Sorry, you need to enable JavaScript to visit this website.

റഫാൽ കരാർ: കോൺഗ്രസിന്റേത്  മുതലക്കണ്ണീരെന്ന് നിർമല സീതാരാമൻ

ന്യൂദൽഹി- റഫാൽ കരാറിൽ എച്ച്.എ.എല്ലിനെ ഒഴിവാക്കി എന്നു പറഞ്ഞ് കോൺഗ്രസ് മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. യു.പി.എ സർക്കാർ എന്തുകൊണ്ടാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ കരാർ എച്ച്.എ.എല്ലിന് നൽകാതിരുന്നതെന്നും മന്ത്രി ചോദിച്ചു. മന്ത്രിയുടെയും രാഹുലിന്റെയും മറുപടിക്ക് ശേഷം ഇതിനെ ചോദ്യം ചെയ്ത് എ.ഐ.എ.ഡി.എം.കെ എം.പി തമ്പി ദുരൈ രംഗത്തെത്തി. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കരാർ 2003ൽ വാജ്‌പേയി സർക്കാരിന്റെ കാലത്താണ് രൂപം നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അന്തിമ കരാർ 2010ൽ യു.പി.എ സർക്കാരിന്റെ കാലത്താണ് ഒപ്പിട്ടതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. റഫാൽ കരാറിലെ ഓഫ്‌സെറ്റ് കരാർ യു.പി.എ സർക്കാർ രൂപീകരിച്ച നയത്തിന്റെ അടിസ്ഥാനത്തിലാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
പ്രതിപക്ഷം ആവർത്തിച്ചു വിശദീകരണം ആവശ്യപ്പെടുന്നതിനിടെ റഫാൽ കേസിലെ സുപ്രീം കോടതി വിധിയിലെ ഭാഗങ്ങൾ ഉദ്ധരിച്ചു ന്യായീകരിക്കാനാണു മന്ത്രി ശ്രമിച്ചത്. പ്രതിപക്ഷം ആവശ്യപ്പെടുന്നത് പോലെ റഫാൽ വിമാനങ്ങളെ വില വെളിപ്പെടുത്താനാകില്ലെന്നും അക്കാര്യം ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നുമാണ് നിർമല സീതാരാരമൻ പറഞ്ഞത്. റഫാൽ വിമാനങ്ങളുടെ വില വിവരം സർക്കാർ സി.എ.ജിക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റഫാൽ ഇടപാടിൽ സി.എ.ജി ഉന്നയിച്ച ചോദ്യങ്ങളിൽ കേന്ദ്ര സർക്കാർ മറുപടി തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടുന്നത് 2016 ലാണ്. ആദ്യ വിമാനം 2019ൽ നിർമിച്ചു നൽകും. അവസാനത്തേത് 2022ൽ എത്തും. പതിനാല് മാസം കൊണ്ടാണ് എൻ.ഡി.എ സർക്കാർ നടപടികൾ പൂർത്തിയാക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു. യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള പണം എവിടെ എന്നാണ് യു.പി.എ കാലത്തെ പ്രതിരോധ മന്ത്രി പാർലമെന്റിനു പുറത്തു പറഞ്ഞത്. എന്നാൽ, ഇതിനുള്ള പണം പ്രത്യേകമായി കരുതിയിട്ടുണ്ടെന്ന് കരാർ ഒപ്പിടുന്നതിന് മുമ്പു തന്നെ കോൺഗ്രസിന് വ്യക്തമായിരുന്നു. എന്തെങ്കിലും നടക്കാതെ വിമാനങ്ങൾ വാങ്ങാൻ കോൺഗ്രസ് തയാറായിരുന്നില്ല എന്നതാണ് വ്യക്തം. പ്രതിരോധ ഇടപാടും പ്രതിരോധത്തിലെ ഇടപാടും തമ്മിൽ അന്തരമുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. വിമാനങ്ങൾ വാങ്ങാനുള്ള അനുമതി 2012ൽ തന്നെ പൂർത്തിയായതാണ്. എന്നിട്ടും യു.പി.എ സർക്കാർ വാങ്ങിയില്ല. വ്യോമസേന പ്രതിസന്ധിയിലാണെന്ന് അറിഞ്ഞിട്ടും വിമാനങ്ങൾ വാങ്ങുന്നതിൽ അവർ വിമുഖത കാട്ടി. രാജ്യസുരക്ഷയെ അപകടത്തിലാക്കി യു.പി.എ ഖജനാവിന്റെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ചെയ്തതെന്നും മന്ത്രി കുറ്റപ്പെടുത്തി. 
നരേന്ദ്ര മോഡി സർക്കാർ കൂടുതൽ വില നൽകിയാണ് റഫാൽ വിമാനങ്ങൾ വാങ്ങുന്നതെന്ന ആരോപണവും പ്രതിരോധ മന്ത്രി നിഷേധിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ് ആപ്പിളിനെ താരതമ്യം ചെയ്യുന്നത് ഓറഞ്ചുകളുമായാണെന്നാണു മന്ത്രി പറഞ്ഞത്. 526 കോടി രൂപ എന്നു പറയുന്നത് 2007 ലാണ്. 2011 ലോ 2014ലോ ഇതു നിലവിലുണ്ടാകുമോ. വില വർധനവും വിനിമയ നിരക്കിലെ വ്യതിയാനവും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, അടിസ്ഥാന വിമാനത്തിന്റെ വിലയും ആയുധ സജ്ജമായ വിമാനത്തിന്റെ വിലയും തമ്മിൽ താരതമ്യം ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. റഫാൽ ഇടപാടിനുള്ള കോൺട്രാക്ട് നെഗോഷിയേറ്റിംഗ് കമ്മിറ്റി റിപ്പോർട്ടിലും കരട് കരാറിലും എതിർപ്പുന്നയിച്ചു എന്നു പറയുന്ന ജോയിന്റ് സെക്രട്ടി ഒപ്പു വെച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോക്‌സഭയിൽ കഴിഞ്ഞ ദിവസം ബഹളത്തിൽ മുങ്ങി മുടങ്ങിപ്പോയ റഫാൽ ചർച്ചയിൽ ഇന്നലെ കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയും സംസാരിച്ചു. റിലയൻസിന് നേട്ടമുണ്ടാകുന്ന തരത്തിൽ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി ഇളവുകൾ വരുത്തി. റഫാൽ ഇടപാടിൽ ഗുരുതര അഴിമതി നടന്നിട്ടുണ്ടെന്നു സംശയിക്കുന്നതായും സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. റഫാൽ ഇടപാടിൽ സർക്കാർ ഉണ്ടെന്നു പറയുന്ന സി.എ.ജി റിപ്പോർട്ട് എവിടെ. നിയമ വകുപ്പും ഡിഫൻസ് അക്വിസിഷൻ കമ്മിറ്റിയും ഇടപാടിനെ എതിർത്തിരുന്നു. ഇതെല്ലാം മറികടന്നാണ് ഉപകരാർ റിലയൻസിന് മറിച്ചു നൽകിയതെന്നും ഖാർഗെ ആരോപിച്ചു. റഫാൽ ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു. സർക്കാർ തെറ്റായ സത്യവാങ്മൂലമാണ് സുപ്രീം കോടതിയിൽ നൽകിയത്. അതുകൊണ്ടു തന്നെ ജെ.പി.സി അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ പുറത്തുവരൂ എന്നും ഖാർഗെ പറഞ്ഞു. 
റഫാൽ ഇടപാടിൽ ജെ.പി.സി അന്വേഷണം നടത്താനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് ചർച്ചയിൽ സംസാരിച്ച എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. റഫാൽ ഇടപാടിലൂടെ എച്ച്.എ.എല്ലിനെ അസാധുവാക്കുകയാണ് ചെയ്തത്. 126 വിമാനങ്ങൾ വേണ്ടയിടത്ത് 36 എണ്ണം മതിയെന്ന തീരുമാനം ഉണ്ടായത് വ്യോമസേനയുടെ അറിവോടെയാണോ എന്നും പ്രേമചന്ദ്രൻ ചോദിച്ചു. റഫാൽ ഇടപാടിൽ ജെ.പി.സി അന്വേഷണം അനിവാര്യമാണെന്നു ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും പറഞ്ഞു. എന്നാൽ, ബിജെപി എംപിമാരായ അനുരാഗ് സിംഗ് താക്കൂർ, നിഷികാന്ത് ദുബേ, ജെ.ഡി.യു എം.പി കൗശലേന്ദ്ര കുമാർ, ശിരോമണി അകാലിദൾ എം.പി പ്രേംസിംഗ് ചാന്ദുമജ്ര എന്നിവർ ജെ.പി.സി അന്വേഷണം എന്ന ആവശ്യം പാടേ തള്ളിക്കളഞ്ഞാണു സംസാരിച്ചത്.
റഫാൽ ചർച്ചയ്ക്കു തുടക്കമിട്ട് രാഹുൽ ഗാന്ധി ബുധനാഴ്ച സംസാരിക്കവേ അനിൽ അംബാനിയെ ഡബിൾ എ എന്നു വിശേഷിപ്പിച്ചിരുന്നു. ഇന്നലെ നിർമല സീതാരാമൻ നൽകിയ മറുപടിയിൽ കോൺഗ്രസ് നടത്തുന്ന ഇടപാടുകളിൽ ഡബിൾ എക്കു പകരം ക്യുവും ആർ.വിയുമാണ് ഉള്ളതെന്നാണ് തിരിച്ചടിച്ചത്. ഒക്ടാവിയോ ക്വട്രോച്ചിയേയും റോബർട്ട് വഡേരക്കും നേർക്കായിരുന്നു ഈ പരാമർശം.    
പ്രതിരോധ ഇടപാടുകൾ രാജ്യസുരക്ഷയെ കരുതിയുള്ളതാണെന്നും വാസ്തവങ്ങൾ കോൺഗ്രസിനെ ഭയപ്പെടുത്തുമെന്നും മുന്നറിയിപ്പു നൽകിയാണ് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ സംസാരിച്ചു തുടങ്ങിയത്. റഫാൽ ഇടപാടിൽ പ്രതിപക്ഷവും മുഴുവൻ പാർലമെന്റ് അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങൾക്കോരോന്നിനും താൻ ഉത്തരം നൽകും. ഇന്ത്യക്ക് അതീവ തന്ത്രപ്രധാനമായ അതിർത്തികളാണുള്ളത്. പ്രതിരോധ സംവിധാനങ്ങൾ സമയബന്ധിതമായി വാങ്ങേണ്ടതുണ്ട്. കാർഗിൽ യുദ്ധത്തിന് ശേഷം ഇന്ത്യൻ സേനയ്ക്ക് കൂടുതൽ യുദ്ധ സാമഗ്രികൾ ആവശ്യമായി വന്നു എന്നതാണ് യാഥാർഥ്യം. 2004-2015 കാലയളവിൽ ചൈന 400 അത്യാധുനിക യുദ്ധ വിമാനങ്ങൾ വാങ്ങി. 2015ൽ മാത്രം 33 സേനാ വ്യൂഹമാണ് അവർ സജ്ജീകരിച്ചത്. പാക്കിസ്ഥാനും ഇത്തരത്തിൽ വൻതോതിൽ യുദ്ധ സന്നാഹമൊരുക്കി അത്യാധുനിക യുദ്ധ വിമാനങ്ങൾ ഇക്കാലയളവിൽ വാങ്ങിക്കൂട്ടി. ഈ കാലയളവിൽ യു.പി.എ സർക്കാർ 18 പോർവിമാനങ്ങൾ മാത്രമാണു വാങ്ങിയത്. യു.പി.എ സർക്കാർ പ്രതിരോധ മേഖലയിൽ ഇതുവഴി വലിയ പ്രതിസന്ധി ആണ് വരുത്തി വെച്ചത്. എന്നാൽ, 2006 ന് ശേഷം 18 യുദ്ധ വിമാനങ്ങൾ പോലും ഉണ്ടാക്കാനായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 
ഹിന്ദുസ്ഥാൻ എയ്‌റോ നോട്ടിക്‌സ് ലിമിറ്റഡുമായി ദസോയ്ക്ക് കരാറൊന്നുമുണ്ടായിരുന്നില്ല. 108 വിമാനങ്ങൾ നിർമിക്കാൻ ദസോ തീരുമാനിക്കുമ്പോൾ നിശ്ചയിച്ചിരുന്ന സമയപരിധിയേക്കാൾ 2.7 ഇരട്ടി സമയമാണ് എച്ച്എഎൽ ആവശ്യപ്പെട്ടത്. അതിനാൽ ദസോ വിട്ടു നിൽക്കുകയായിരുന്നു. മൂന്നു ദശാബ്ദമായിട്ടും ആവശ്യമായ യുദ്ധ വിമാനങ്ങൾ നിർമിക്കുന്നതിൽ എച്ച്.എ.എൽ പരാജയപ്പെട്ടു എന്ന് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോൺഗ്രസ് ഇപ്പോൾ എച്ച്എഎല്ലിന് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുകയാണ്. കോൺഗ്രസ് 53 തവണ എച്ച്.എ.എല്ലിനെ ഒഴിവാക്കിയപ്പോൾ ഈ സർക്കാർ ഒരു ലക്ഷം കോടി രൂപയുടെ കരാറുകൾ നൽകുകയാണ് ചെയ്തതെന്നും നിർമല സീതാരാമൻ അവകാശപ്പെട്ടു. 83 എൽ.സി.എ തേജ, 15 കോമ്പാറ്റ് ഹെലികോപ്ടറുകൾ, 17 ഡോണിയർ ഹെലികോപ്ടറുകളുടെ ഉൾപ്പടെയുള്ള കരാറുകളാണ് ഈ സർക്കാർ എച്ച്എഎല്ലിന് നൽകിയതെന്നും മന്ത്രി പറഞ്ഞു. 
126 യുദ്ധ വിമാനങ്ങൾ വാങ്ങേണ്ട സ്ഥാനത്ത് മോഡി സർക്കാർ 36 എണ്ണമാക്കി കുറച്ചു എന്നു പറയുന്നത് തെറ്റാണ്. യു.പി.എ സർക്കാർ 18 വിമാനങ്ങൾ വാങ്ങാനിരുന്നിടത്ത് നിന്നാണ് ഈ സർക്കാർ 36 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് രാജ്യത്തെ തെറ്റദ്ധരിപ്പിക്കുകയാണ്. പ്രവർത്തന സജ്ജമായ 18 വിമാനങ്ങൾ വാങ്ങാനും ബാക്കി ഇന്ത്യയിൽ നിർമിക്കാനുമാണ് യു.പി.എ പദ്ധതിയിട്ടത്. എന്നാൽ, ഈ സർക്കാർ വാങ്ങുന്നത് 36 പ്രവർത്തന സജ്ജമായ വിമാനങ്ങളാണെന്നും മന്ത്രി പറഞ്ഞു. അടിയന്തര ആവശ്യങ്ങൾക്കായി രണ്ട് വ്യൂഹങ്ങൾ മതി. 126 വിമാനങ്ങൾ എന്നത് അടിയന്തര ആവശ്യമല്ലെന്നും മന്ത്രി പറഞ്ഞു. 1982ൽ പാക്കിസ്ഥാൻ എഫ്-16 വിമാനങ്ങൾ വാങ്ങിയപ്പോൾ അന്നത്തെ ഇന്ത്യ സർക്കാർ സോവിയറ്റ് യൂണിയനിൽ നിന്ന് രണ്ട് എം.ഐ.ജി-23 വിമാനങ്ങൾ മാത്രമാണ് വാങ്ങാൻ തീരുമാനിച്ചത്. 1985ൽ രണ്ട് വ്യൂഹം മിറാഷ് 2000 ഫ്രാൻസിൽ നിന്നു വാങ്ങി. 1987ൽ എം.ഐ.ജി-29 ന്റെ രണ്ട് വ്യൂഹങ്ങൾ കൂടി വാങ്ങി. 
എച്ച്.എ.എല്ലിനെ ഏൽപ്പിക്കാതെ യു.പി.എ കാലത്ത് ഹെലികോപ്ടറുകൾ വാങ്ങാൻ അഗസ്റ്റ വെസ്റ്റ്‌ലാൻഡിനെ സമീപിച്ചതെന്തിനാണെന്നും പ്രതിരോധ മന്ത്രി ചോദിച്ചു. എച്ച്.എ.എല്ലിൽ നിന്നും നിങ്ങൾക്കൊന്നും ലഭിക്കില്ലെന്നു മനസിലാക്കിയായിരുന്നു ആ നീക്കം. ക്രിസ്ത്യൻ മിഷേൽ ഇപ്പോൾ ഇന്ത്യയിൽ എത്തിയതിൽ കോൺഗ്രസ് പരിഭ്രാന്തിയിൽ ആണെന്നും നിർമല സീതാരാമൻ പറഞ്ഞു. 
അതിനിടെ ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ് ഒളാന്ദെയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി എന്ന പരാമർശം വന്നതോടെ പ്രതിപക്ഷ നിരയിൽ നിന്നും ബഹളം ഉയർന്നു. കോൺഗ്രസ് നുണകൾ പറഞ്ഞു രാജ്യത്തെയാകെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ വിശദീകരണം നൽകാനായി രാഹുൽ ഗാന്ധി എഴുന്നേറ്റെങ്കിലും പിന്നീട് അവസരം നൽകാമെന്നാണ് സ്പീക്കർ പറഞ്ഞത്. 
വിമാനത്തിന്റെ വിലയെക്കുറിച്ചു ചോദ്യങ്ങൾ ഉന്നയിക്കുന്നത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നാണ് മന്ത്രി പറഞ്ഞത്. കോൺഗ്രസ് ഇത്തരം ഇടപാടുകളിൽ എത്ര തവണ വില വിവരം വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെതിരായ പല പ്രതിഷേധ റാലികളിലും കോൺഗ്രസ് റഫാൽ വിമാനങ്ങളുടെ വില വിവരം പല തരത്തിലാണ് പറഞ്ഞിരുന്നത്. 526 കോടി രൂപക്കാണ് തങ്ങൾ കരാർ രൂപീകരിച്ചതെന്നു കോൺഗ്രസ് പറയുന്നതിൽ സ്ഥിരീകരണമില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, നരേന്ദ്ര മോഡി സർക്കാർ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച കരാറിൽ ആണ് ഏർപ്പെട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ വില വിവരങ്ങൾ സി.എ.ജിക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest News