റിയാദ് - സൗദിയിലെ കോൺട്രാക്ടിംഗ് കമ്പനികളിലും സ്ഥാപനങ്ങളിലും ഏഴര ലക്ഷത്തോളം വിദേശികൾ ജോലി ചെയ്യുന്നതായി സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റി കണക്ക്. ഈ മേഖലയിൽ സൗദി ജീവനക്കാർ 1,13,599 പേർ മാത്രമാണ്. കോൺട്രാക്ടിംഗ് മേഖലയിൽ വിദേശികളുടെ ആധിപത്യമാണ്. സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റി അംഗത്വമുള്ള 118 വിദേശ കോൺട്രാക്ടർമാരും രാജ്യത്തുണ്ട്.
ഗവൺമെന്റിന്റെ മൂലധന ധനവിനിയോഗവുമായി കോൺട്രാക്ടിംഗ് മേഖലയിലെ ഉണർവ് ബന്ധപ്പെട്ടിരിക്കുന്നതായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ കോൺട്രാക്ടിംഗ് കമ്മിറ്റി പ്രസിഡന്റ് ഖാലിദ് അൽഗാംദി പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ മൂലധന ധനവിനിയോഗത്തിന് 24,600 കോടി റിയാൽ നീക്കിവെച്ചിട്ടുണ്ട്. പദ്ധതികൾ പൂർത്തിയാക്കുന്നതിന് വിദേശ പങ്കാളിത്തം കൂടുതലായി പ്രയോജനപ്പെടുത്തുന്നതിന് തുടങ്ങിയതും ഈ രംഗത്ത് ആഗോള പരിചയസമ്പത്ത് ഉപയോഗപ്പെടുത്തുന്നതിന് ആരംഭിച്ചതും ആണ് വിദേശ കോൺട്രാക്ടർമാരുടെ എണ്ണത്തിലുള്ള വർധനവ് സൂചിപ്പിക്കുന്നത്. നിയോം, അമാലാ, ഖിദ്‌യ പോലുള്ള വൻകിട പദ്ധതികൾ നടപ്പാക്കി തുടങ്ങുന്നതോടെ വിദേശ കോൺട്രാക്ടർമാരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് കരുതുന്നതെന്നും ഖാലിദ് അൽഗാംദി പറഞ്ഞു.
കോൺട്രാക്ടിംഗ് മേഖലയിൽ വിദേശ തൊഴിലാളികളുടെ ആധിപത്യത്തിൽ ആശ്ചര്യമില്ലെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ റിയൽ എസ്റ്റേറ്റ് ഇവാല്യുവേഷൻ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല അൽഅഹ്മരി പറഞ്ഞു.
സാങ്കേതിക, തൊഴിൽ പരിശീലന സ്ഥാപനങ്ങളിൽ നിന്ന് പ്രതിവർഷം 60,000 ഓളം സൗദി യുവാക്കൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. സാങ്കേതിക, തൊഴിൽ പരിശീലന സ്ഥാപനങ്ങളുടെ നടത്തിപ്പിന് ബില്യൺ കണക്കിന് റിയാൽ ഓരോ വർഷവും സർക്കാർ ചെലവഴിക്കുന്നു. മുൻ വർഷങ്ങളിൽ കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ വ്യാജ സൗദിവൽക്കരണം നടപ്പാക്കിയിട്ടുണ്ട്. ഇത്തരം പ്രവണതകൾ ശക്തമായി ചെറുക്കേണ്ടതുണ്ട്. കോൺട്രാക്ടിംഗ് മേഖലയിലെ തൊഴിലുകൾ സ്വീകരിക്കുന്നതിനും ഈ മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും സൗദി യുവാക്കൾക്ക് മുന്നിലുള്ള പ്രതിബന്ധങ്ങൾ ഇല്ലാതാക്കണം.
കോൺട്രാക്ടിംഗ് മേഖലയിൽ എമ്പാടും അവസരങ്ങളുണ്ട്. ഈ മേഖലയിൽ വിജയകരമായി പ്രവർത്തിക്കുന്നതിന് ഏറെ ക്ഷമ ആവശ്യമാണ്. കോൺട്രാകിംഗ് മേഖലയിൽ ഉണർവുണ്ടാക്കുന്നതിന് വലിയ തോതിലുള്ള മാറ്റങ്ങൾ ആവശ്യമാണ്.
കോൺട്രാക്ടിംഗ് മേഖല പൊതുധന വിനിയോഗത്തെ മാത്രം ആശ്രയിക്കുന്ന സാഹചര്യം ഇല്ലാതാക്കണം. സർക്കാർ സഹായം കാത്തിരിക്കുന്നതിനു പകരം കോൺട്രാക്ടിംഗ് മേഖലയിൽ ഉണർവുണ്ടാക്കുന്നതിന് സ്വകാര്യ മേഖല ഫലപ്രദമായ പങ്കാളിത്തം വഹിക്കണമെന്നും അബ്ദുല്ല അൽഅഹ്മരി ആവശ്യപ്പെട്ടു.






