Sorry, you need to enable JavaScript to visit this website.

പരിഷ്‌കരണത്തോട് തുറന്ന മനസ്; ശബരിമലയിൽ നിലപാട് മയപ്പെടുത്തി ആർ.എസ്.എസ്

ന്യൂദൽഹി- ശബരിമല സ്ത്രീ പ്രവേശനത്തിന് ശേഷം ഹൈന്ദവ സംഘടനകളുടെ ഹർത്താലിൽ കേരളം കത്തുമ്പോൾ വിഷയത്തിൽ നിലപാട് മയപ്പെടുത്തി  ആർ.എസ്.എസ്. പരിഷ്‌കരണ വിഷയത്തിൽ തുറന്ന മനസ്സാണുളളതെന്നും അത് ശരിയായ രീതിയിലൂടെ നടപ്പാക്കേണ്ടിയിരുന്നെന്നും ആർ.എസ്.എസ് സഹപ്രാന്ത കാര്യവാഹക് എം രാധാകൃഷ്ണൻ ന്യൂസ് എയ്റ്റിയോട് പറഞ്ഞു. 

'ശബരിമലയിലെ ആചാരങ്ങൾ ഭക്തരുടെ മനസ്സിൽ ആഴത്തിൽ വേരുപിടിച്ചതാണ്. ഞങ്ങൾ പരിഷ്‌കരണങ്ങൾക്ക് എതിരല്ല. പക്ഷെ, അത് നടപ്പാക്കേണ്ടവരിലൂടെ നടപ്പാക്കണം. പരിഷ്‌കരണം മതവുമായി ബന്ധപ്പെട്ട കാര്യമാണ്. അത് മതവികാരങ്ങളെ മുറിപ്പെടുത്താൻ പാടില്ല. അതാണ് ഹിന്ദു മതത്തിലെ പരിഷ്‌കരണങ്ങളുടെ സ്വഭാവം,' രാധാകൃഷ്ണൻ പറഞ്ഞു.
നേരത്തെ ദർശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിൻവാങ്ങേണ്ടി വന്ന കനകദുർഗയും ബിന്ദുവുമാണ് ദർശനം നടത്തിയത്. സുരക്ഷിതമായി മലകയറാൻ സാധിച്ചുവെന്നും ആരും പിന്തിരിപ്പിച്ചില്ലെന്നും ഇവർ പറഞ്ഞു.
പോലീസ് സംരക്ഷണത്തോടെ ഇന്നലെ പുലർച്ചെയാണ് യുവതികൾ വി.ഐ.പി ലോഞ്ച് വഴി സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ മാസം 24ന് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുർഗയും ശബരിമല ദർശനത്തിനെത്തിയെങ്കിലും കടുത്ത പ്രതിഷേധം കാരണം തിരിച്ചിറങ്ങേണ്ടി വന്നിരുന്നു.
 

Latest News