എല്‍പിജി സിലിണ്ടര്‍ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു; ദല്‍ഹിയില്‍ ഏഴു മരണം

ന്യുദല്‍ഹി- പടിഞ്ഞാറന്‍ ദല്‍ഹിയിലെ മോതി നഗറില്‍ ഒരു ചെറുകിട ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ എല്‍പിഡി സിലിണ്ടര്‍ സ്‌ഫോടനത്തില്‍ അഞ്ചു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. കെട്ടിടത്തിനകത്ത് കുടുങ്ങിയ എട്ടു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മോതി നഗറിലെ സുദര്‍ശന്‍ പാര്‍ക്കിലെ ഇരു നില കെട്ടിടത്തിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. സീലിംഗ് ഫാനുകള്‍ക്ക് പെയിന്റടിക്കുന്ന ജോലികളാണ് ഇവിടെ നടന്നു വന്നിരുന്നത്. രാത്രി 8.48-ഓടെയാണ് സംഭവം. ഈ സ്ഥാപനത്തിന്റെ ഉടമയും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ദല്‍ഹി അഗനിശമന സേല, ദേശീയ ദുരന്ത നിവാരണ സേന എന്നിവര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. കെട്ടിടത്തിനടിയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

Latest News