ട്യൂണയെ കണ്ടു ബോധിച്ചു; നല്‍കിയത് 31 ലക്ഷം ഡോളര്‍

ടോക്കിയോ-ജപ്പാനില്‍ അപൂര്‍വമായി ലഭിക്കുന്ന ബ്ലൂഫിന്‍ ട്യൂണ മത്സ്യത്തിന് ലേലത്തില്‍ ലഭിച്ച വില 31 ലക്ഷം ഡോളര്‍. അഞ്ച് വര്‍ഷം മുമ്പ് ഇത്തരമൊരു മത്സ്യത്തിനു ലഭിച്ച വിലയുടെ ഇരട്ടിയാണ് ഇക്കുറി ലേലത്തില്‍ ലഭിച്ചത്. ജപ്പാന്‍ വടക്കന്‍ തീരത്തുനിന്ന് പിടിച്ച ട്യൂണയുടെ തൂക്കം 278 കിലോയാണ്. വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് ബ്ലൂഫിന്‍ ട്യൂണ.
ജപ്പാനിലെ സൂഷി രാജാവ് എന്നറിയപ്പെടുന്ന കിയോഷി കിമുറയാണ് സ്വപ്്‌ന വില നല്‍കി ട്യൂണയെ സ്വന്തമാക്കിയത്. പ്രശസ്തമായ സൂഷി സനാമി ശൃംഖല ഇദ്ദേഹത്തിന്റെ കിയോമുറ കോര്‍പറേഷന്റേതാണ്. ഈ റസ്റ്റോറന്റ് ശൃഖലയില്‍ ട്യൂണ ഉപയോഗിച്ചുള്ള സൂഷി വിഭവങ്ങളാണ് പ്രധാനം. വിലകൂടിയ ട്യൂണ മത്സ്യം ഉപയോഗിച്ചുള്ള സൂഷി വിഭവങ്ങള്‍ കഴിക്കാന്‍ ആവശ്യക്കാര്‍ ധാരാളമായി എത്തുമെന്നാണ് കോടീശ്വരനായ കിമുറ പ്രതീക്ഷിക്കുന്നത്.
കണ്ടപ്പോള്‍ തന്നെ ബോധിച്ചുവെന്നും രുചിയേറുമെന്നും തടിച്ചുകൊഴുത്ത ട്യൂണയെ നോക്കി കിമുറ പറഞ്ഞു.
വിലകൂടിയ ട്യൂണ മത്സ്യം വില്‍പന നടത്തിയ സുകിജി മാര്‍ക്കറ്റ് ട്യൂണ മത്സ്യങ്ങള്‍ വില്‍ക്കുന്നതില്‍ ലോകപ്രശസ്തമാണ്. 1935 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുകിജിയില്‍ എല്ലാ ദിവസവും ട്യൂണ മത്സ്യങ്ങള്‍ ലേലത്തില്‍ വില്‍ക്കാറുണ്ട്.
ലോകത്ത് ട്യൂണ മത്സ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ജപ്പാന്‍കാരാണ്. കറുത്ത നിറമുള്ള ട്യൂണയ്ക്കാണ് ജപ്പാനില്‍ ആവശ്യക്കാരേറെയുള്ളത്.

 

Latest News