Sorry, you need to enable JavaScript to visit this website.

കടബാധ്യത: തൊടുപുഴയില്‍ യുവ കര്‍ഷകന്‍ ജീവനൊടുക്കി

തൊടുപുഴ- കടബാധ്യതയെ തുടര്‍ന്ന് മുരിക്കാശേരിയില്‍ യുവ കര്‍ഷകന്‍ ജീവനൊടുക്കി. മേരിഗിരിയില്‍ താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) ആണ് ബന്ധുവിന്റെ പുരയിടത്തില്‍ തൂങ്ങി മരിച്ചത്. ബാങ്ക് വായ്പ എടുത്ത് കൃഷി നടത്തിയിരുന്ന സന്തോഷ് ജപ്തി ഭീഷണി നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
പുലര്‍ച്ചെ അഞ്ചു മണിയോടെ പാവലിന് വെള്ളം ഒഴിക്കാനാണെന്നും പറഞ്ഞാണ് ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് എട്ടരയോടെ ബന്ധുവിന്റെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. സമീപത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച നിലയില്‍ ആദ്യം കണ്ടത്. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തിരുന്ന സ്ഥലത്തുമാണ് സന്തോഷ് കൃഷി ചെയ്തുവന്നിരുന്നത്. വര്‍ഷങ്ങളായി കൃഷിയിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന സന്തോഷിന്റെ കൃഷികള്‍ പ്രളയത്തെ തുടര്‍ന്ന് നശിച്ചിരുന്നു. പല ബാങ്കുകളില്‍ നിന്നായി സന്തോഷ് 10 ലക്ഷത്തോളം രൂപ ലോണെടുത്തിരുന്നു. പട്ടയമുള്ള സ്ഥലമല്ലാത്തിനാല്‍ കെഎസ്എഫ്ഇയില്‍ നിന്ന് സഹോദരിയുടെ സ്ഥലം ഈട് നല്‍കിയും ലോണെടുത്തു. മറ്റുള്ളവയുടെ പണം കുറച്ചൊക്കെ അടയ്ക്കാനായെങ്കിലും ഇതിന്റെ അടവ് മുടങ്ങുകയും നിരവധി തവണ നോട്ടീസ് വരികയും ചെയ്തു. പണം അടച്ചില്ലെങ്കില്‍ 15 ദിവസത്തിനകം ജപ്തി ഉണ്ടാകുമെന്ന് കാട്ടി മാനേജര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സന്തോഷിന്റെ അച്ഛന്‍ മരത്തിന്റെ ചവറ് വെട്ടുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഭാര്യ: ആശ. നാലു വയസുള്ള റോമിനോ ഏക മകനാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Latest News