Sorry, you need to enable JavaScript to visit this website.

അസ്ഹറുദ്ദീൻ ടി.ആർ.എസിലേക്ക്‌

ഹൈദരാബാദ് - കോൺഗ്രസിന് തിരിച്ചടി, അസ്ഹറുദ്ദീൻ ടി.ആർ.എസിലേക്ക്. ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ തെലങ്കാനയിലെ ടി.ആർ.എസ് പടയോട്ടത്തിന് മുന്നിൽ കോൺഗ്രസ് തകർന്നടിയുകയായിരുന്നു. 
തെരഞ്ഞെടുപ്പ് തോൽവിയുടെ ക്ഷീണം മാറുന്നതിന് മുമ്പാണ് മുൻ ക്രിക്കറ്റ് താരവും പാർട്ടി വർക്കിങ് പ്രസിഡന്റുമായ അസ്ഹറുദ്ദീൻ പാർട്ടി വിടുന്നുവെന്ന വാർത്ത പ്രചരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി പാർട്ടി പി.സി.സി വർക്കിങ് പ്രസിഡന്റായി നിയമിതനായ മുഹമ്മദ് അസ്ഹറുദ്ദീൻ ടി.ആർ.എസിലേക്കാണ് ചേക്കാറാൻ ഒരുങ്ങുന്നത്. പാർട്ടിയിൽ ചേരുന്ന അസ്ഹറിന് സെക്കന്തരാബാദ് ലോക്‌സഭാ സീറ്റാണ് ടി.ആർ.എസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അസ്ഹർ ടി.ആർ.എസിൽ ചേർന്നേക്കുമെന്നാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തത്. ഒരു പ്രവാസി മുഖേനയാണ് ടി.ആർ.എസിനും അസ്ഹറിനുമിടയിൽ ചർച്ച നടക്കുന്നതെന്നാണ് സൂചന. 2009 ലായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീൻ കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്തും പുതിയ ഇന്നിങ്‌സിന് തുടക്കം കുറിച്ചത്. ആ വർഷം ഉത്തർപ്രദേശിലെ മുറാദാബാദിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചു. 
2014 ൽ കോൺഗ്രസ് വീണ്ടും അദ്ദേഹത്തിന് സീറ്റ് നൽകിയെങ്കിലും മധോപൂർ മണ്ഡലത്തിൽ അസ്ഹർ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമല്ലാതിരുന്ന അസ്ഹർ തെലങ്കാന കോൺഗ്രസിൽ സജീവമാകാനുള്ള ആഗ്രഹം 2017 ൽ വ്യക്തമാക്കിയിരുന്നു. നമുക്ക് ഒരുമിച്ചു നിന്ന് പ്രവർത്തിക്കാമെങ്കിൽ തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നായിരുന്നു ഒരു പൊതുയോഗത്തിൽ സംസാരിക്കവെ അസ്ഹർ അഭിപ്രായപ്പെട്ടത്. ഇതിനോട് അനുഭാവപൂർണമായ പ്രതികരണമായിരുന്നു കോൺഗ്രസ് സംസ്ഥാന ഘടകം നടത്തിയത്. 
തെരഞ്ഞെടുപ്പ് മുൻനിർത്തി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകണമെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന നേതാക്കൾ അസ്ഹറിനെ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പാർട്ടി സീറ്റ് നൽകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സ്ഥാനാർഥികളുടെ അന്തിമ പട്ടികയിൽ അസ്ഹറിനെ ഉൾപ്പെടുത്താൻ കോൺഗ്രസ് തയാറായിരുന്നില്ല. ഇതേ തുടർന്ന് കോൺഗ്രസുമായി പിണങ്ങിയ അദ്ദേഹം പാർട്ടി വിടുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സീറ്റ് നിഷേധിച്ചുവെന്നാണ് അസ്ഹർ ഉയർത്തുന്ന പരാതി. ടി.ഡി.പിയുമായി സഖ്യമുണ്ടാക്കിയതും അസ്ഹറിനെ ചൊടിപ്പിച്ചിരുന്നു. ചന്ദ്രബാബു നായിഡുവിനെ മുഖ്യ ശത്രുവായിട്ടാണ് ഇത്രയും കാലം കോൺഗ്രസ് കണ്ടിരുന്നത്. അസ്ഹർ പാർട്ടി വിടുന്നുവെന്ന സൂചനകൾ ശക്തമായപ്പോഴാണ് അദ്ദേഹത്തെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം തയാറായത്. നിലിവിലുള്ള 3 വർക്കിങ് പ്രസിഡന്റുമാർക്ക് പുറമേയായിരുന്നു അസ്ഹറിനേയും നിയമിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റത് അസ്ഹറിനെ വീണ്ടും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. സെക്കന്തരാബാദ് ലോക്‌സഭാ സീറ്റ് വിട്ടുകിട്ടുകയാണെങ്കിൽ അസ്ഹർ ടി.ആർ.എസിൽ ചേരാനുള്ള സാധ്യത ശക്തമാണ്.

 

Latest News