കോഴിക്കോട് - ദേശീയ പൊതുപണിമുടക്ക് നടക്കുന്ന ഈ മാസം 8,9 തിയ്യതികളിൽ കടകൾ തുറക്കുമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി. നസറുദ്ദീൻ. പൊതുപണിമുടക്ക് ന്യായമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ളതായതിനാൽ പിന്തുണയ്ക്കും. എന്നാൽ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറുന്നതിനോടു യോജിപ്പില്ല. അന്നേ ദിവസം കടകൾ തുറക്കാതിരിക്കാനാവില്ല. പണിമുടക്ക് ഓരോരുത്തരുടെയും അവകാശമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പണിമുടക്ക് ഒരു ദിവസമാക്കാൻ ട്രേഡ് യൂനിയനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണിമുടക്കുന്ന തൊഴിലാളികളോട് യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാവില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് തിങ്കളാഴ്ചയുണ്ടായ ഹർത്താലിൽ 110 കോടിയുടെ വ്യാപാര നഷ്ടം ഈ മേഖലയ്ക്കുണ്ടായി. ഹർത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ പത്തു കോടിയുടെ സാമ്പത്തിക നഷ്ടവുമുണ്ടായി.
വ്യാപാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.