ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ അമരക്കാരനും, ആയിരക്കണക്കിനു പണ്ഡിത ശ്രേഷ്ഠരുടെ ഗുരുവര്യനും വൈജ്ഞാനിക മേഖലകളിൽ അവർണനീയമായ അടിത്തറ പാകിയ മഹാപണ്ഡിതൻ ആയിരങ്ങൾക്ക് പ്രകാശം നൽകി അസ്തമിച്ചു.
തുല്ല്യതയില്ലാത്ത വ്യക്തിത്വം, സ്‌നേഹം തുളുമ്പുന്ന നിറപുഞ്ചിരി, വിനയം, അനാഥകൾക്ക് അത്താണി, വിദ്യാർത്ഥികൾക്ക് മാതാവ്,
പിതാവ്, സുഹൃത്ത് വഴികാട്ടി എന്ന് വേണ്ട എല്ലാ മേഖലകളിലും പകരം വെക്കാൻ കഴിയാത്ത പ്രതിഭ, കർമ്മ ശാസ്ത്രം ഹദീസ് ഗവേഷണമടക്കമുളള വൈജ്ഞാനിക രംഗത്തെ അവസാന വാക്ക്. മഹാനവർകളുടെ വിയോഗം കൈരളിക്ക് തീരാ നഷ്ടവും നികത്താനാവാത്ത വിടവുമാണ്.
വിജ്ഞാന ഭാരം ഏറുന്നതനുസരിച്ച് താഴ്മ വർദ്ധിക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു ശൈഖുനാ വടുതല ഉസ്താദ്. ആശയാദർശത്തിൽ ഭിന്നാഭിപ്രായം ഉള്ളവരും വ്യക്തിത്വത്തെ അംഗീകരിച്ചു.
വലിപ്പ ചെറുപ്പം നോക്കാതെ നിറപുഞ്ചിരിയും വിനയവും ആകർഷണീയവുമായ ഇടപെടലോടുമുള്ള സമീപനം കൊണ്ട് ആദ്യ കാഴ്ചയിൽ തന്നെ മനസ്സുകീഴ്‌പെടുത്തുമായിരുന്നു. ഓർമ്മയിൽ എന്നുമെന്നും അടയാളപ്പെടുത്താവുന്ന രീതിയിലായുന്നു ആരുമായിട്ടും ഇടപെട്ടിരുന്നത്. സംഘടനാ തലത്തിലും വ്യക്തി ജീവിതത്തിലുമെടുക്കുന്ന ദീർഘവീക്ഷണത്തോടുള്ള തീരുമാനങ്ങളുടെ പൊരുൾ മറ്റുള്ളവർ മനസ്സിലാക്കുന്നത് തന്നെ വളരെ വൈകിയായിരുന്നു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ടായി പതിറ്റാണ്ടുകൾ സേവനമനുഷ്ഠിച്ചു. 1931 ൽ ആലപ്പുഴ ജില്ലയിൽ വടുതല വടക്കേ കണ്ണന്തറയിൽ മരക്കാർ -ആയിശാ ഉമ്മ ദമ്പതികളുടെ മകനായി ജനിച്ചു. വിഖ്യാത പണ്ഡിതൻ കണ്ണൂർ പാപ്പിനിശ്ശേരി അബ്ദുൾ റഹിമാൻ ഇമ്പിച്ചിക്കോയ തങ്ങളുടെ കീഴിൽ പഠനം നടത്തി വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിൽ നിന്നും 1960 ൽ ബിരുദം കരസ്ഥമാക്കിയ ശേഷം പാപ്പിനിശ്ശേരിയിലെ റൗളത്തുൽ ജന്ന ദർസിലും പിന്നീട് കോട്ടയം കാഞ്ഞിരപ്പള്ളി ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജ്, കുഞ്ഞുണ്ണിക്കര ഖുവ്വത്തുൽ ഇസ്ലാം അറബിക്ക് കോളേജ്, വാഴക്കുളം ജാമിഅ ഹസനിയ്യ അറബിക്ക് കോളേജ് എന്നിവിടങ്ങളിൽ വിദ്യ പകർന്നു.
താൻ തന്നെ പടുതുയർത്തിയ മജ്‌ലിസുൽ അബ്‌റാറിലും സേവനം അനുഷ്ഠിച്ചുവരെയാണ് വേർപാട് സംഭവിച്ചത്.
നാൽപ്പതു തവണ അദ്ദേഹം ഹജ്ജ് നിർവ്വഹിച്ചു. ആത്മകഥയായ റൗളത്തുൽ അബ്‌റാർ ഫത്ത്‌വാ സമാഹാരം റൗളത്തുൽ ജന്ന തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങളും കൈരളിക്കു സമ്മാനിച്ചിട്ടുണ്ട്.
ഓർമയിൽ നിഴലിച്ചു നിൽക്കുന്ന ഒട്ടനവധി സംഭവങ്ങൾ ഉണ്ടെങ്കിലും മൂന്നെണ്ണം എടുത്തു പറയാതിരിക്കാൻ നിർവാഹമില്ല. മൂത്ത മകൾ അയിഷായുടെ വിവാഹത്തോടനുബന്ധിച്ചു് ശൈഖുനായുടെ ഗുരുവര്യൻ അബ്ദുൾ റഹിമാൻ ഇമ്പിച്ചിക്കോയ തങ്ങൾ (അസ്ഹരി തങ്ങൾ) വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനായി വരുന്ന രംഗം ഇന്നലെ പോലെ ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്നു. അന്ന് ശൈഖുനായുടെ വീട്ടിലേക്ക് എത്തിപ്പെടാൻ ഒരു വരമ്പിൽ കൂടി നടന്നു വരണമായിരുന്നു. ഗുരുവര്യൻ വരമ്പിന്റെ മറുവശത്ത് എത്തി എന്നറിഞ്ഞപ്പോഴേക്കും തലപ്പാവ് അഴിച്ച് കയ്യിൽ പിടിച്ച് വരമ്പിൽ കൂടി ഓടിയെത്തി തങ്ങളവർകളുടെ മുന്നിൽ വിനയാന്വിതനായി നിന്ന് സ്വീകരിക്കുകയായിരുന്നു. ഈ രംഗം അവിടെ കൂടി നിന്ന നൂറ് കണക്കിന് ആളുകൾക്ക് ഗുരുശിഷ്യ ബന്ധത്തിന്റെ വലിയ ഒരു അദ്ധ്യായമാണ് തുറന്നു കാട്ടിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും ക്ഷമയും സഹനവും നിശ്ചയദാർഢ്യവും പക്വമായ തീരുമാനവും എടുക്കുന്നതിൽ അതീവ സാമർത്ഥ്യമുണ്ടായിരുന്നു. പിഞ്ച് കുഞ്ഞ് ആയിഷയെ കൈയ്യിൽ ഏൽപ്പിച്ച് ഭാര്യ വിടപറയുമ്പോൾ പോലും പതറാതെ നിൽക്കാൻ അദ്ദേഹത്തിനായി.
ശൈഖുനയെ ഞെട്ടിച്ച സംഭവമായിരുന്നു തന്റെ ശിഷ്യൻ അഹമ്മദിന്റെ പെട്ടെന്നുളള മരണം. തന്റെ അയൽവാസി ഏക മകൻ അഹമ്മദിനെ ആലിമായി കാണുക എന്ന അതിരറ്റ ആശയിലാണ് മൂസ മുസ്ല്യാരെ
ഏൽപ്പിച്ചത്. ശൈഖുന അവധിക്ക് വീട്ടിൽ വരുമ്പോഴെല്ലാം അഹമ്മദിന്റെ വിവരമറിയാൻ മാതാപിതാക്കൾ കാത്തിരിക്കുമായിരുന്നു. ഒരിക്കൽ ആ മാതാപിതാക്കൾ ശൈഖുനയോട് ഒരു ആഗ്രഹം പ്രകടിപ്പിച്ചു. ഉസ്താദേ കുട്ടിയെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് ഇനി വരുമ്പോൾ ഒന്ന് കൊണ്ട് വരുമോ, ഇൻശാഹ് അല്ലാഹ് കൊണ്ട് വരാം എന്ന് ഉറപ്പ് അവർക്ക് നൽകി ശൈഖുന കോളേജിൽ മടങ്ങി എത്തി. വിവരം അഹമ്മദിനെ ധരിപ്പിച്ചു. മാതാപിതാക്കളെ കാണാൻ ഉള്ള ആശയിൽ മകനും മകനെ കാണാൻ ഉള്ള ആശയിൽ മാതാപിതാക്കളും ആ ദിവസം പ്രതീക്ഷിച്ചിരുന്നു. പക്ഷെ പെട്ടെന്നായിരുന്നു മുത്തഅല്ലിമിങ്ങളുടെ വസ്ത്രം എടുക്കുവാൻ മുകളിൽ കയറിയ അഹമ്മദ് കാലിടറി വീണ് തൽക്ഷണം മരിച്ചത്. നിശ്ചയിച്ചിരുന്ന സമയത്ത് കുട്ടിയെയുമായി മാതാപിതാക്കളുടെ അടുത്ത് ചെല്ലാമെന്ന് ഏറ്റിരുന്ന ശൈഖുന ചേതനയറ്റ അഹമ്മദുമായി അവരുടെ മുന്നിൽ എത്തിയ നിമിഷമാണ് ജീവിതത്തിൽ ആദ്യമായി പതറിയത്.
സുന്നീ സംഘടനകൾ ഒന്നായി കാണണമെന്നത് ജീവിതത്തിലെ വലിയൊരു അഭിലാഷമായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതരുമായി അഭേദ്യ ബന്ധമായിരുന്നു അദ്ദേഹത്തിന്. മലബാറിലെ ആലിമിങ്ങളെ തെക്കൻ മേഖലകളിലുള്ള ആലിമീങ്ങളുമായി ബന്ധിപ്പിക്കുന്ന വലിയൊരു കണ്ണിയായിരുന്നു വടുതല മൂസ മൗലവി.
മൗലവിയെ പരാമർശിക്കുമ്പോൾ ശിഷ്യഗണങ്ങളോടുളള അവിടത്തെ സ്‌നേഹം വിസ്മരിക്കപ്പെടാനാവില്ല.






