ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ കല്‍പിച്ച് മഹാരാഷ്ട്ര മന്ത്രി

മുംബൈ: ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുകയും അത് പകര്‍ത്തുകയും ചെയ്ത വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര മന്ത്രി. വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെയാണ് വിവാദത്തില്‍ കുടുങ്ങിയത്.
 
അമരാവതിയില്‍ നടന്ന ഒരു ചോദ്യോത്തര പരിപാടിക്കിടെ ഉന്നത വിദ്യാഭ്യാസച്ചെലവുകള്‍ വര്‍ദ്ധിച്ചു വരികയാണെന്നും സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമായി നല്‍കുമോ എന്നും ഒരു വിദ്യാര്‍ത്ഥി ചോദിച്ചു. 'വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയില്ലെങ്കില്‍ പണിക്കു പോട്ടെ' എന്നായിരുന്നു മന്ത്രിയുടെ മറുപടി. 

ചോദ്യോത്തര പരിപാടി പകര്‍ത്തുകയായിരുന്ന ഒരു വിദ്യാര്‍ത്ഥിയോട് താവ്‌ഡെ ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും ദൃശ്യങ്ങള്‍ മായ്ച്ചു കളയാന്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിപാടിയില്‍ സന്നിഹിതരായിരുന്ന പൊലീസുകാരോട് വിദ്യാര്‍ത്ഥിയെ പിടിച്ചു കൊണ്ടു പോവാന്‍ പറഞ്ഞുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏതായാലും സംഭവം മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥി-യുവജന വിഭാഗങ്ങള്‍ക്കിടയില്‍ വലിയ വിവാദം തന്നെ സൃഷ്ടിച്ചു. ശിവസേനാ നേതാവ് ആദിത്യ താക്കറെ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെ വിവാദം രാഷ്ട്രീയപ്പാര്‍ട്ടികളും ഏറ്റെടുത്തിട്ടുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമുളള ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഓടിയൊളിക്കുകയാണെന്ന് ആദിത്യ താക്കറെ പറഞ്ഞു. 

സംഭവത്തോട് പ്രതികരിക്കവെ മന്ത്രി ആരോപണങ്ങള്‍ നിഷേധിക്കുകയും പോലീസിനോട് ആരെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറയുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമയത്ത് താന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നുവെന്നും പരിപാടി നല്ലപോലെ മുന്നോട്ടു പോവാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിര്‍ത്താന്‍ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
 

Latest News