വാഷിംഗ്ടണ്‍- ഗ്വാട്ടിമലയില്‍ ലൈംഗിക രോഗമായ സിഫിലിസിനുള്ള മരുന്ന് പരീക്ഷണം നടത്തിയ ആഗോള മരുന്ന് ഭീമനായ അമേരിക്കന്‍ കമ്പനി ബ്രിസ്റ്റോള്‍ മെയേഴ്‌സ് സ്‌കിബ്ബ് വിചാരണ നേരിടണമെന്ന് യു.എസ് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു.
1940 കളില്‍ ഗ്വാട്ടിമലക്കാരായ ഇരകളുടെ അറിവോ സമ്മതമോ ഇല്ലാതെ മരുന്ന് പരീക്ഷണം നടത്തിയ കേസില്‍ ബ്രിസ്റ്റോളിനു പുറമെ, ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി, റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ എന്നിവയും വിചാരണ നേരിടണം. നൂറുകണക്ക് ഗ്വാട്ടിമലക്കരില്‍ പരീക്ഷണം നടത്തിയതിന് 100 കോടി ഡോളറിന്റെ കേസാണ് കോടതിയിലുള്ളത്.
അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന മരുന്നു പരീക്ഷണത്തിനിരയായ 774 ഗ്വാട്ടിമലക്കാരും ബന്ധുക്കളും 2015 ലാണ് നിയമ പോരാട്ടം ആരംഭിച്ചത്. ലൈംഗിക രോഗത്തിലൂടെ പകരുന്ന സിഫിലിസ് തടയുന്നതിന് പെന്‍സിലിന്‍ ഉപയോഗിക്കാമോ എന്നു കണ്ടെത്താനായിരുന്നു പരീക്ഷണം. 1940 കളിലും 50 കളിലും നടത്തിയ പരീക്ഷണത്തിന് സിഫിലിസ് രോഗത്തിനിരയായവരില്‍നിന്നോ അവരുടെ കുടുംബങ്ങളില്‍നിന്നോ അനുമതി നേടിയിരുന്നില്ലെന്നാണ് ആരോപണം.
വിദേശത്തുനടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യു.എസ് വിദേശ കമ്പനികള്‍ക്കതിരെ രാജ്യത്ത് നിയമ നടപടി പാടില്ലെന്ന വ്യവസ്ഥ ആഭ്യന്തര സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് അമേരിക്കന്‍ സുപ്രീം കോടതി ഉത്തരവുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം യു.എസ് ഡിസ്ട്രിക്ട് ജഡ്ജി തിയോഡര്‍ ചുവാംഗ് തള്ളി. നിയമനടപടി മുന്നോട്ടു കൊണ്ടുപോകുന്നത് വിദേശികളായ പരാതിക്കാര്‍ക്ക് യു.എസ് കോടതികളില്‍ നീതി തേടാന്‍ അവസരമൊരുക്കുമെന്നും സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ വെല്ലസ്ലി കോളേജ് പ്രൊഫസര്‍ ഡോ. സൂസന്‍ റെവര്‍ബൈയാണ് അധാര്‍മികമായ മരുന്നു പരീക്ഷണം പുറത്തുകൊണ്ടുവന്നത്. ലൈംഗിക രോഗ വിദഗ്ധനായ ജോണ്‍ ചാള്‍സ് കട്‌ലര്‍ മരിച്ച ശേഷം ലഭിച്ച രേഖകള്‍ ഗവേഷണത്തിനായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഡോ. സൂസന്റെ ശ്രദ്ധയില്‍ പെട്ടത്. ജോണ്‍ ചാള്‍സാണ് ഗ്വാട്ടിമലയില്‍ നടന്ന പരീക്ഷണത്തിന് നേതൃത്വം നല്‍കിയിരുന്നു. 2003 ലായിരുന്നു ഇദ്ദേഹത്തിന്റെ മരണം. മനരോഗികള്‍, സൈനികര്‍, വേശ്യകള്‍, കുറ്റവാളികള്‍ എന്നിവരെയാണ് ജോണ്‍ ചാള്‍സ് കട്‌ലറും അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ഗവേഷകരും പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്.
ഈ പരീക്ഷണത്തിന്റെ പേരില്‍ 2010 ല്‍ മുന്‍ യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ മാപ്പ് പറഞ്ഞിരുന്നു. തീര്‍ത്തും അസാന്മാര്‍ഗിക നടപടിയെന്നാണ് മരുന്ന് പരീക്ഷണത്തെ ഒബാമയുടെ ഭരണകാലത്ത് വിദേശ കാര്യ മന്ത്രിയായിരുന്ന ഹില്ലരി ക്ലിന്റണ്‍ വിശേഷിപ്പിച്ചിരുന്നത്.
മരുന്ന് കുത്തക കമ്പനിയായ ബ്രിസ്റ്റോള്‍ മെയേഴ്‌സ് ഇപ്പോഴും ഇരകളറിയാതെ മരുന്ന് പരീക്ഷണം നടത്താറുണ്ട്.