റിയാദ് - വിവാഹ മോചനത്തെ കുറിച്ച് എസ്.എം.എസ് വഴി വനിതകളെ അറിയിക്കുന്ന സേവനം രാജ്യത്തെ കോടതികൾ ഇന്നു മുതൽ നടപ്പാക്കിത്തുടങ്ങും. വിവാഹ മോചനം ചെയ്യപ്പെട്ടതിനെ കുറിച്ച് അറിഞ്ഞില്ല എന്ന ചില വനിതകളുടെ പരാതികൾക്ക് പുതിയ സേവനം അന്ത്യമാക്കുമെന്ന് സൗദി അഭിഭാഷക നസ്‌രീൻ അൽഗാംദി പറഞ്ഞു. ചില പുരുഷന്മാർ വിവാഹ മോചനം കോടതിയിൽ രജിസ്റ്റർ ചെയ്യും. എന്നാൽ ഇക്കാര്യം അവർ ഭാര്യമാരെ അറിയിക്കില്ല. വിവാഹ മോചനം ചെയ്യപ്പെടുമ്പോൾ വനിതകളുടെ അവകാശങ്ങൾ പുതിയ സേവനം ഉറപ്പു വരുത്തുമെന്നും നസ്‌രീൻ അൽഗാംദി പറഞ്ഞു.
സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ നടപടി ബാധകമാക്കുന്നത്. തങ്ങളുടെ സാമൂഹികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വനിതകളെ എസ്.എം.എസ് വഴി അറിയിക്കണമെന്ന നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അൽസ്വംആനിയുടെ നിർദേശമാണ് കോടതികൾ ഇന്നു മുതൽ നടപ്പാക്കിത്തുടങ്ങുന്നത്. വിവാഹ മോചനം അടക്കം സമൂഹികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരിശോധിക്കുന്നതിനും വനിതകൾക്ക് സാധിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്കാണ് വിവാഹ മോചനം അടക്കം വനിതകളുടെ സാമൂഹികാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ അറിയിച്ചുള്ള എസ്.എം.എസുകൾ അയക്കുക. വിവാഹ മോചന സർട്ടിഫിക്കറ്റ് നമ്പർ, വിവാഹ മോചനം അംഗീകരിച്ച കോടതി എന്നീ വിവരങ്ങൾ എസ്.എം.എസിൽ അടങ്ങിയിരിക്കും. വിവാഹ മോചന സർട്ടിഫിക്കറ്റ് വിവരങ്ങൾ നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ലിങ്ക് വഴി വനിതകൾക്ക് പരിശോധിക്കാൻ സാധിക്കും. കോടതികളിലെ വനിതാ വിഭാഗങ്ങൾ വഴി വനിതകൾക്ക് വിവാഹ മോചന സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ സാധിക്കും.