Sorry, you need to enable JavaScript to visit this website.

അയോധ്യ, ശബരിമല: ഓർഡിനൻസ്  ഇറക്കുന്നതിനെതിരെ പസ്വാൻ

ന്യൂദൽഹി - അയോധ്യ, ശബരിമല വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നതിനെതിരെ ബി.ജെ.പി സഖ്യകക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പസ്വാൻ. രണ്ട് കാര്യത്തിലും സുപ്രീം കോടതി വിധി അന്തിമമായിരിക്കണമെന്നും എല്ലാവർക്കും ഇത് ബാധകമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധി വൈകുന്നതിനാൽ രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെടുന്നതിനിടെയാണ് പ്രമുഖ എൻ.ഡി.എ നേതാവ് തന്നെ എതിർപ്പ് പരസ്യമാക്കിയിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ കാര്യത്തിൽ സുപ്രീം കോടതി വിധി എന്തുതന്നെയായാലും എല്ലാവരും അംഗീകരിക്കണം. അത് ഹിന്ദുവോ, മുസ്‌ലിമോ ആരോ ആയിക്കൊള്ളട്ടെ പസ്വാൻ പറഞ്ഞു.
ഈ വിഷയത്തിൽ ബി.ജെ.പി നിലപാടിനോട് വിയോജിക്കുന്ന രണ്ടാമത്തെ എൻ.ഡി.എ കക്ഷിയാണ് പസ്വാന്റെ എൽ.ജെ.പി. നേരത്തെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറും സമാന നിലപാട് സ്വീകരിച്ചിരുന്നു. അയോധ്യ വിഷയം കോടതി വിധിയിലൂടെയോ ബന്ധപ്പെട്ട കക്ഷികൾക്കിടയിലെ അനുരഞ്ജനത്തിലൂടെയോ പരിഹരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

 

Latest News