നാടും നഗരവും വേനൽചൂടിൽ വെന്തുരുകുമ്പോൾ കുളിർകാറ്റുമായി സഞ്ചാരികളെ മാടി വിളിക്കുകയാണ് കണ്ണൂരിന്റെ ഊട്ടി എന്നറിയപ്പെടുന്ന പൈതൽമല. കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പൈതൽ മല സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. കണ്ണൂർ ആലക്കോട് റൂട്ടിൽ കാപ്പിമല, കുടിയാന്മല, പാത്തൻപാറ എന്നീ സ്ഥലങ്ങളിലൂടെ പൈതൽ മലയിൽ എത്തിച്ചേരാം.
പൈതൽമലയും അതിന്റെ താഴ്‌വാരങ്ങളിലുമായി നിരവധി വ്യത്യസ്തങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളും കൂട്ടിച്ചേർത്ത് ഇപ്പോൾ പൈതൽ മല ടൂറിസം സഞ്ചാരികൾക്ക് കൂടുതൽ ആകർഷകമായിരിക്കുന്നു. സാഹസിക സഞ്ചാരികൾക്കായി പൈതൽ മല ട്രക്കിങ്, കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന പുൽമേടുകൾ, നിരവധി ഇനം പൂക്കൾ, ചോലവനങ്ങൾ, കാട്ടരുവികൾ, അപൂർവ്വ ഇനം കുറിഞ്ഞികൾ, പൈതൽ മലയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന വാച്ച് ടവറിൽ നിന്നുളള കുടക് വനങ്ങളുടെയും കണ്ണൂർ ജില്ലയിലെ കടലോരങ്ങൾ വരെയുള്ള കാഴ്ചകൾ, ആദിവാസി രാജാവായിരുന്ന വൈതൽ കോൻ രാജാവിന്റെ കോട്ടയുടെ അവശിഷ്ടങ്ങളും അതിനു സമീപത്തുളള അരുവിയിൽ വളർന്നു നിൽക്കുന്ന രണ്ടായിരത്തോളം വർഷം പ്രായമുളള പന്നൽ ചെടികൾ, സൂയിസൈഡ് പോയന്റ്, വ്യൂ പോയന്റ് തുടങ്ങിയവ കണ്ണൂരിന്റെ മിസ്റ്റീ മൗണ്ടൻ എന്നറിയപ്പെടുന്ന ഇവിടെ സഞ്ചാരികൾക്ക് ദർശിക്കുവാൻ സാധിക്കും.
പൈതൽ മലയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന പാലക്കയം തട്ടാണ് മറ്റൊരു ആകർഷണ കേന്ദ്രം. കണ്ണൂർ ജില്ലയിലെ പ്രധാന പിക്‌നിക് സ്‌പോട്ട് ആയി മാറിക്കഴിഞ്ഞ പാലക്കയം തട്ട് സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിചാരിക്കാത്ത നേരത്തു വീശിയെത്തുന്ന കോടമഞ്ഞും മഞ്ഞിന് അകമ്പടിയെന്നോണം വരുന്ന സുഖമുള്ള കാറ്റും കയറുന്തോറും ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തിന് ഒരിത്തിരി തണുപ്പ് കൂടുതലുണ്ടോ എന്ന ധാരണയുണ്ടാക്കും. വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നതിലും ഭംഗിയാണ് മലയോരത്തിന്റെ സുന്ദരിയായ പാലക്കയം തട്ടിന്. പരന്നു കിടക്കുന്ന പച്ചപ്പുൽമേടുകളും പശ്ചിമഘട്ട മലനിരകളുടെ നിറക്കാഴ്ചകളുമൊക്കെ നിറഞ്ഞ പാലക്കയംതട്ട്. ഒരിക്കൽ വന്നവരെ പിന്നെയും വിളിച്ചുകൊണ്ടിരിക്കും. ഇവിടെ നിന്നുളള താഴ്‌വര കാഴ്ചകളും തണുത്ത കാറ്റും മൂടൽ മഞ്ഞും ഏതൊരു സഞ്ചാരിക്കും അനിർവചനീയമായ അനുഭൂതി പകർന്നു നൽകും. ഏത് പ്രയത്തിലുള്ളവർക്കും വളരെ അനായാസമായി എത്തിച്ചേരാൻ സാധിക്കുന്ന ഈ സ്ഥലം നല്ലൊരു ഫാമിലി പിക്‌നിക് സ്‌പോട്ടാണ്. പാലക്കയം തട്ടിന്റെ മുകളിൽ വരെ വാഹനങ്ങൾ എത്തിച്ചേരുമെന്നതാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ഘടകം. മലയുടെ മുകളിൽ ട്രക്കിങിനുള്ള സൗകര്യവും ഉണ്ട്. നാടൻ ഭക്ഷണം മുതൽ ചിക്കൻ ബ്രോസ്റ്റ് വരെ കിട്ടുന്ന ഭക്ഷണ ശാലകൾ നിരവധിയാണ്. ഇവിടെ സഞ്ചാരികൾക്കായി ഒരു അഡ്വഞ്ചർ പാർക്കും സജ്ജമാവുന്നുണ്ട്.
കണ്ണൂരിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രമായ പാലക്കയം തട്ടിനൂം പൈതൽ മലയ്ക്കും ഇടയിൽ ആയി നയന സുന്ദര കാഴ്ചകളുമായി സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ കുട്ടിപ്പുല്ല് എന്ന മനോഹര പ്രദേശം സ്ഥിതി ചെയ്യുന്നു. പൈതൽമല കയറാതെ തന്നെ പൈതൽ മലയുടെ മുഴുവൻ സൗന്ദര്യവും കുട്ടിപ്പുല്ലിൽ നിന്നാൽ ആസ്വദിക്കാൻ കഴിയും എന്നതാണ് കുട്ടിപ്പുല്ലിന്റെ വലിയ പ്രത്യേകത. അതു മാത്രമല്ല കുടക് മലകളുടെ വിദൂര കാഴ്ചയും ഇവിടെ നിന്നാൽ സാധ്യമാണ്. പുതിയ റോഡ് കുട്ടിപ്പുല്ലിൽ വരെ എത്തിച്ചേർന്നതിനാൽ പാലക്കയം തട്ട് പോലെ തന്നെ കുട്ടിപുല്ലിൽ എത്തിച്ചേരാൻ കഴിയും. കുട്ടിപ്പുല്ലിൽ നിന്നാൽ പാലക്കയം തട്ടിന്റെ കാഴ്ചയും ദ്യശ്യമാണ്. കുട്ടിപ്പുല്ലിൽ നിന്നും രണ്ട് കിലോ മീറ്റർ സഞ്ചരിച്ചാൽ പൈതൽ മലയുടെ മുകളിൽ എത്തിച്ചേരാം.
ഒരു കിലോമീറ്റർ ദൂരത്തിൽ മലയുടെ മുകളിൽ നട്ടുവളർത്തിയിരിക്കുന്ന അക്കേഷ്യ മരങ്ങൾക്കിടയിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനും മരങ്ങൾക്കിടയിലൂടെ സഞ്ചരിക്കാനും കഴിയും.
ഇവിടെ നിന്ന് കരാമരം തട്ട് പൈതൽകുണ്ട് വഴി പൈതൽ മലയ്ക്കുള മറ്റൊരു വഴിയായ മഞ്ഞപ്പുല്ലിലും എത്തിച്ചേരാം.
പാലക്കയം തട്ടിൽ നിന്നു വരുന്നവർക്ക് മഞ്ഞുമല കനകക്കുന്ന് കരാമരം തട്ട് വഴി കുട്ടിപ്പുല്ലിൽ എത്തിച്ചേരാം.
പൈതൽ മലയിൽ വരുന്ന സഞ്ചാരികൾക്കായി പൈതൽ മലയുടെ സമീപത്തായി പൈതൽ മൗണ്ട് കോട്ടേജസ് സഞ്ചാരികൾക്കായി താമസ സൗകര്യവും നിരവധി റിക്രിയേഷണൽ ആക്റ്റിവിറ്റീസും തയ്യാറാക്കിയിട്ടുണ്ട്.
കോട്ടേജിന് സമീപത്തായാണ് പൈതൽ കുണ്ട് വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതുപോലെ റിവർ ട്രക്കിങ്, നാച്ചുറൽ വാക്, ബാംബൂ ഫോറസ്റ്റ് ട്രക്കിങ്, നാച്ചുറൽ പൂൾ (സീസണൽ) പൈതൽ മലയുടെ താഴ്‌വാരങ്ങളിൽ ഓഫ് റോഡിങ്, നിരവധി ട്രക്കിങ് വഴികൾ തുടങ്ങിയവയും സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് +91 9061277892. പ്രവാസ ജീവിതത്തിനിടയിൽ അവധി ആഘോഷിക്കാൻ നാട്ടിൽ പോകുന്നവർക്ക് പൈതൽമലയും താഴ്‌വാരങ്ങളും തീർച്ചയായും വ്യത്യസ്തമായ അനുഭവം പകർന്നു തരും.






