2000 രൂപയുടെ കറന്‍സി അച്ചടി വെട്ടിക്കുറച്ചു 'മിനിമം' ആക്കി

ന്യൂദല്‍ഹി- നോട്ടു നിരോധനത്തിനു ശേഷം പുതുതായി അവതരിപ്പിച്ച 2000 രൂപയുടെ കറന്‍സി അച്ചടി റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ച് ഏറ്റവും കുറഞ്ഞ തോതിലാക്കിയെന്ന് ധനകാര്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടായിരം രൂപയുടെ നോട്ട് ഘട്ടങ്ങളായി പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടികള്‍ക്കിടെയാണ് അച്ചടി കുറച്ചെന്ന വിവരം പുറത്തു വരുന്നത്. 2016 നവംബറിലാണ് 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ച് പകരം 500-ന്റെ പുതിയ നോട്ടിനൊപ്പം 2000 രൂപയുടെ നോട്ട് ആദ്യമായി അവതരിപ്പിച്ചത്. വിപണിയിലുള്ള കറന്‍സിയുടെ കണക്കനുസരിച്ച് സര്‍ക്കാരും റിസര്‍വ് ബാങ്കുമാണ് കറന്‍സി അച്ചടി തീരുമാനിക്കുക.

നോട്ടുനിരോധനത്തിനു ശേഷം വിപണിയിലെ കറന്‍സി ലഭ്യത പൂര്‍വ്വസ്ഥിതിയിലാകുന്നതോടെ 2000 രൂപാ നോട്ടുകളുടെ അച്ചടി കുറക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും ഉദ്യോഗ്‌സഥന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അച്ചടി മിനിമം നിലയിലെത്തിച്ചിരിക്കുന്നതെന്നും ഇതില്‍ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 3,285 ദശലക്ഷം 2000 രൂപാ നോട്ടുകളാണ് വിപണിയിലുള്ളത്. 

Latest News