മോഡിക്ക് ട്രംപിന്റെ പരിഹാസം; അഫ്ഗാനിലെ ലൈബ്രറി ആര് ഉപയോഗിക്കാൻ?

വാഷിംഗ്ടൺ/കാബൂൾ- അഫ്ഗാനിസ്ഥാനിൽ ലൈബ്രറി നിർമിക്കാൻ ധനസഹായം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. അഫ്ഗാനിസ്ഥാന്റെ വികസനത്തിനായി ഇന്ത്യ നൽകുന്ന നിർണായക സഹായം അവിടത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ വക്താക്കൾ പ്രതികരിച്ചു.
വിദേശത്തെ സൈനിക ആവശ്യങ്ങൾക്ക് അമേരിക്ക പണം ചെലവഴിക്കുന്നത് കുറയ്ക്കണമെന്ന തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു ട്രംപ്. ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം നിറഞ്ഞ പരാമർശം. അഫ്ഗാനിസ്ഥാനിൽ തങ്ങൾ ലൈബ്രറി നിർമിച്ചുവെന്ന് മോഡി കൂടെക്കൂടെ പറയാറുണ്ടെന്നായിന്നു ട്രംപ് പറഞ്ഞത്. 'ഓ, ലൈബ്രറിക്ക് നന്ദി എന്ന് ഞങ്ങൾ പറയുമെന്നായിരിക്കും ഉദ്ദേശിച്ചത്. അഫ്ഗാനിസ്ഥാനിൽ ആരാണ് ലൈബ്രറി ഉപയോഗിക്കുന്നതെന്ന് എനിക്കറിയില്ല' -എന്നായിരുന്നു ട്രംപ് പറഞ്ഞത്.
എന്നാൽ ഏത് ലൈബ്രറിയുടെ കാര്യമാണ് ട്രംപ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ കാര്യമായ സഹായം നൽകുന്ന രാജ്യമാണ് ഇന്ത്യ.
അമേരിക്കൻ സൈന്യം താലിബാൻ ഭരണകൂടത്തെ കാബൂളിൽ നിന്ന് തുരത്തിയ ശേഷം അവിടെ നടക്കുന്ന പുനർനിർമണത്തിന് ഇതുവരെ ഇന്ത്യ 300 കോടി ഡോളർ നൽകിക്കഴിഞ്ഞു. കാബൂളിലെ പാർലമെന്റ് മന്ദിരം പണിയുന്നത് ഇന്ത്യൻ സഹായത്തോടെയാണ്. കൂടാതെ അവിടെ സ്‌കൂളുകളും ഇന്ത്യ നിർമിച്ചു നൽകി. അഫ്ഗാൻ സർക്കാരുമായി ചേർന്നാണ് ഇന്ത്യ അവിടെ പണം ചെലവഴിക്കുന്നതെന്നും, അതെല്ലാം തന്നെ ആ രാജ്യത്തിന്റെ വികസനവും, നാട്ടുകാരുടെ പുരോഗതിയും ലക്ഷ്യമിട്ടുള്ളതാണെന്നും കേന്ദ്ര സർക്കാർ വക്താക്കൾ വെളിപ്പെടുത്തി. സമാധാന പാലനത്തിനല്ലാതെ ഇന്ത്യ, അഫ്ഗാനിൽ സൈന്യത്തെ അയച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

 

Latest News