Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ പോളിയോ മരുന്ന് കാമ്പയിന് തുടക്കം

പ്രതിവർഷ പോളിയോ പ്രതിരോധ മരുന്ന് കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ

ജിദ്ദ - പ്രതിവർഷ പോളിയോ പ്രതിരോധ മരുന്ന് കാമ്പയിന് ജിദ്ദയിൽ തുടക്കം. ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ജിദ്ദ ഗവർണറുടെ ഓഫീസിൽ നടന്ന ചടങ്ങിൽ ജിദ്ദ ആരോഗ്യ വകുപ്പ് മേധാവി ഡോ. മിശ്അൽ അൽസയ്യാലിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കും ഗവർണർ പോളിയോ തുള്ളിമരുന്ന് നൽകി. 
ജിദ്ദയിൽ അഞ്ചു വയസിൽ കുറവ് പ്രായമുള്ള 2,38,980 കുട്ടികൾക്ക് കാമ്പയിൻ കാലത്ത് പോളിയോ തുള്ളി മരുന്ന് നൽകും. രണ്ടു ഡോസ് തുള്ളിമരുന്നാണ് കുട്ടികൾക്ക് നൽകുന്നത്. കാമ്പയിൻ വിജയകരമായി നടപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ജിദ്ദ ആരോഗ്യ വകുപ്പ് പൂർത്തിയാക്കി. 
പോളിയോ മരുന്ന് നൽകുന്നതിന് ആരോഗ്യ വകുപ്പ് സംഘങ്ങൾ ഗൃഹസന്ദർശനങ്ങൾ നടത്തും. വൈകീട്ട് മൂന്നു മുതലാണ് ഗൃഹസന്ദർശനങ്ങൾ. ഇതിനു പുറമെ ഹെൽത്ത് സെന്ററുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും മാളുകളിലെയും സ്ഥിരം കേന്ദ്രങ്ങൾ വഴിയും പോളിയോ തുള്ളിമരുന്ന് നൽകും. കാമ്പയിൻ അഞ്ചു ദിവസം നീണ്ടുനിൽക്കും. 
രണ്ടാമത്തെ ഡോസ് മരുന്ന് വിതരണം ജനുവരി 12 ന് ശനിയാഴ്ച ആരംഭിക്കുമെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് മേധാവി ഡോ. മിശ്അൽ അൽസയ്യാലി പറഞ്ഞു. ഇതും അഞ്ചു ദിവസം നീണ്ടുനിൽക്കും. പോളിയോയിൽനിന്ന് സംരക്ഷണം നൽകുന്നതിന് അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകാൻ ജിദ്ദ നിവാസികൾ മുന്നോട്ടുവരണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. 

Latest News