Sorry, you need to enable JavaScript to visit this website.

പുതിയ നിയമപ്രകാരം വിജയ് മല്യ ആദ്യത്തെ പിടികിട്ടാപ്പുള്ളി; സ്വത്തുക്കള്‍ കണ്ടുകെട്ടാം

മുംബൈ- കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മദ്യ വ്യവസായി വിജയ് മല്യയെ മുംബൈ അഴിമതി വിരുദ്ധ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2018 ലെ ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് നിയമ പ്രകാരമാണു നടപടി. ഈ നിയമം ചുമത്തപ്പെടുന്ന ഇന്ത്യയിലെ ആദ്യ വ്യവസായിയാണ് വിജയ് മല്യ. പ്രത്യേക കോടതിയാണ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇതോടെ സര്‍ക്കാരിന് സാധിക്കും.
വിജയ് മല്യയെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ അപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. കഴിഞ്ഞ ജൂലൈയിലാണ് ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഹരജി നല്‍കിയിരുന്നത്. 12,500 കോടി വരുന്ന മല്യയുടെ ആസ്തി ഉടന്‍ കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹരജിയില്‍ വാദം കേള്‍ക്കുന്നത് സ്റ്റേ ചെയ്യണമെന്ന മല്യയുടെ ഹരജി ഒക്ടോബര്‍ 30ന് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മല്യക്ക് വേണ്ടി നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി നവംബര്‍ 22-ന് തള്ളി.  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യം വിട്ടവരെ പിടികൂടുന്നതിനാണു പുതിയ നിയമം കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നിയമത്തില്‍ രാഷ്ട്രപതി ഒപ്പിട്ടത്.
നിയമപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുശേഷം വ്യവസായികള്‍ രാജ്യം വിടുന്നതു തടയാനും സാധിക്കും. 100 കോടിയോ അതിനു മുകളിലോ രൂപയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചുമത്തി ശിക്ഷ ഒഴിവാക്കുന്നതിനായി രാജ്യം വിടുന്ന, ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റുള്ള വ്യക്തിയെയാണ് ഫ്യുജിറ്റിവ് ഇക്കണോമിക് ഒഫന്‍ഡര്‍ ആയി കണക്കാക്കുക. വായ്പക്കുടിശിക തിരിച്ചടക്കാതെ രാജ്യംവിട്ട കേസില്‍ മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്‌ട്രേറ്റ് വിധിച്ചിരുന്നു.
മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 9,000 കോടിയുടെ വായ്പ അനുവദിച്ചിരുന്നു. ഈ തുക തിരിച്ചടയ്ക്കാന്‍ തയാറാകാതെയാണ് വിജയ് മല്യ രാജ്യം വിട്ടത്. രാജ്യത്തുനിന്ന് കോടികളുടെ അഴിമതി നടത്തി രക്ഷപ്പെട്ട നീരവ് മോഡി, മെഹുല്‍ ചോക്‌സി എന്നിവരെയും സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.

 

Latest News