Sorry, you need to enable JavaScript to visit this website.

അസ്തമിക്കുന്ന പ്രതീക്ഷകൾ പ്രചോദനമാകും


പുതുതായി 12 മേഖലകളിൽ നടപ്പാക്കിയ സൗദിവൽക്കരണം ഈ മാസം പൂർത്തിയാക്കുന്നതോടൊപ്പം  ഊദ്, അത്തർ, തുണിത്തരങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെല്ലാമുപരി ബഖാലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനമായിരിക്കും മലയാളികളെ ഇനി ഏറെ ബാധിക്കുക. കാരണം ഈ മേഖലകളിൽ  ജോലി ചെയ്യുന്നവരിൽ അധികപേരും മലയാളികളാണ്. 

പ്രതീക്ഷകൾ അസ്തമിക്കാറില്ല. ഓരോ വർഷം പിന്നിടുമ്പോഴും പുതുപുത്തൻ പ്രതീക്ഷകളാണ് പ്രവാസികളെ നയിക്കുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം പിന്നിട്ട വർഷങ്ങൾ അവർക്ക് സമ്മാനിച്ചത് സൗഭാഗ്യങ്ങളായിരുന്നു. എന്നാൽ ഗൾഫ് മേഖലയിൽ, പ്രത്യേകിച്ച് സൗദി അറേബ്യയിൽ കഴിഞ്ഞ ഏതാനും വർഷമായി പ്രതീക്ഷകൾ പലതും പൂവണിയാതെ പോകുന്നത് നിരാശക്ക് വഴിമാറുന്നുണ്ട്.
ഇതിനു കാരണം  തൊഴിൽ നഷ്ടം മാത്രമല്ല, ദീർഘകാലത്തെ പ്രയത്‌നഫലമായി പടുത്തുയർത്തിയ സ്ഥാപനങ്ങൾ പലർക്കും വിട്ടൊഴിയേണ്ടിവന്നതാണ്. പല വിധത്തിലുള്ള സാമ്പത്തിക അധിക ബാധ്യതകൾ വന്നു ചേർന്നപ്പോൾ കുടുംബങ്ങളെ  നാട്ടിലേക്ക് മടക്കി അയക്കേണ്ടിയും വന്നു.  ഇതു വരുത്തിയ മാനസിക സംഘർഷങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കുമിടയിലും  ചുവടുകൾ മാറ്റിച്ചവിട്ടി പിടിച്ചുനിൽക്കാൻ പലരും ശ്രമിച്ചു. പക്ഷേ അതും എളുപ്പമല്ല എന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
 2011 ജൂണിൽ തുടങ്ങിയ നിതാഖാത് മുതൽ ഇങ്ങോട്ട് ഓരോ വർഷവും കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയായിരുന്നു. മതിയായ രേഖകളില്ലാതെ ഒരാൾക്കും തൊഴിൽ കണ്ടെത്താനാവാത്ത സാഹചര്യം ഉടലെടുത്തതോടെ പൊതുമാപ്പിന്റെയും മറ്റും ആനുകൂല്യത്തിൽ ആയിരങ്ങൾ നാട്ടിലേക്കു മടങ്ങി. തൊട്ടുപിറകെ വന്ന സ്വദേശിവൽക്കരണത്തിന്റെ ഫലമായി പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടമുണ്ടായി. ആദ്യം ആഭരണ മേഖല, പിന്നെ മൊബൈൽ, പച്ചക്കറി അങ്ങനെ ഓരോ മേഖലകളിലേക്ക് അതു പടർന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ സാമ്പത്തിക മാന്ദ്യം കൂടിയായപ്പോൾ  പല സ്ഥാപനങ്ങളും മുന്നോട്ടു കൊണ്ടുപോകാനാവാതെ താഴിട്ടു. അവിടെ ജോലി ചെയ്തിരുന്നവരിൽ പലർക്കും ആനുകൂല്യങ്ങൾ പോലും കൈയൊഴിയേണ്ടിവന്നു. 2017 ജൂലൈ മുതൽ ആശ്രിത വിസയിൽ കഴിയുന്നവർക്ക് ലെവി ഏർപ്പെടുത്തുക കൂടിയായപ്പോൾ അവശേഷിച്ച ജോലികളിൽ പിടിച്ചു നിന്നിരുന്നവർക്ക് കുടുംബങ്ങളുമായി കഴിയുക പ്രയാസകരമായി. 2018 ജനുവരി മുതൽ തൊഴിലാളികളുടെ ലെവിയും സെപ്റ്റംബർ മുതൽ 12 മേഖലകളിൽ കൂടി സ്വദേശിവൽക്കരണവും കൂടിയായപ്പോൾ  പ്രതിസന്ധിയേറി. കച്ചവട മേഖലയുമായി ബന്ധപ്പെട്ട സ്വദേശിവൽക്കരണം വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്നവരെയാണ് അധികവും ബാധിച്ചിരുന്നതെങ്കിൽ ആരോഗ്യം, സാങ്കേതികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സ്വദേശിവൽക്കരണം ഉന്നത സ്ഥാനങ്ങളിലിരുന്ന വിദ്യാസമ്പന്നരെയാണ് ബാധിച്ചത്. ഉദാഹരണത്തിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 19,000 വിദേശ എൻജിനീയർമാർക്കാണ് തൊഴിൽ നഷ്ടമുണ്ടായത്.  അതുപോലെ മറ്റു മേഖലകളിലും തൊഴിൽ രഹിതരായവർ നിരവധി. എങ്കിലും പ്രവാസത്തിന്റെ തനതു സ്വഭാവമായ പ്രതീക്ഷ കൈവിടാതെ മാറ്റങ്ങൾക്കായി പുതു വർഷത്തെ കാത്തിരുന്നവർക്കും നിരാശയായിരുന്നു ഫലം.   2019 ലെ ബജറ്റ് നിർദേശങ്ങളും പുതിയ മേഖലകളിലെ സ്വദേശിവൽക്കരണ പ്രഖ്യാപനങ്ങളുമാണിതിനു കാരണം. പുതിയ സാമ്പത്തിക വർഷത്തിൽ ലെവി പിൻവലിക്കുമെന്ന് ഏറെ പേർ പ്രതീക്ഷ പുലർത്തിയിരുന്നു. എന്നാൽ അതിൽ പ്രതീക്ഷക്കു വകയില്ലെന്ന് ബന്ധപ്പെട്ടവരിൽ നിന്നു തന്നെ വന്ന പ്രസ്താവനകളിൽ വ്യക്തമായി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ബാധകമാക്കിയ ലെവിയെ പറ്റിയുള്ള പഠന റിപ്പോർട്ട് ഒരു മാസത്തിനകം പരസ്യപ്പെടുത്തുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽ ഖസബിയുടെ പ്രസ്താവന ഇതിനിടെ വന്നിട്ടുണ്ടെങ്കിലും ലെവി നിലനിർത്തുകയെന്നതാണ് സർക്കാർ നയം എന്നുകൂടി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  ഇതിൽ നിന്നും ചെറിയ മാറ്റങ്ങൾ ഉണ്ടായാലും ലെവി നിലനിൽക്കുമെന്നു തന്നെ വേണം കരുതാൻ.
പുതുതായി 12 മേഖലകളിൽ നടപ്പാക്കിയ സൗദിവൽക്കരണം ഈ മാസം പൂർത്തിയാക്കുന്നതോടൊപ്പം  ഊദ്, അത്തർ, തുണിത്തരങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെല്ലാമുപരി ബഖാലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനമായിരിക്കും മലയാളികളെ ഇനി ഏറെ ബാധിക്കുക. കാരണം ഈ മേഖലകളിൽ  ജോലി ചെയ്യുന്നവരിൽ അധികപേരും മലയാളികളാണ്. ബഖാലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിലൂടെ 35,000 സ്വദേശി യുവാക്കൾക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമിടുന്നത്.   ബഖാലകളിൽ 1,60,000 വിദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവർ പ്രതിവർഷം 600 കോടിയിലേറെ റിയാൽ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.   ഈ തുക സ്വദേശിവൽക്കരണത്തിലൂടെ പ്രാദേശികമായി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന വിലയിരുത്തലാണുള്ളത്.  ഇതോടൊപ്പം ബഖാലകൾ നടത്തുന്നതിന് പുതിയ വ്യവസ്ഥകളും കൊണ്ടുവരികയാണ്.  ഇപെയ്‌മെമെന്റ്, ആധുനികവൽക്കരണം തുടങ്ങി ഒട്ടേറെ നിബന്ധനകളാണ്   കൊണ്ടുവരുന്നത്. ഇതോടെ ബഖാല നടത്തിപ്പ് ചെലവേറിയതായി മാറും. ഇത് ചെറിയ തോതിൽ ബഖാലകൾ നടത്തി ഉപജീവനം കണ്ടെത്തുന്ന വിദേശികളെ അത് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കും. ബിനാമി ബിസിനസുകളുടെ കേന്ദ്രമായാണ് ബഖാലകളെ കണ്ടെത്തിയിട്ടുള്ളത്. ഓരോ ബഖാലകളും 2000 മുതൽ 4000 റിയാൽ വരെ പ്രതിമാസം സ്വദേശികൾക്ക്  നൽകിയാണ് ബഖാലകൾ നടത്തുന്നതെന്നാണ് പഠന റിപ്പോർട്ട്.    ബഖാലകളിൽ ജോലി ചെയ്യുന്നതിന് പ്രത്യേക പ്രാവീണ്യം ആവശ്യമില്ല എന്നതും സ്വദേശി യുവാക്കൾക്ക് ആകർഷകമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്ന പണത്തിന്  തടയിടാനും അത് രാജ്യത്തിനകത്തു തന്നെ ചെലവഴിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാനും കഴിയും.   ഘട്ടം ഘട്ടമായിട്ടായിരിക്കും ഇതു നടപ്പാക്കുകയെങ്കിലും ഈ തീരുമാനം എറ്റവും  പ്രതികൂലമായി ബാധിക്കുക മലയാളികളെയായിരിക്കും. മറ്റു മേഖലകളിലെല്ലാം സ്വദേശിവൽക്കരണം  നടപ്പാക്കിയപ്പോഴും ബഖാലകൾ ഒഴിവാക്കപ്പെട്ടിരുന്നത്  മലയാളികൾക്ക് ഏറെ ആശ്വാസം പകർന്നിരുന്നു. ആ മേഖല കൂടി ഇല്ലാതാകുന്നതോടെ കേരളത്തിലേക്കൊഴുകുന്ന പണത്തിൽ ഗണ്യമായ കുറവുണ്ടാകും. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. ഇപ്പോൾ തന്നെ ഗൾഫ് മേഖലയിൽ നിന്നുള്ള പണത്തിന്റെ ഒഴുക്കിൽ ഉണ്ടായ കുറവ് കേരളത്തിലെ വൻകിട, ചെറുകിട സ്ഥാപനങ്ങൾ മുതൽ ടാക്‌സി, ഓട്ടോ മേഖലയെ വരെ  ബാധിച്ചിട്ടുണ്ട്. തകർച്ചയെ നേരിടുന്ന റിയൽ എസ്റ്റേറ്റ് മേഖലക്ക് അത് വീണ്ടും ക്ഷീണം ഉണ്ടാക്കും. 
അങ്ങനെ മൊത്തത്തിൽ വിലയിരുത്തിയാൽ  പ്രവാസികളെ സംബന്ധിച്ചിടത്തോളം പുതുവർഷവും പ്രതീക്ഷാനിർഭരമല്ല. പക്ഷേ, പുതിയ പ്രദേശങ്ങളിലേക്കും പുതുപുത്തൻ മേഖലകളിലേക്കുമുള്ള പ്രയാണത്തിന് ഇത് പ്രചോദനമേകും.

 

Latest News