Sorry, you need to enable JavaScript to visit this website.

കാസർകോട്ട് ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം

കാസർകോട്- ശബരിമല കർമ സമിതിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താലിന്റെ മറവിൽ വ്യാപകമായി അക്രമം നടന്നു. കാസർകോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളിൽ ഹർത്താൽ പൂർണമായിരുന്നു. ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. അതേസമയം, ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ ഹർത്താൽ അത്രയൊന്നും ബാധിച്ചില്ല. നഗരങ്ങൾ ഒഴിച്ച് ഗ്രാമ പ്രദേശങ്ങളിൽ ജനജീവിതം സാധാരണ പോലെയായിരുന്നു. ഹർത്താലിന്റെ മറവിൽ നടന്ന കല്ലേറിൽ ആറ് കെ.എസ്.ആർ.ടി.സി ബസുകൾ തകർന്നിട്ടുണ്ട്. മുൻകരുതലായി 20 ഓളം ശബരിമല കർമ സമിതി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നീലേശ്വരത്ത് ബി.ജെ.പി ഓഫീസ് തകർത്തു. പള്ളിക്കര പൂച്ചക്കാട് വിശ്വഹിന്ദു പരിഷത്ത് ജില്ലാ നേതാവിന്റെ വീടിന് മുന്നിൽ റീത്ത് വെച്ചു. കാസർകോട് നുള്ളിപ്പാടിയിൽ ബി.ജെ.പിയുടെ മുൻ നഗരസഭാ കൗൺസിലർക്കും ചരലടുക്കയിൽ സി.പി.എം പ്രവർത്തകനും വെട്ടേറ്റു. 
കാസർകോട് ഭാഗങ്ങളിൽ സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമമുണ്ടായി. കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിൽ സി.പി.എം പ്രവർത്തകന്റെ വീടിന് നേരെയും അക്രമമുണ്ടായി. ജില്ലയുടെ പല ഭാഗങ്ങളിലും റോഡ് തടയുകയും തീ കത്തിക്കുകയും ഉപരോധം നടത്തുകയും ചെയ്തു. 
കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. എന്നാൽ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിൽ ഹർത്താൽ ഭാഗിക പ്രതികരണമാണ് സൃഷ്ടിച്ചത്. നീലേശ്വരം, ചെറുവത്തൂർ, കാലിക്കടവ് പ്രദേശങ്ങളിൽ ജനജീവിതം സാധാരണ പോലെയായിരുന്നു. ഇവിടങ്ങളിൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്തി. സി.പി.എം ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിൽ വാഹനങ്ങൾ ഓടുകയും കടകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. അതേസമയം അക്രമം ഭയന്ന് സ്വകാര്യ ബസുകൾ ജില്ലയിൽ എവിടെയും നിരത്തിലിറങ്ങിയില്ല. കല്ലേറിൽ നിരവധി ബസുകൾ തകർന്നതോടെ കെഎസ്ആർടിസി ബസുകളും ഓട്ടം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുചക്ര വാഹനങ്ങൾ ഒഴിച്ച് മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഹർത്താൽ ആഹ്വാനത്തിന് പിന്നാലെ ബുധനാഴ്ച രാത്രിയാണ് കാസർകോട് ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപകമായ കല്ലേറുണ്ടായത്. കല്ലേറിൽ ആറ് കെഎസ്ആർടിസി ബസുകൾ തകർന്നു. കാസർകോട് ഡിപ്പോയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുകൾക്ക് നേരെ രാത്രി എട്ട് മണിക്കും പത്ത് മണിക്കും ഇടയിലാണ് വിവിധ കേന്ദ്രങ്ങളിൽ അക്രമം ഉണ്ടായത്. കൊല്ലൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് നേരെ കേരള അതിർത്തിയായ മഞ്ചേശ്വരത്ത് വെച്ചാണ് അക്രമം ഉണ്ടായത്. കല്ലേറിൽ ബസിന്റെ ചില്ലുകളെല്ലാം തകർന്നു. ആർക്കും പരിക്കില്ല. മഞ്ചേശ്വരം പോലീസ് എത്തി ബസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തെ തുടർന്ന് കൊല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ദീർഘദൂര യാത്രക്കാർ ബുദ്ധിമുട്ടിലായി. കർണാടക പുത്തൂരിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന ആർ.എൻ.കെ 366 ബസിന് നേരെ അടുക്കസ്ഥലയിൽ വെച്ചാണ് കല്ലേറുണ്ടായത്. മംഗളൂരുവിൽ നിന്ന് കാസർകോട് ഡിപ്പോയിലേക്ക് വരികയായിരുന്നു ആർ.എസ്.ഇ 503 ബസിന് നേരെ മഞ്ചേശ്വരം തുമ്മിനാട് വെച്ചും ആർ.എസ്.ഇ 427 ബസിനു നേരെ ബന്തിയോട് വെച്ചും ഷിറിയ, വിടഌഎന്നിവിടങ്ങളിൽ വെച്ചും ബസുകൾക്ക് നേരെ കല്ലേറുണ്ടായി. 
     കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും ഹർത്താലിനെ തുടർന്ന് വാഹനങ്ങളൊന്നും സർവീസ് നടത്തിയില്ല. കടകൾ ഭാഗികമായി അടഞ്ഞു കിടന്നു. ഏതാനും കടകളും ഹോട്ടലുകളും തുറന്നു പ്രവർത്തിച്ചു. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും മറ്റു സ്വകാര്യ വാഹനങ്ങളും ഓടിയിരുന്നു. കോട്ടച്ചേരി ബസ് സ്റ്റാൻഡിലും ടൗണിന്റെ മറ്റു ഭാഗങ്ങളിലും കനത്ത പോലീസ് സന്നാഹം ഉണ്ടായിരുന്നു. തുറക്കുന്ന കടകൾക്ക് സംരക്ഷണം പോലീസ് അറിയിച്ചിരുന്നു. കടകൾ തുറക്കാൻ തയാറാണെന്ന് വ്യാപാരികളും വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് കുറെ കടകൾ തുറന്നത്. സി.പി.എം പ്രവർത്തകരും ചുമട്ടു തൊഴിലാളികളും ഹർത്താൽ പരാജയപ്പെടുത്താൻ രംഗത്തിറങ്ങിയിരുന്നു. 
ചെറുവത്തൂരിൽ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും സാധാരണ പോലെ പ്രവർത്തിച്ചു. വാഹനങ്ങളെല്ലാം ഓടുകയും ചെയ്തു. കാലിക്കടവിലും കടകളെല്ലാം തുറന്നു. അതേസമയം തൃക്കരിപ്പൂരിൽ കടകൾ തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനം നടപ്പിലായില്ല. കട കമ്പോളങ്ങളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. 
 

Latest News