Sorry, you need to enable JavaScript to visit this website.

മൃതദേഹങ്ങള്‍ക്കൊപ്പം നൃത്തം; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

ജിദ്ദ - കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി അനാട്ടമി വിഭാഗത്തില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത അഞ്ചു യുവാക്കളെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശിച്ചിരുന്നു. നാലു സൗദി യുവാക്കളും യെമനിയുമാണ് അറസ്റ്റിലായത്.
കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ ഓപറേഷന്‍സ്, മെയിന്റനന്‍സ് കരാറേറ്റെടുത്ത കമ്പനിക്കു കീഴില്‍ കൂളിംഗ്, എയര്‍ കണ്ടീഷനിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന യെമനിയാണ് വിഡിയോ ചിത്രീകരിച്ചത്. ഈ യുവാവാണ് അറസ്റ്റിലായവരില്‍ ഒരാള്‍. യെമനിയാണ് യൂനിവേഴ്‌സിറ്റിക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് ദൃശ്യം അയച്ചുകൊടുത്തത്. ചിത്രീകരിക്കുന്നതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് ജിദ്ദ പോലീസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മക്ക ഗവര്‍ണര്‍ നിര്‍ദേശിച്ചതിനു പിന്നാലെ കേസന്വേഷണത്തിന് ജിദ്ദ പോലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. വൈകാതെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് സാധിച്ചു. കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് ഔദ്യോഗിക കരാര്‍ പ്രകാരം വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മൃതദേഹങ്ങളാണ് അനാട്ടമി വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് സര്‍വകലാശാലാ വക്താവ് ഡോ. ശാരിഅ് അല്‍ബഖമി പറഞ്ഞു. പഠന സമയമല്ലാത്ത നേരത്ത് അനാട്ടമി വിഭാഗത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. പഠന ഘട്ടത്തിന് അനുസൃതമായി പേരുകള്‍ പ്രത്യേകം നിര്‍ണയിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വിദഗ്ധര്‍ക്കും മാത്രമാണ് അനാട്ടമി വിഭാഗത്തില്‍ പ്രവേശിക്കുന്നതിന് അനുമതിയുള്ളതെന്നും യൂനിവേഴ്‌സിറ്റി വക്താവ് പറഞ്ഞു.
പുതുവത്സര രാത്രിയില്‍ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തില്‍ അതിക്രമിച്ചു കയറിയ അഞ്ചു യുവാക്കള്‍ മൃതദേഹങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെട്ടത്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഹ്മൂദ് അല്‍അഹ്‌വലിന്റെ മേല്‍നോട്ടത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് യൂനിവേഴ്‌സിറ്റി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. യൂനിവേഴ്‌സിറ്റി ആശുപത്രി ഡയറക്ടറും യൂനിവേഴ്‌സിറ്റിയിലെ ഏതാനും അണ്ടര്‍ സെക്രട്ടറിമാരും വിദഗ്ധരും കമ്മിറ്റിയില്‍ അംഗങ്ങളാണ്. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് ക്ലിപ്പിംഗ് ചിത്രീകരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
കോര്‍ണിഷിലേക്ക് നടത്തിയ ഉല്ലാസ യാത്രക്കു ശേഷമാണ് മൃതദേഹങ്ങള്‍ക്കൊപ്പം പുതുവത്സരപ്പിറവി ആഘോഷിക്കുന്നതിന് മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തില്‍ പ്രവേശിച്ചതെന്ന് ക്ലിപ്പിംഗില്‍ യുവാക്കള്‍ പറയുന്നു. മൃതദേഹങ്ങള്‍ സൂക്ഷിച്ച ബോക്‌സുകളുടെ മൂടികള്‍ തുറന്ന് മൃതദേഹങ്ങളെ യുവാക്കള്‍ പരിഹസിക്കുന്ന ദൃശ്യങ്ങളും 120 സെക്കന്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പിംഗിലുണ്ട്.

 

 

Latest News