌കൂളിലെ കുട്ടികൾക്ക് പഴയ മലയാള അക്കങ്ങൾ പറഞ്ഞുകൊടുക്കണമെന്നും അതിന് അക്കങ്ങൾ ഒന്നു മനസ്സിലാക്കിത്തരണമെന്നും പറഞ്ഞത് കുമാരേട്ടൻ സന്തോഷത്തോടെ ഓർക്കുന്നു. തന്റെ ബോർഡെഴുത്തിന് ഗുണമുണ്ടായതിന്റെ സന്തോഷം. മലയാള അക്കങ്ങൾ അറിയുന്ന ഒരാൾ ഫോൺ നമ്പറിലെ ഒരക്കം പിടികിട്ടാതെ ചിന്തിച്ചുനിന്ന കഥ പ്രസിനടുത്തെ ബേക്കറി നടത്തുന്നയാൾ പറഞ്ഞു. 42 വർഷമായി പ്രിന്റിംഗ് രംഗത്തു തുടരുന്ന കുമാരേട്ടനെ കേരള പ്രിന്റിംഗ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി അവാർഡ് നൽകി ആദരിച്ചിട്ടുമുണ്ട്.