ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളുരുവില്‍ മത്സരിക്കുമെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളുരു- മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രമുഖ നടന്‍ പ്രകാശ് രാജ്. പുതുവര്‍ഷാരംഭ ദിനത്തില്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന രാജ് മത്സരിക്കുന്ന കാര്യം ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. കടുത്ത ഹിന്ദുത്വ, ഫാഷിസറ്റ് വിമര്‍ശനകനായ പ്രകാശ് രാജ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങുന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം മാധ്യമങ്ങളുമായി പങ്കുവയ്ക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ അറിയിച്ചു. ഏപ്രിലിലോ മേയിലോ ആയിരിക്കും ലോക്‌സബാ തെരഞ്ഞെടുപ്പ്.

ട്വീറ്റിനൊപ്പം ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളുടെ ചിത്രവും പ്രകാശ് രാജ് പങ്കുവെച്ചു. ഗാന്ധി നഗര്‍, ചാരാജ്‌പേട്ട, സര്‍വഗ്നനഗര്‍, ശാന്തി നഗര്‍, രാജാജി നഗര്‍, സിവി രാമന്‍ നഗര്‍, ശിവാജിനഗര്‍ മഹാദേവപുര എന്നീ മണ്ഡലങ്ങളാണ് ഈ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 2009 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി നേതാവ് പി സി മോഹനന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായാകും പ്രകാശ് രാജിന്റെ അരങ്ങേറ്റം. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും കമല്‍ ഹാസനും ശേഷം ഒരു വര്‍ഷത്തിനിടെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു മൂന്നാമത്തെ തെന്നിന്ത്യന്‍ നടനാകും പ്രകാശ് രാജ്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിനു ശേഷം അവര്‍ക്കു നീതി തേടിയുള്ള പ്രതിഷേധങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന പ്രകാശ് രാജ് ഈ സംഭവത്തിനു ശേഷം തന്റെ രാഷ്ട്രീയ നിലപാടുകള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ കലാകാരനാണ്. പ്രധാനമന്ത്രി മോഡിയെ വിമര്‍ശിക്കുന്നതിനാല്‍ ബോളിവുഡ് തനിക്ക് അവസരങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Latest News