Sorry, you need to enable JavaScript to visit this website.

യുദ്ധമുന്നണിയിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് കുറ്റകൃത്യം -ഖാലിദ് രാജകുമാരൻ

ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ

റിയാദ് - യെമനിലെ ഹൂത്തി മിലീഷ്യകൾ കുട്ടികളെ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് പൈശാചിക കുറ്റകൃത്യമാണെന്ന് അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ. വീടുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി ഹൂത്തികൾ യുദ്ധത്തിന് ഉപയോഗപ്പെടുത്തുകയാണ്. മുഴുവൻ അന്താരാഷ്ട്ര നിയമങ്ങളും ചാർട്ടറുകളും, മാനവികതയുടെയും കാരുണ്യത്തിന്റെയും അടിസ്ഥാന തത്വങ്ങളും ലംഘിക്കുന്ന ഹൂത്തികളുടെ ഈ നടപടിയോട് മൗനമവലംബിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 
ഹൂത്തികൾ റിക്രൂട്ട് ചെയ്ത നിരവധി കുട്ടികളെ പോരാട്ട ഭൂമിയിൽ സഖ്യസേന കണ്ടെത്തിയിട്ടുണ്ട്. യുദ്ധമുന്നണിയിൽനിന്ന് രക്ഷപ്പെടുത്തുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. യുദ്ധഭൂമിയിൽനിന്ന് രക്ഷപ്പെടുത്തുന്ന കുട്ടികളെ സ്‌കൂളുകളിൽ തിരിച്ചെത്തിക്കുകയും, യുദ്ധം മൂലമുണ്ടായ മാനസികാഘാതത്തിൽനിന്ന് മോചിതരാക്കുന്നതിനുള്ള കൗൺസിലിംഗ് നടത്തുകയും ചെയ്യുന്നുണ്ട്. കുട്ടികളെ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ അപകടത്തെ കുറിച്ച് കുടുംബങ്ങളെ ബോധവൽക്കരിക്കുന്നുമുണ്ട്. യുദ്ധമുന്നണിയിലേക്ക് ഹൂത്തികൾ റിക്രൂട്ട് ചെയ്ത നൂറു കണക്കിന് കുട്ടികളെ സൗദി അറേബ്യ രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചു. 
യെമനിൽ കുട്ടികളെ യുദ്ധത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ചെറുക്കുന്നതിന് സൗദി അറേബ്യ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ഏതു യുദ്ധങ്ങളിലേക്കും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് ചെറുക്കുന്നതിന് ആഗോള തലത്തിൽ പദ്ധതി ആരംഭിക്കണം. കുട്ടികളെ റിക്രൂട്ട് ചെയ്ത് ഹൂത്തികൾ ദിവസേന ബാലാവകാശം ഹനിക്കുകയാണ്. ഇത്തരം ഗുരുതരമായ അവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് സഹായിക്കുന്നതിന് ആഗോള മാധ്യമങ്ങൾ ഫലപ്രദമായ പങ്ക് വഹിക്കുന്നതിന് സമയം അതിക്രമിച്ചതായും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 

 

Latest News