Sorry, you need to enable JavaScript to visit this website.

നിതിൻ ഗഡ്കരിയുടെ  പടയൊരുക്കം

മോഡി - അമിത് ഷാ നേതൃത്വത്തിനെതിരായ നിതിൻ ഗഡ്കരിയുടെ പൊട്ടിത്തെറികൾ ഒറ്റപ്പെട്ട ഒന്നായി സംഘ്പരിവാർ പാളയത്തിലെ ബലതന്ത്രങ്ങളുടെ മർമം അറിയുന്ന ആരും കരുതുകയില്ല. സംഘ്പരിവാർ പാളയത്തിലെ പടയൊരുക്കം മറ നീക്കി പുറത്തു വരുന്നു. നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനവുമായി ബി.ജെ.പിയിലെ മറ്റാരെക്കാളും ഉറ്റ ബന്ധം പുലർത്തുന്ന ആളായാണ് ഗഡ്കരി അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ഗഡ്കരി ഉന്നയിക്കുന്ന, പരിഹാസവുമായി അതിർവരമ്പിടുന്ന വിമർശനങ്ങൾക്ക് നാഗ്പൂരിന്റെ അനുഗ്രഹാശിസ്സുകളും ശക്തമായ പിന്തുണയും ഉണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ മോഡി അമിത് ഷാ കൂട്ടുകെട്ടിന്റെ സമഗ്രാധിപത്യത്തിൽ വിള്ളൽ വീഴ്ത്തിയ വേളയിലാണ് അവർക്കെതിരെ അകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ വെല്ലുവിളി ഉയരുന്നത്. 
'തോൽവികളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ നേതൃത്വം തന്റേടം കാണിക്കണം. നേതൃത്വത്തിന് സംഘടനയോടുള്ള വിധേയത്വം തെളിയിക്കേണ്ടത് പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താണ്.' ഗഡ്കരി മോഡി - ഷാ നേതൃത്വത്തിന് നേരെ നടത്തിയ ഈ കടന്നാക്രമണം യാതൊരു മറയുമില്ലാത്തതാണ്. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ബി.ജെ.പിക്കും സംഘ്പരിവാറിനുള്ളിൽ നിന്നും ഉയർന്നിട്ടില്ലാത്ത നേരിട്ടുള്ള വിമർശനമാണ് ഗഡ്കരി തൊടുത്തു വിട്ടിരിക്കുന്നത്. ബി.ജെ.പിയുടെ വൃദ്ധസദനം എന്നു വിശേഷിപ്പിക്കപ്പെടുന്ന 'മാർഗദർശക് മണ്ഡല'ത്തിലെ മുതിർന്ന നേതാക്കൾ പോലും ഉന്നയിക്കാൻ ധൈര്യപ്പെടാത്ത വിമർശന ശരങ്ങളാണ് ഗഡ്കരിയിൽ നിന്നും ഉയരുന്നത്. 'ഞാനാണ് പാർട്ടി പ്രസിഡന്റെങ്കിൽ എന്റെ എം.പിമാരും എം.എൽ.എമാരും വേണ്ടവിധം പ്രവർത്തിക്കുന്നില്ലെങ്കിൽ ആരായിരിക്കും അതിന് ഉത്തരവാദി? ഞാൻ തന്നെ.' ഗഡ്കരി കടന്നാക്രമിക്കുന്നത് പാർട്ടി പ്രസിഡന്റ് അമിത് ഷായെ തന്നെയാണ്. 
ഗഡ്കരി നൽകുന്ന സൂചനകൾ സുവ്യക്തമാണ്. പാർട്ടിക്കുള്ളിലും സംഘ്പരിവാറിലും എൻ.ഡി.എ സഖ്യത്തിലും മോഡി - ഷാ നേതൃത്വത്തിനെതിരെ ഉരുണ്ടുകൂടുന്ന എതിർപ്പ് അവർക്കാകെ ദിശാബോധം നൽകുന്ന ആർ.എസ്.എസിനെ തന്നെ അസ്വസ്ഥമാക്കിയിരിക്കുന്നു എന്നതാണ് അത്. പതിവിനു വിപരീതമായി രേഖാമൂലം പരാതിയുമായി നാഗ്പൂരിനെ സമീപിക്കുന്ന നേതാക്കളുടെ വികാര പ്രകടനത്തോടുള്ള പ്രതികരണമാണ് ഗഡ്കരിയിലൂടെ പുറത്തു വരുന്നത്.
'വലിയ വാഗ്ദാനങ്ങൾ' നൽകിയാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്ന ഗഡ്കരിയുടെ വിമർശനം വാഗ്ദാനങ്ങൾ നിറവേറ്റപ്പെടാത്തതിൽ ബി.ജെ.പിയിലും സംഘ്പരിവാറിലുമുള്ള അസംതൃപ്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മോഡി ഭരണത്തിനും പാർട്ടിക്കും മേൽ അമിത് ഷാ പുലർത്തുന്ന സമഗ്രാധിപത്യത്തിനും എതിരെ നാളിതുവരെ അസംതൃപ്തർ നിശ്ശബ്ദത പാലിച്ചുപോന്നെങ്കിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിമതർക്ക് ശബ്ദം നൽകിയിരിക്കുന്നു. മോഡി - ഷാ കൂട്ടുകെട്ട് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന സുസ്ഥിരതയുടെയും വളർച്ചയുടെയും വാചാടോപങ്ങൾ മുഖവിലക്കെടുക്കാൻ ബി.ജെ.പി - സംഘ്പരിവാർ പാളയത്തിൽ എല്ലാവരും പഴയതു പോലെ തയാറല്ല. കള്ളപ്പണം നിയന്ത്രിക്കാനോ രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാനോ മോഡിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ പേരിൽ നടന്ന നോട്ടു നിരോധനം വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. സംഘ്പരിവാർ പിന്തുണയുടെ ഉത്തരേന്ത്യയിലെ നട്ടെല്ലായി കരുതപ്പെട്ടിരിക്കുന്ന ചെറുകിട ഇടത്തരം വാണിജ്യ വ്യവസായ താൽപര്യങ്ങളെയും കർഷക ഗ്രാമീണ സമ്പദ്ഘടനയെയുമാണ് അത് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. തൊഴിലില്ലായ്മ സർവകാല റെക്കോർഡ് തകർത്താണ് കുതിച്ചുയരുന്നത്. യുവജനങ്ങൾ സംഘ്പരിവാറിൽ നിന്നും അതിവേഗം അകലുകയാണ്. ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) മോഡി സർക്കാറിനെ ന്യായീകരിക്കാനോ ദേശീയ ട്രേഡ് യൂണിയൻ കൂട്ടായ്മയിൽ തുടരാനോ കഴിയാതെ ചെകുത്താനും കടലിനും നടുവിലെന്ന അവസ്ഥയിലാണ്. ദളിത്, ആദിവാസി ജനവിഭാഗങ്ങൾ സംഘ്പരിവാറിനെ കൈവിട്ടിരിക്കുന്നു. മാത്രമല്ല, ബി. ജെ.പി അധികാരത്തിൽ തുടരുന്നത് തങ്ങളുടെ അടിസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. 
നീതി ആയോഗ് മുതൽ ആർ. ബി.ഐ വരെ സ്ഥാപനങ്ങളുടെ തലപ്പത്ത് മോഡി പ്രതിഷ്ഠിച്ചിരുന്ന മേധാവികൾ ഒന്നൊന്നായി കളമൊഴിയുന്നു. ഗോരക്ഷ, രാമക്ഷേത്രം തുടങ്ങിയ വൈകാരിക വിഷയങ്ങൾ ഭരണഘടനയെയും നീതിന്യായ സംവിധാനത്തെയും മറികടന്ന് രാഷ്ട്രീയമായി ചൂഷണം ചെയ്യുകയെന്ന പദ്ധതികൾക്കും അതിന്റേതായ പരിമിതികളുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം ഗഡ്കരിയുടെ തുറന്ന വിമർശനങ്ങളെ നോക്കിക്കാണാൻ.

Latest News