ആലപ്പുഴ- ആലപ്പുഴ മൊബിലിറ്റി ഹബ് ടെൻഡർ നടപടികളിലേക്ക് കടക്കുകയാണെന്നും 700 കോടി അടങ്കൽ തുകയുള്ള പദ്ധതി പൂർത്തിയാകുന്നതോടെ ആലപ്പുഴയുടെ മുഖച്ഛായതന്നെ മാറുമെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം ജലഗതാഗത വകുപ്പ് പുതിയതായി നിർമിച്ച് നീറ്റിലിറക്കുന്ന അഞ്ചു അത്യാധുനിക യാത്രാ ബോട്ടുകളുടെയും കൈനകരി സർക്കുലർ സർവീസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആലപ്പുഴയിലെ കെ.എസ്.ആർ.ടി.സി, വാട്ടർ ട്രാൻസ്‌പോർട്ട് എന്നിവയെ യോജിപ്പിച്ച് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും. 276 കോടി രൂപ ചെലവഴിച്ച് നഗര റോഡ് വികസന പദ്ധതി നടപ്പാക്കിവരുന്നതായും മന്ത്രി പറഞ്ഞു. ആലപ്പുഴ ബൈപ്പാസ് മെയ് മാസത്തിൽ തുറക്കാൻ കഴിയും. കരാറുകാരന്റെ വീഴ്ചയും റയിൽവേയുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങളും ആണ് ഉദ്ഘാടനം വൈകാൻ കാരണമായത്. റോഡിന് ടോൾ എന്നത് സംസ്ഥാന സർക്കാരിന്റെ നയമല്ല. ഈ സർക്കാർ വന്നതിനു ശേഷം 26 ടോൾ ബൂത്തുകളിൽ 20 എണ്ണം നിർത്തലാക്കി-മന്ത്രി പറഞ്ഞു.
സംസ്ഥാന ജലഗതാഗത വകുപ്പ് ആധുനികീകരണത്തിന്റെ പാതയിലാണെന്ന് ജലഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മൂന്നുമാസത്തിനകം വാട്ടർ ടാക്‌സികൾ ആരംഭിക്കും. ഒമ്പത് കാറ്റമറൈൻ ബോട്ടുകൾ നിർമാണ ഘട്ടത്തിലാണ്. രണ്ടുനിലയുള്ള സോളാർ ക്രൂയിസ് ബോട്ട് നിർമാണം ഏപ്രിലിൽ പൂർത്തിയാക്കും. കൂടാതെ എറണാകുളം -ചവറ ജല ചരക്കു ഗതാഗതത്തിന് പഠനം നടത്തിവരുന്നു. കൈനകരിക്കാർക്കുള്ള നവവത്സര സമ്മാനമാണ് സർക്കുലർ ബോട്ട് സർവീസ് എന്നും മന്ത്രി പറഞ്ഞു. കുപ്പപ്പുറം , പാണ്ടിച്ചേരി, കൈനകരി , കുട്ടമംഗലം, വേണാട്ടുകാട് , ചേന്നങ്കരി എന്നീ പ്രദേശങ്ങളിലെ ആളുകൾക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടും. ആലപ്പുഴയിൽനിന്ന് കൈനകരി റോഡ് മുക്കിൽ എത്തിച്ചേരുന്ന ബസുകളുടെ സമയക്രമം അനുസരിച്ചാണ് ബോട്ടിന്റെ സമയം ക്രമീകരിച്ചിട്ടുള്ളത്. അഞ്ച് ആധുനിക സൗകര്യങ്ങളുള്ള സ്റ്റീൽ ബോട്ടുകൾക്ക് ഓരോന്നിനും ഒരുകോടി രൂപ ചെലവ് വന്നു. ഒരേസമയം 75 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ലക്ഷ്യ ബോട്ടുകളിൽ യാത്ര സുഖകരമാക്കുന്നതിന് ആവശ്യമായ ആധുനിക സീറ്റുകൾ, ശബ്ദം കുറഞ്ഞതും വൈബ്രേഷൻ കുറഞ്ഞതുമായ എൻജിൻ, എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത് .
അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടുത്തി നിർമിച്ചിരിക്കുന്ന ബോട്ടുകൾ ലോകോത്തര നിലവാരത്തിൽ ഐ.ആർ.എസ്.ക്ലാസിലാണ് നിർമിച്ചിട്ടുള്ളത.് അനുകൂല സാഹചര്യത്തിൽ 16 കിലോമീറ്റർ വേഗത്തിൽ ഈ ബോട്ടുകൾക്ക് സഞ്ചരിക്കാൻ കഴിയും. ബയോടോയ്‌ലറ്റ് സൗകര്യവും ബോട്ടിലുണ്ട്. സിൽക്കാണ് ബോട്ട് നിർമിച്ചത്. ജില്ലാ കലക്ടർ എസ്.സുഹാസ്, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ, നഗരസഭാംഗം ഡി.ലക്ഷ്മണൻ, സിൽക്ക് മാനേജിങ് ഡയരക്ടർ ചന്ദ്രബോസ്, ട്രാഫിക് സൂപ്രണ്ട് സത്യൻ എന്നിവർ സംസാരിച്ചു.






