Sorry, you need to enable JavaScript to visit this website.

ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ് നിർത്തുന്നു

റിയാദ് - ചെറുകിട സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവി ഇളവ് നാലു മാസത്തിനു ശേഷം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിർത്തിവെക്കുമെന്ന് റിപ്പോർട്ട്. 
ഒമ്പതിൽ കൂടുതൽ ജീവനക്കാരില്ലാത്ത ചെറുകിട സ്ഥാപനങ്ങൾക്കാണ് ലെവി ഇളവ് നൽകുന്നത്. അഞ്ചു വർഷം ലെവി ഇളവ് പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല്യം നിർത്തുക. 
ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ് നൽകുന്ന പദ്ധതി 1435 ശഅ്ബാൻ 25 മുതലാണ് ആരംഭിച്ചത്. അഞ്ചു വർഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന ഇളവ് അടുത്ത ശഅ്ബാൻ 25 ന് (ഏപ്രിൽ 30) അവസാനിക്കും. 
ഇളവ് പദ്ധതി പ്രകാരം ഒമ്പതിൽ കൂടുതൽ ജീവനക്കാരില്ലാത്ത ചെറുകിട സ്ഥാപനങ്ങളിലെ നാലു തൊഴിലാളികളെയാണ് ലെവിയിൽനിന്ന് ഒഴിവാക്കുന്നത്. ഇതിന് സ്ഥാപന ഉടമയായ സൗദി പൗരൻ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ലെവി ഇളവ് ലഭിക്കുന്ന നാലു തൊഴിലാളികൾക്ക് പ്രതിവർഷം 100 റിയാൽ വീതം വർക്ക് പെർമിറ്റ് ഫീസ് ആയി അടച്ചാൽ മതി. 
ലൈസൻസ് ലഭിച്ച് അഞ്ചു വർഷത്തേക്കാണ് ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ് ലഭിക്കുകയെന്ന് ചെറുകിട സ്ഥാപന ഉടമയുടെ അന്വേഷണത്തിന് മറുപടിയായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഹിജ്‌റ വർഷത്തിന്റെ അടിസ്ഥാനത്തിലാണ് ലെവി ഇളവ് നൽകുന്ന കാലം കണക്കാക്കുക. സ്ഥാപനത്തിന്റെ പേരിലുള്ള ആദ്യത്തെ വർക്ക് പെർമിറ്റ് ഇഷ്യു ചെയ്തതോ വർക്ക് പെർമിറ്റ് പുതുക്കിയതോ മുതലാണ് അഞ്ചു വർഷക്കാലം കണക്കാക്കുകയെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒമ്പതും അതിൽ കുറവും ജീവനക്കാരുള്ള 3,19,821 സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. നാലിൽ കൂടുതൽ ജീവനക്കാരില്ലാത്ത 2,29,361 സ്ഥാപനങ്ങളും അഞ്ചു മുതൽ ഒമ്പതു വരെ ജീവനക്കാരുള്ള 90,460 സ്ഥാപനങ്ങളുമാണ് രാജ്യത്തുള്ളത്. ഉടമകൾ ഫുൾടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കെല്ലാം ലെവി ഇളവ് ലഭിക്കും. 
2014 മുതലാണ് സൗദിയിൽ വിദേശികൾക്ക് ലെവി ബാധകമാക്കി തുടങ്ങിയത്. തുടക്കത്തിൽ പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലായിരുന്നു ലെവി. 2017 അവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. എന്നാൽ 2018 ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കി. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമായിരുന്നു കഴിഞ്ഞ കൊല്ലം ലെവിയായി അടക്കേണ്ടിയിരുന്നത്. ഈ വർഷം ഇത് 600 റിയാലും 500 റിയാലുമായി വർധിച്ചു. 2020 ആവുമ്പോൾ ഇത് 800 റിയാൽ, 700 റിയാൽ എന്നിങ്ങനെ ഉയരും. 

 

Latest News