ഷിംല: ഹിമാചൽ പ്രദേശിൽ പർവത ഗർത്തത്തിലേക്ക് സ്കൂൾ ബസ് മറിഞ്ഞ് ആറു കുട്ടികൾ അടക്കം ഏഴ് പേർ മരിച്ചു. തലസ്ഥാന നഗരിയായ ഷിംലയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള സംഗ്ര നഗരത്തിലെ ഒരു സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടു പോവുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്ന് തെന്നിയ ബസ് ആഴമുള്ള ഗർത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ബസ് ഡ്രൈവറും മരിച്ചു.
12 കുട്ടികൾ പരിക്കുകളോടെ ആശുപത്രിയിൽ ആണ്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വീഴ്ചയിൽ തകർന്നു പോയ ബസ്സിൽ നിന്ന് കുട്ടികളെ ദീർഘനേരം കഴിഞ്ഞാണ് പുറത്തെടുക്കാൻ കഴിഞ്ഞതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.
പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം, ബസ് ഡ്രൈവർ രാം സ്വരൂപിന്റെ അശ്രദ്ധയാണ് അപകടത്തിൽ കലാശിച്ചത്.
നാല് കുട്ടികൾ അപകട സ്ഥലത്തും രണ്ടു കുട്ടികൾ ആശുപത്രിയിലുമാണ് മരിച്ചത്. ഡ്രൈവറും അപകട സ്ഥലത്തു തന്നെ മരിച്ചു.