ദമാം- അൽകോബാർ കിംഗ്് ഫഹദ് മോർച്ചറിയിലുള്ളത് മലപ്പുറം ആതവനാട് സ്വദേശി മുഹമ്മദ് വാഴക്കാട്ടിലിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരണം. രണ്ട് ദിവസം മുമ്പ്്് അൽകോബാർ കിംഗ് ഫഹദ്്് ആശുപത്രിയിൽ ഇഖാമയിലെ വിവരങ്ങൾ അനുസരിച്ച്്് മലയാളിയുമായി സാമ്യമുള്ള അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
മലപ്പുറം വളാഞ്ചേരി ആതവനാട് തെക്കേകുളമ്പ് സ്വദേശി പരേതനായ വാഴക്കാട്ടിൽ പോക്കർ മകൻ മുഹമ്മദ് (61) 33 വർഷമായി ദമാമിലെ അൽ അൻഹൂർ കമ്പനിയിലെ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. ദഹ്‌റാനിലെ ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ 31ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് സഹപ്രവർത്തകർ അറിയിച്ചു. ആയിഷയാണ് ഭാര്യ. നാല് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ദമാം കെ.എം.സി.സി നേതാക്കൾ രംഗത്തുണ്ട്.