റിയാദ് - സൗദി വ്യവസായി ഹസൻ ബിൻ അലി ആലുസനദിനെ (72) മൂന്നു വർഷം മുമ്പ് ഈജിപ്തിൽ വെച്ച് തട്ടിക്കൊണ്ടുപോയ പ്രതിയെ ഈജിപ്ഷ്യൻ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. 2016 ഏപ്രിൽ 25 ന് ആണ് ഏതാനും പേരടങ്ങിയ സംഘം ഈജിപ്തിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളായ സൗദി വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. സൗദിയിലേക്ക് മടങ്ങുന്നതിന് എയർപോർട്ടിലേക്കുള്ള മാർഗമധ്യേയാണ് സൗദി വ്യവസായിയെയും ഡ്രൈവറെയും സംഘം തട്ടിക്കൊണ്ടുപോയത്.
കണ്ണുകൾ മൂടിക്കെട്ടി സൂയസിൽ ഇസ്മായിലിയ, കയ്‌റോ മരുഭൂ റോഡിനോട് ചേർന്ന താഴ്‌വരയിലേക്ക് ഇരുവരെയും കൊണ്ടുപോയ സംഘം ഇരുമ്പു ചങ്ങലകൾ ഉപയോഗിച്ച് രണ്ടു പേരെയും ബന്ധിച്ച് ഇരുമ്പ് കൂട്ടിൽ ബന്ദികളാക്കുകയായിരുന്നു.
ഇരുവരെയും ശാരീരികമായി പീഡിപ്പിച്ച സംഘം കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വ്യവസായിയെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയ സംഘം ബന്ധുക്കളിൽ നിന്ന് 50 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് (2,80,000 അമേരിക്കൻ ഡോളർ) മോചന ദ്രവ്യമായി കൈപ്പറ്റിയാണ് ഇരുവരെയും വിട്ടയച്ചത്. കേസിൽ പ്രതികളായ ഏഴു പേരെ നേരത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുരക്ഷാ വകുപ്പുകൾക്ക് അറസ്റ്റ് ചെയ്യാൻ സാധിക്കാതിരുന്ന അഞ്ചു പ്രതികളെ അവരുടെ അഭാവത്തിൽ വിചാരണ പൂർത്തിയാക്കി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികൾക്കെല്ലാവർക്കും ഇരുപതിനായിരം ഈജിപ്ഷ്യൻ പൗണ്ട് വീതം പിഴ ചുമത്തുകയും ചെയ്തിരുന്നു. കേസിൽ സുരക്ഷാ വകുപ്പുകൾക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട 32 കാരനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.